Source :- SIRAJLIVE NEWS
ആര്യനാട് | അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ക്കെതിരെ മാനേജ്‌മെന്റ് സ്വീകരിച്ച നടപടിയില്‍ തൃപ്തിയുണ്ടെങ്കിലും മകന് പൂര്‍ണമായ നീതി ലഭിച്ചിട്ടില്ലെന്ന് നിതിന്‍ രാജിന്റെ പിതാവ് രാജന്‍. കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കിയത് കൊണ്ടു മാത്രം കാര്യമില്ലെന്നും ഇവര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീലേഖ നമ്പ്യാര്‍, ശ്രീലത, കമല്‍, വിനോദ് മോനി തുടങ്ങി നിതിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേവലം സ്ഥാപനത്തില്‍ നിന്നുള്ള പുറത്താക്കല്‍ കൊണ്ട് ഈ അധ്യാപകര്‍ ചെയ്ത ക്രൂരതകള്‍ ഇല്ലാതാകുന്നില്ല. ഇവരെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്യുകയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണം. മകനെ മാനസികമായി തകര്‍ത്ത് മരണത്തിലേക്ക് തള്ളിവിട്ടവര്‍ പുറത്ത് സ്വതന്ത്രമായി നടക്കുന്നത് അംഗീകരിക്കാനാവില്ല.
അന്വേഷണത്തില്‍ ഇനിയും കാലതാമസം വരുത്താതെ മുഴുവന്‍ പ്രതികളെയും നിയമത്തിന്റെ വലയിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മകന് നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും മാധ്യമങ്ങള്‍ക്കും ഒപ്പം നിന്നവര്‍ക്കും നന്ദിയുണ്ടെന്നും രാജന്‍ പറഞ്ഞു.



