Home LATEST NEWS malyalam പുതിയ വാർത്ത മയക്കുമരുന്ന് വേട്ടയും കപ്പലിലെ കള്ളന്മാരും

മയക്കുമരുന്ന് വേട്ടയും കപ്പലിലെ കള്ളന്മാരും

1
0

Source :- SIRAJLIVE NEWS

ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഓപറേഷന്‍ ഡി-ഹണ്ട് തുടങ്ങി ലഹരി മാഫിയയെ പിടികൂടുന്നതിന് വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണ് പോലീസ്. എന്നിട്ടും ലഹരിക്കടത്തും വിപണനവും ലഹരി കേസുകളും വര്‍ധിച്ചു വരികയാണ് സംസ്ഥാനത്ത്. ഓപറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച നടന്ന പരിശോധനയില്‍ 281 കേസുകളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 285 പേര്‍ അറസ്റ്റിലായി. രാജ്യാന്തര വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നും പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ നിരീക്ഷണത്തിനൊടുവിലാണ് പോലീസ് റെയ്ഡ് നടത്തിയത്. നാല് മാസം മുമ്പ,് 2023 സെപ്തംബര്‍ 24ന് 1,300 കേന്ദ്രങ്ങളിലായി നടന്ന പരിശോധനയില്‍ 244 പേര്‍ പിടിയിലാകുകയും 246 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. 10.83 കിലോ കഞ്ചാവും 81.46 ഗ്രാം എം ഡി എം എയും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും പിടികൂടി. അന്നത്തേക്കാള്‍ കൂടുതലാണ് ഇത്തവണ കേസുകള്‍.

എന്തുകൊണ്ടാണ് സംസ്ഥാനത്ത് ലഹരി വിരുദ്ധ ഓപറേഷനുകള്‍ ഫലം കാണാതെ പോകുന്നതും ലഹരിക്കടത്തും വിപണനവും വര്‍ധിക്കുന്നതും? പിടിക്കപ്പെടുന്ന കേസുകളില്‍ തുടര്‍ നടപടികളുടെ കാലതാമസവും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുന്നതുമാണ് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പോലീസും കസ്റ്റംസും പിടിച്ചെടുക്കുന്ന ലഹരി മരുന്നുകളുടെ പരിശോധനക്ക് വല്ലാതെ കാലതാമസം നേരിടുന്നു മിക്കപ്പോഴും. സര്‍ക്കാര്‍ അംഗീകൃത കെമിക്കല്‍ ലാബുകളിലോ ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ വഴിയോ ആണ്, പിടിച്ചെടുത്ത വസ്തു മയക്കുമരുന്ന് തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നത്. എന്നാല്‍ പരിശോധനക്ക് മതിയായ ലാബുകളില്ല സംസ്ഥാനത്ത്. മലബാറില്‍ കോഴിക്കോട്ട് മാത്രമാണ് സര്‍ക്കാര്‍ അംഗീകൃത ലാബുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കള്‍ പരിശോധിക്കുന്നത് ഈ റീജ്യനല്‍ കെമിക്കല്‍ ലബോറട്ടറിയിലാണ്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് മറ്റു രണ്ട് സര്‍ക്കാര്‍ കെമിക്കള്‍ ലാബുകളുള്ളത്. ലഹരി വസ്തുക്കള്‍ വര്‍ധിച്ചിരിക്കെ പരിശോധനക്ക് ഈ മൂന്ന് ലാബുകള്‍ അപര്യാപ്തമാണ്.

