Source :- SIRAJLIVE NEWS
തിരുവനന്തപുരം | ഇന്നു വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യു ഡി എഫ് ഭരണമാണ് പ്രവചിക്കുന്നതെങ്കിലും ഭരണ വിരുദ്ധ വികാരമില്ലെന്ന വിലയിരുത്തല്‍ എല്‍ ഡി എഫിനും ആത്മവിശ്വാസം പകരുന്നു. നേരിയ മേല്‍ക്കയ്യാണ് എല്ലാ ഫലങ്ങളും യു ഡി എഫിനു നല്‍കുന്നത് എന്നതാണ് ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന എല്‍ ഡി എഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്.
പുറത്തുവന്ന ഒമ്പതു സര്‍വെ ഫലങ്ങളില്‍ ഒന്നു പോലും യു ഡി എഫിന് അനുകൂലമായ വലിയ തരംഗം പ്രവചിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്. യു ഡി എഫ് അനുകൂല തരംഗമുണ്ടെന്നും വിവിധ ജില്ലകളില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരുമെന്നും നൂറിനു മുകളില്‍ ഭൂരിപക്ഷം നേടുമെന്ന യു ഡി എഫ് നേതാക്കളുടെ അവകാശ വാദങ്ങളെ ഒരു എക്‌സിറ്റ് പോള്‍ സര്‍വേയും പിന്തുണയ്ക്കുന്നില്ല.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ 100 സീറ്റിന് മുകളില്‍ നേടി അധികാരത്തിലേറുമെന്നായിരുന്നു യു ഡി എഫ് നേതാക്കളുടെ അവകാശവാദം. മിക്ക സര്‍വെകളും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യു ഡി എഫിന് നേരിയ മേല്‍ക്കൈ മാത്രമാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടില്ല എന്ന വസ്തുത എക്‌സിറ്റ് പോളിലൂടെ വ്യക്തമായതോടെ കേരളത്തില്‍ എന്തും സംഭവിക്കാം എന്ന അവസ്ഥയാണുള്ളത്.
ഒമ്പതു സര്‍വെകളും എല്‍ ഡി എഫ് 60 സീറ്റിന് മുകളില്‍ നേടാമെന്ന സാധ്യത ചൂണ്ടിക്കാട്ടുന്നു. ടൈംസ് നൗ ജെ വി സി, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, വോട്ട് വൈബ്, ആക്‌സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിള്‍ ഇന്‍സൈറ്റ്, ജേര്‍ണോ മിറര്‍, മാട്രിസ് എന്നീ ഏജന്‍സികളുടെ സര്‍വേ ഫലങ്ങളാണ് പുറത്തുവിട്ടത്.
എല്‍ ഡി എഫ് 52-61 സീറ്റുകള്‍ വരെ നേടാമെന്നാണ് ടൈംസ് നൗ ജെ വി സിയുടെ പ്രവചനം. ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേ ഫലങ്ങളില്‍ എല്‍ ഡി എഫ് 49-62 സീറ്റുകള്‍ വരെ നേടിയേക്കാം. എല്‍ ഡി എഫ് 60-65 സീറ്റുകള്‍ വരെ നേടുമെന്നാണ് മാട്രിസിന്റെ പ്രവചനം. എല്‍ ഡി എഫിന് 58-68 സീറ്റുകളാണ് വോട്ട് വൈബിന്റെ സര്‍വേ ഫലം നല്‍കിയിട്ടുള്ളത്. എല്‍ ഡി എഫ് 55-65 സീറ്റുകളാണ് പീപ്പിള്‍സ് പള്‍സിന്റെ സര്‍വെ ഫലം. എല്‍ ഡി എഫ് 62-69 സീറ്റുകള്‍ നേടിയേക്കാമെന്നാണ് പി മാര്‍ക്കിന്റെ പ്രവചനം. എല്‍ ഡി എഫ് 58-64 വരെ സീറ്റുകള്‍ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പറയുന്നത്. എല്‍ ഡി എഫ് 58-68 സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍ ഇന്‍സൈറ്റിന്റെ പ്രവചനം. എല്‍ ഡി എഫ് 55-65 സീറ്റുകള്‍ നേടുമെന്നാണ് ജേര്‍ണോ മിററിന്റെ സര്‍വേ ഫലം.
എല്‍ ഡി എഫ് 52-61 സീറ്റുകള്‍, യു ഡി എഫ് 72-84 സീറ്റുകള്‍, എന്‍ ഡി എ 03-04 സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ ജെ വി സി പുറത്തുവിട്ട പ്രവചനം. ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേ ഫലങ്ങളില്‍ എല്‍ ഡി എഫ് 49-62 സീറ്റുകള്‍ (39%), യു ഡി എഫ് 72-80 സീറ്റുകള്‍ (44%), എന്‍ ഡി എ 00-03 സീറ്റുകളും (14%) നേടുമെന്നും പറയുന്നു. എന്നാല്‍ എല്‍ ഡി എഫ് 60-65 സീറ്റുകള്‍, യു ഡി എഫ് 70-75 സീറ്റുകള്‍, എന്‍ ഡി എ 03-05 സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് പറയുന്നത്. എല്‍ ഡി എഫ് 58-68 സീറ്റുകള്‍, യു ഡി എഫ് 70-80 സീറ്റുകള്‍, എന്‍ ഡി എ 00-04 സീറ്റുകള്‍ നേടുമെന്നാണ് വോട്ട് വൈബിന്റെ സര്‍വേ ഫലം വ്യക്തമാക്കുന്നത്. എല്‍ ഡി എഫ് 55-65 സീറ്റുകള്‍, യു ഡി എഫ് 75-85 സീറ്റുകള്‍, എന്‍ ഡി എ 00-03 സീറ്റുകള്‍ പീപ്പിള്‍സ് പള്‍സിന്റെ സര്‍വേ ഫലം. എല്‍ ഡി എഫ് 62-69 സീറ്റുകള്‍, യു ഡി എഫ് 71-79 സീറ്റുകള്‍, എന്‍ ഡി എ 1-04 സീറ്റുകള്‍ നേടുമെന്നാണ് പി മാര്‍ക്കിന്റെ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
എല്‍ ഡി എഫ് 58-64 സീറ്റുകള്‍, യു ഡി എഫ് 72-80 സീറ്റുകള്‍, എന്‍ ഡി എ 01-03 സീറ്റുകള്‍ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സര്‍വേ ഫലം. എല്‍ ഡി എഫ് 58-68 സീറ്റുകള്‍, യു ഡി എഫ് 66-76 സീറ്റുകള്‍, എന്‍ ഡി എ 10-14 സീറ്റുകള്‍ ലഭിക്കുമെന്ന് പീപ്പിള്‍ ഇന്‍സൈറ്റ് വ്യക്തമാക്കുന്നു. എല്‍ ഡി എഫ് 55-65 സീറ്റുകള്‍, യു ഡി എഫ് 65-80 സീറ്റുകള്‍, എന്‍ ഡി എ 00-05 സീറ്റുകള്‍ ലഭിക്കുമെന്ന് ജേര്‍ണോ മിററിന്റെ സര്‍വേ ഫലം.



