Home LATEST NEWS malyalam പുതിയ വാർത്ത ഹജ്ജ് യാത്രയിൽ കൊള്ള; കേരള മുസ്‌ലിം ജമാഅത്ത് വിമാനത്താവള മാർച്ച് ഇന്ന്

ഹജ്ജ് യാത്രയിൽ കൊള്ള; കേരള മുസ്‌ലിം ജമാഅത്ത് വിമാനത്താവള മാർച്ച് ഇന്ന്

1
0

Source :- SIRAJLIVE NEWS

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള അമിത ഹജ്ജ് യാത്രാക്കൂലി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സുന്നി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ രാവിലെ പത്തിന് എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള പതിനായിരങ്ങള്‍ അണിനിരക്കും.

കരിപ്പൂരിനോട് കാലങ്ങളായുള്ള അവഗണനയുടെ തുടര്‍ച്ചയാണ് ഹജ്ജ് യാത്രാക്കൂലിയിലെ അമിതവും അന്യായവുമായ വര്‍ധനയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ഹാജിമാര്‍ യാത്രക്ക് തിരഞ്ഞെടുക്കുന്ന കരിപ്പൂരിനോടുള്ള അവഗണന അംഗീകരിക്കാനാകില്ലെന്ന താക്കീതാകും മാര്‍ച്ച്.

സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടല്‍ കേന്ദ്രങ്ങളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ നല്‍കുന്നതിന്റെ ഇരട്ടി തുകയാണ് കോഴിക്കോട്ട് നിന്നുള്ള യാത്രക്കാര്‍ നല്‍കേണ്ടിവരുന്നത്. 86,000, 89,000 എന്നിങ്ങനെയാണ് കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ തീര്‍ഥാടകരില്‍ നിന്ന് ഈടാക്കുന്നത്. കോഴിക്കോട്ട് നിന്ന് തീര്‍ഥാടകന്‍ നല്‍കേണ്ടിവരുന്നത് 1,65,000 രൂപയാണ്. മുന്‍വര്‍ഷത്തെ യാത്രാക്കൂലിയുമായി തട്ടിച്ചുനോക്കുമ്പോള്‍ വന്‍ വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. കേരളത്തിലെ ഹജ്ജ് തീര്‍ഥാടകരില്‍ 60 ശതമാനവും എംബാര്‍ക്കേഷന്‍ പോയിന്റായി തിരഞ്ഞെടുത്തത് കോഴിക്കോടാണ്. രണ്ട് ആവശ്യമാണ് കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ കേരള മുസ്ലിം ജമാഅത്ത് അവതരിപ്പിക്കുന്നത്. ഹജ്ജ് കാലത്തേക്ക് മാത്രമായെങ്കിലും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിലവിലുള്ള നിയന്ത്രണം നീക്കുകയെന്നതാണ് ഒന്നാമത്തേത്. വിദേശ വിമാന കമ്പനികളെ കൂടി ഉള്‍പ്പെടുത്തി റീടെന്‍ഡറിന് തയ്യാറാകുക എന്നതാണ് രണ്ടാമത്തേതെന്നും ഭാരവാഹികള്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, സെക്രട്ടറിമാരായ സി പി സൈതലവി, മുസ്തഫ കോഡൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.