Source :- SIRAJLIVE NEWS
പത്തനംതിട്ട | ആനയടി-കൂടല്‍ റോഡിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. അടൂര്‍ തെങ്ങമം സൂരജ് ഭവനത്തില്‍ പരേതനായ സുരേഷ് കുമാറിന്റേയും രേഖയുടേയും മകന്‍ എസ് സൂരജ് (23) ആണ് മരിച്ചത്. സൂരജിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച തെങ്ങമം താഴത്തേതില്‍ പുത്തന്‍വീട്ടില്‍ അമല്‍ രാജ് (23)ന് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. ആനയടി-കൂടല്‍ റോഡില്‍ പയ്യനനല്ലൂര്‍ ഭാഗത്തു നിന്നും മേക്കുന്നുമുകള്‍ ജങ്ഷനിലേക്കുള്ള ഇറക്കത്തിലായിരുന്നു അപകടം. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി തിരികെ മേക്കുന്നുമുകള്‍ ഭാഗത്തേക്ക് പോയ കാല്‍നടയാത്രക്കാരാണ് ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് യുവാക്കള്‍ പരുക്കേറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൂരജ് മരിച്ചു.
വാഹനം എങ്ങനെയാണ് താഴ്ചയിലേക്ക് മറിഞ്ഞതെന്നും വാഹനം ഓടിച്ചത് ആരാണെന്നതിനെ സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