ലഹരി മരുന്നിന്റെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളില്‍ ആവശ്യത്തിന് ലഭിക്കുന്നില്ല. ലഹരി കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ രക്തസാമ്പിള്‍, എത്ര അളവില്‍ ഉപയോഗിച്ചു, പിടിക്കപ്പെട്ട വസ്തു ഏത് എന്നിവ കണ്ടെത്താനാണ് ഈ കിറ്റുകള്‍ ഉപയോഗിക്കുന്നത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ലഹരി മരുന്ന് പിടികൂടാന്‍ അധികാരമുള്ള ഡി ആര്‍ ഐ, കസ്റ്റംസ്, എക്സൈസ്, പോലീസ് എന്നീ ഏജന്‍സികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചുവോ എന്നും ഏത് തരം മരുന്നാണ് ഉപയോഗിച്ചതെന്നും അറിയാന്‍ ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ വിനിയോഗിക്കണമെന്നാണ് 2019ല്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ലഹരി സംഘങ്ങളും പോലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും പിടിക്കപ്പെടുന്ന മയക്കുമരുന്ന് കേസുകള്‍ അട്ടിമറിക്കുന്നതുമാണ് ലഹരി കേസുകളുടെ വര്‍ധനക്ക് മറ്റൊരു കാരണം. 2021ല്‍ കൊച്ചിയില്‍ പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസ് അട്ടിമറിച്ച കേസില്‍ കൊച്ചിയിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ നിയമ നടപടികള്‍ക്ക് വിധേയമായിരുന്നു. മയക്കുമരുന്ന് മാഫിയയും പോലീസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവം. തിരുവനന്തപുരത്ത് മയക്കുമരുന്ന് പിടികൂടാനായി ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) എന്നൊരു പ്രത്യേക വിഭാഗം തന്നെ രൂപവത്കരിച്ചിരുന്നു അഞ്ച് വര്‍ഷം മുമ്പ്. ഏറെ താമസിയാതെ ‘ഡാന്‍സാഫി’നെ മരവിപ്പിക്കുകയും ചെയ്തു. ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് മരവിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പരിധിയിലും പേട്ട സ്റ്റേഷന്‍ പരിധിയിലും ‘ഡന്‍സാഫ്’ പിടിച്ച ചില ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്ന് കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയത്. ടാര്‍ഗറ്റ് തികക്കാനായി ‘ഡന്‍സാഫ്’ ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് ലോബിയുടെ സഹായത്തോടെ നഗരത്തിലേക്ക് മയക്കുമരുന്ന് കടത്തുകയും ഇത് വഴിയരികില്‍ എവിടെയെങ്കിലും കൊണ്ടിട്ട ശേഷം ലോക്കല്‍ പോലീസിനെ വിവരമറിയിച്ച് അവരെക്കൊണ്ട് കേസെടുപ്പിക്കുകയുമായിരുന്നു. തിരുവനന്തപുരത്തെ ഗുണ്ടാ ലിസ്റ്റില്‍ പെട്ട രണ്ട് പേരെ ഉപയോഗപ്പെടുത്തി തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് ‘ഡന്‍സാഫ്’ നഗരത്തിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ചത് പോലീസ് വാഹനത്തിലായിരുന്നുവത്രെ. ലഹരി കടത്തു സംഘങ്ങളെ പിടികൂടുന്നതിനു പകരം അവരെ കൂട്ടുപിടിച്ച് കള്ളക്കേസുണ്ടാക്കി പേരെടുക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. കേസ് സൃഷ്ടിക്കാന്‍ കൊണ്ടുവരുന്ന മയക്കുമരുന്നിന്റെ ബാക്കി ‘ഡന്‍സാഫ്’ ലഹരി മാഫിയക്ക് തന്നെ കൈമാറുന്നു. അവര്‍ അത് വിറ്റു കാശാക്കുകയും ചെയ്യും. പോലീസുമായുള്ള ഈ കൂട്ടുകെട്ട് സംസ്ഥാനത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു മയക്കുമരുന്ന് മാഫിയ.

പിടിക്കപ്പെടുന്ന മരുന്നുകളുടെ പരിശോധനക്ക് മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. കൂടുതല്‍ ലാബുകള്‍ സ്ഥാപിക്കുകയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വഴി വിതരണം ചെയ്യുന്ന ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇതിലെല്ലാമുപരി പോലീസിലെ കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ ഇന്റലിജന്‍സ് അന്വേഷണം കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കേണ്ടതുണ്ട്.