Home LATEST NEWS malyalam പുതിയ വാർത്ത ജി എസ് വിയിൽ റെയിൽവേ മാനേജ്മെന്റ്

ജി എസ് വിയിൽ റെയിൽവേ മാനേജ്മെന്റ്

8
0

Source :- SIRAJLIVE NEWS

നിങ്ങൾ റെയിൽ ശൃംഖലയുടെ പ്രവർത്തനങ്ങൾ, ആസൂത്രണം, സാമ്പത്തിക മാനേജ്മെന്റ്, സുരക്ഷ, ജീവനക്കാരുടെ നിയന്ത്രണം എന്നിവ കൈകാര്യം ചെയ്യാൻ താത്പര്യപ്പെടുന്നവരാണോ? എങ്കിൽ റെയിൽവേ മാനേജ്മെന്റിൽ ഒരുകൈ നോക്കിയാലോ?

ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗതിശക്തി വിശ്വവിദ്യാലയ (ജി എസ് വി)യിൽ 2026-27 അക്കാദമിക് വർഷത്തെ വിവിധ റെയിൽവേ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രസർവകലാശാലയാണ് ജി എസ് വി. റെയിൽവേ മാനേജ്‌മെന്റിൽ പ്രൊഫഷനലുകളാകാൻ ആഗ്രഹിക്കുന്നവർക്കാണ് അവസരം. ടെക്‌നോളജി, മാനേജ്മെന്റ്സ്ട്രീമുകളിലായി ബിരുദ- ബിരുദാനന്തര പ്രോഗ്രാമുകൾ ലഭ്യമാണ്.

റെയിൽ എൻജിനീയറിംഗ്, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ്, ഏവിയേഷൻ, മാരിടൈം, ബ്രിഡ്ജ് ആൻഡ് ടണൽ എൻജിനീയറിംഗ്, റോഡ്സ് ആൻഡ് ഹൈവേ എൻജിനീയറിംഗ് തുടങ്ങി വിവിധ സ്‌പെഷ്യലൈസേഷനുകളിലാണ് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുള്ളത്.

ടെക്‌നോളജി മേഖല

ബി ടെക് പ്രോഗ്രാം: കാലാവധി നാല് വർഷം

  • ബി ടെക് സിവിൽ എൻജിനീയറിംഗ് (സ്‌പെഷ്യലൈസേഷൻ- റെയിൽ എൻജിനീയറിംഗ്), സീറ്റ്: 60.
  • ബി ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് (സ്‌പെഷ്യലൈസേഷൻ റെയിൽ എൻജിനീയറിംഗ്), സീറ്റ് 60.
  • ബി ടെക് മെക്കാനിക്കൽ എൻജിനീയറിംഗ് (സ്‌പെഷ്യലൈസേഷൻ: റെയിൽ എൻജിനീയറിംഗ്), സീറ്റ് 60.
  • ബി ടെക് ഇലക്ട്രിക്കൽ എൻജിനീയറിംഗ് (സ്‌പെഷ്യലൈസേഷൻ- റെയിൽ എൻജിനീയറിംഗ്), സീറ്റ് 60.
  • ബി ടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് (സ്‌പെഷ്യലൈസേഷൻ- ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ്), സീറ്റ് 60.
  • ബി ടെക് (ഏവിയേഷൻ എൻജിനീയറിംഗ്), സീറ്റ് 40.
  • ബി ടെക് (മാരിടൈം എൻജിനീയറിംഗ്), സീറ്റ് 30.

തിരഞ്ഞെടുപ്പ്

ജോസ (ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി)/സി എസ് എ ബി (സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ്) കൗൺസലിംഗ് വഴിയാണ് പ്രവേശനം. ജെ ഇ ഇ മെയിൻ 2026 സ്‌കോറുണ്ടായിരിക്കണം. ബി ടെക് പ്രവേശനത്തിന് ജി എസ് വി പ്രവേശനപ്പരീക്ഷ നടത്തുന്നില്ല.
ആദ്യ സെമസ്റ്ററിൽ 97,550 രൂപ ഫീസ് അടയ്ക്കണം. ഹോസ്റ്റലിൽ നിൽക്കുന്നവർക്ക് ഫീസിൽ വ്യത്യാസമുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും josaa.nic.in, csab.nic എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

