Home LATEST NEWS malyalam പുതിയ വാർത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നാം സീറ്റിന് ആവശ്യമുന്നയിച്ച് മുസ്ലിംലീഗ്

ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നാം സീറ്റിന് ആവശ്യമുന്നയിച്ച് മുസ്ലിംലീഗ്

1
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ലോക്സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ ഉഭയ കക്ഷി ചര്‍ച്ച തുടരുന്നു. മുസ്ലിം ലീഗുമായുളള യു ഡി എഫ് നേതാക്കളുടെ ആദ്യഘട്ട ചര്‍ച്ചയാണ് ഇന്നലെ നടന്നത്. ചര്‍ച്ചയില്‍ മൂന്നാം ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് ദേശീയ അധ്യക്ഷന്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് പങ്കെടുത്തത്. ഈ മാസം അഞ്ചിന് ചര്‍ച്ച വീണ്ടും തുടരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി മൂന്നാം സീറ്റിനെക്കുറിച്ചുളള ചോദ്യത്തിന് എല്ലാം നിങ്ങള്‍ക്കറിയാമല്ലോ എന്നും മറുപടി നല്‍കി. നിലവിലുള്ള മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മൂന്നാം സീറ്റാണ് ലീഗിന്റെ ആവശ്യം. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം കണ്ണൂര്‍, വടകര മണ്ഡലങ്ങളിലെ താത്പര്യവും ലീഗ് യു ഡി എഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.

അതേസമയം, നിലവില്‍ സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ്. അധിക സീറ്റിന് അര്‍ഹത ഉണ്ടെങ്കിലും തത്കാലം നല്‍കാന്‍ കഴിയുന്ന രാഷ്ട്രീയ സ്ഥിതി അല്ലെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം ലീഗിനെ അറിയിച്ചത്. എന്നാല്‍ ലീഗ് കടുപ്പിച്ചാല്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ ഉണ്ടായേക്കും. മുന്നണിയിലെ പ്രധാന കക്ഷികളുമായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ദിവസങ്ങളിലായി കേരള കോണ്‍ഗ്രസ്സ് ജോസഫ്, ജേക്കബ്, ആര്‍ എസ് പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ജോസഫ് വിഭാഗം കോട്ടയം സീറ്റിലാണ് അവകാശവാദം ഉന്നയിച്ചത്.

അടുത്ത ദിവസം ജോസഫ് വിഭാഗവുമായി വീണ്ടും കോണ്‍ഗ്രസ്സ് നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിനായിരുന്നു സീറ്റ്. ജോസ് കെ മാണി വിഭാഗം എല്‍ ഡി എഫിലേക്ക് പോയതോടെയാണ് കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം ഇത്തവണ കോട്ടയം സീറ്റിനായി അവകാശവാദവുമായി രംഗത്തെത്തിയത്. കൊല്ലം സീറ്റ് ആര്‍ എസ് പിക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്. അടുത്തമാസം ആദ്യവാരത്തോടെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം സ്ഥാനാര്‍ഥികളെയും ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് യു ഡി എഫ് നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഒരാഴ്ചക്കകം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തുടര്‍ നടപടികളിലേക്ക് കടക്കും.