എം ടെക് പ്രോഗ്രാമുകൾ (വർക്കിംഗ് പ്രൊഫഷനലുകൾ): കാലാവധി മൂന്ന് വർഷം

  • എം ടെക് (ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റം), സീറ്റ് 30
  • എം ടെക് (റെയിൽവേ എൻജിനീയറിംഗ്), സീറ്റ് 30
  • എം ടെക് (ബ്രിഡ്ജ് ആൻഡ് ടണൽ എൻജിനീയറിംഗ്), സീറ്റ് 30
  • എം ടെക് (റോഡ്‌സ് ആൻഡ് ഹൈ വേ എൻജിനീയറിംഗ്), സീറ്റ് 30

യോഗ്യത, തിരഞ്ഞെടുപ്പ്

60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ ബി ടെക്/ബി ഇ രണ്ട് വർഷത്തെ ഫുൾടൈം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ജി എസ് വി പ്രവേശനപ്പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിമുഖമുണ്ടാകും. രണ്ട് ഘട്ടത്തിനും 50 ശതമാനം മാർക്കുണ്ടായിരിക്കണം.

ആദ്യ സെമസ്റ്ററിൽ 58,500 രൂപ ഫീസടക്കണം. അപേക്ഷ: gsvadm.samarth.edu.in വഴി ഓൺലൈനായി അപേക്ഷിക്കണം.

മാനേജ്‌മെന്റ് മേഖല: കാലാവധി രണ്ട് വർഷം

  • എം ബി എ (റെഗുലർ)
  • എം ബി എ (ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്), സീറ്റ് 30, പ്രവേശന സ്കോർ:
  • സി യു ഇ ടി-പി ജി/എക്സാറ്റ്/ക്യാറ്റ്/മാറ്റ്
  • എം ബി എ (പോർട്സ് ആൻഡ് ഷിപ്പിംഗ് ലോജിസ്റ്റിക്‌സ്), സീറ്റ് 30. ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി
  • (ഐ എം യു) യുമായി സംയുക്തമായി നടത്തുന്ന പ്രോഗ്രാമാണിത്. പ്രവേശന സ്കോർ: ഐ എം യു-
  • സി ഇ ടി/സി യു ഇ ടി-പി ജി/എക്സാറ്റ്/ക്യാറ്റ്/മാറ്റ്.

യോഗ്യത, തിരഞ്ഞെടുപ്പ്

60 ശതമാനം മാർക്ക് /തത്തുല്യ ഗ്രേഡോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. (മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായുണ്ടായിരിക്കണം).

ഐ എം യു-സി ഇ ടി 2026/സി യു ഇ ടി പി ജി-2026/ക്യാറ്റ്-2025/എക്സാറ്റ് 2026/മാറ്റ്-2026 എന്നിവയിൽ ഏതെങ്കിലും സ്‌കോറുള്ളവരെ അഭിമുഖത്തിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യും. പ്രവേശനപ്പരീക്ഷാ സ്കോർ (50 ശതമാനം), അഭിമുഖം (20 ശതമാനം), പ്രവൃത്തിപരിചയം (10 ശതമാനം), അക്കാദമിക് മികവ് (പ്ലസ് ടു -10 ശതമാനം, പത്ത്-10 ശതമാനം) എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമലിസ്റ്റ് തയ്യാറാക്കുക.

ആദ്യ സെമസ്റ്ററിൽ 1,33,200 രൂപ ഫീസടക്കണം. ഹോസ്റ്റലിൽ നിൽക്കുന്നവർക്ക് ഫീസിൽ വ്യത്യാസമുണ്ട്. അപേക്ഷ: gsvadm.samarth.edu.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

  • എം ബി എ (പ്രൊഫഷനലുകൾ)
  • എം ബി എ (ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്), സീറ്റ് 30
  • എം ബി എ (മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ടേഷൻ), സീറ്റ് 30
  • എം ബി എ (മെട്രോ റെയിൽ മാനേജ്മെന്റ്), സീറ്റ് 30
  • എം ബി എ (ഏവിയേഷൻ ആൻഡ് ഓപറേഷൻസ് മാനേജ്‌മെന്റ്), സീറ്റ് 30
  • എം ബി എ (ഇൻഫ്രാസ്ട്രക്ചർ അസെറ്റ് മാനേജ്‌മെന്റ്), സീറ്റ് 30
  • എം ബി എ (ഡിജിറ്റൽ മാരിടൈം), സീറ്റ് 20

യോഗ്യത, തിരഞ്ഞെടുപ്പ്

60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായുണ്ടായിരിക്കണം). സംവരണവിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. രണ്ട് വർഷത്തെ ഫുൾടൈം പ്രവൃത്തിപരിചയം വേണം.

ജി എസ് വി പ്രവേശനപ്പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് മെറിറ്റ്‌ ലിസ്റ്റ് തയ്യാറാക്കുക. 50 ശതമാനം വീതമായിരിക്കും വെയ്റ്റേജ്.

ആദ്യ സെമസ്റ്ററിൽ 1,43,500 രൂപ ഫീസടക്കണം. അപേക്ഷ: gsvadm.samarth .edu.in വഴി ഓൺലൈനായി അപേക്ഷിക്കണം.

ഗവേഷണം

ടെക്‌നോളജി, മാനേജ്മെന്റ് സ്ട്രീമുകളിലായി ഗവേഷണത്തിനും അവസരമുണ്ട്. ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് പ്രധാന വിഷയമായി വരുന്ന റിസർച്ച് പ്രോഗ്രാമുകളാണുള്ളത്. റെഗുലറിന് പുറമേ വർക്കിംഗ് പ്രൊഫഷനലുകൾക്കും ഗവേഷണത്തിന് ചേരാം.

സർക്കാർ സ്ഥാപനങ്ങൾ/പി എസ് യു/ആർ ആൻഡ് ഡി ഓർഗനൈസേഷൻ/ലബോറട്ടറീസ്/ഡിഫൻസ് ഫോഴ്സസ് എൻ ജി ഒ/ ബേങ്കിംഗ് /ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻ എന്നിവിടങ്ങളിൽ ജോലിചെയ്യുന്ന പ്രൊഫഷനലുകൾക്കാണ് അവസരം. ജി എസ് വി പ്രവേശ നപ്പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. gsv.ac.in എന്ന വെബ്സൈറ്റ് വഴി വേണം അപേക്ഷിക്കാൻ.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദേശീയ പ്രാധാന്യമുള്ള നിരവധി സ്ഥാപനങ്ങളിൽ പ്ലേസ്‌മെന്റിനും ഇന്റേൺഷിപ്പിനും അവസരമുണ്ട്. റൈറ്റ്‌സ്, റെയിൽ വികാസ് നിഗം ലിമിറ്റഡ്, ഹിന്ദുസ്ഥാൻ യൂനിലിവർ ലിമിറ്റഡ്, കോൺകോർ, ജെ എസ് ഡബ്ല്യു സ്റ്റീൽ, ഫെഡ്എക്‌സ്, എൽ ആൻഡ് ടി ടെക്‌നോളജി സർവീസ്, ടാറ്റ പ്രൊജക്ട്സ്, റെയിൽ ടെൽ, ടാറ്റ കൺസൾട്ടിംഗ് എൻജിനിയേഴ്‌സ് ലിമിറ്റഡ്, ഫ്ലിപ്പ്കാർട്ട്, ആദിത്യ ബിർള, അദാനി പോർട്ട്‌സ് ആൻഡ് ലോജിസ്റ്റിക്‌സ്, മഹീന്ദ്ര ലോജിസ്റ്റിക്‌സ് എന്നിവ പ്ലേസ്മെന്റിനുള്ള പ്രധാന സ്ഥാപനങ്ങളാണ്.

അപേക്ഷ

വിശദവിവരങ്ങൾക്ക് gsv.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക. ബി ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ജോസ പോർട്ടൽ സന്ദർശിക്കുക. എം ടെക്, എം ബി എ, പിഎച്ച് ഡി പ്രവേശനത്തിന് gsvadm.samarth.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂൺ പത്ത്.