Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | രാജ്യത്ത് മണ്ഡല പുനര്‍നിര്‍ണയം കൊണ്ടുവരുന്നത് പാര്‍ലിമെന്ററി സംവിധാനത്തെയും ഫെഡറലിസത്തെയും തകര്‍ക്കുമെന്ന് എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസി. കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നവര്‍ക്ക് ദക്ഷിണേന്ത്യ ഭരിക്കാന്‍ അവസരമൊരുക്കുകയും നിയമ നിര്‍മാണ സഭകളില്‍ നിന്ന് മുസ്‌ലിം, ഒ ബി സി പ്രാതിനിധ്യം പൂര്‍ണമായി ഇല്ലാതാക്കുകയുമാണ് ഇങ്ങനെയൊന്ന് നടപ്പാക്കുന്നതിന്റെ പ്രധാന ലക്ഷ്യം. അല്ലാതെ, വനിതാ സംവരണമല്ലെന്നും ഉവൈസി പ്രതികരിച്ചു.
മണ്ഡല പുനര്‍നിര്‍ണയ നിരോധനം നീക്കുന്നതിലൂടെ, കൂടുതല്‍ ജനസംഖ്യയുള്ളവര്‍ക്ക് കൂടുതല്‍ സീറ്റുകളും അധികാരവും ലഭിക്കുകയും കുറഞ്ഞ ജനസംഖ്യയുള്ളവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇല്ലാതാവുകയും ചെയ്യും. ഹിന്ദി ഹൃദയഭൂമിയിലെ ലോക്സഭാ സീറ്റുകള്‍ 38.1 ല്‍ നിന്ന് 43.1 ശതമാനമായി വര്‍ധിക്കും. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 24 ല്‍ നിന്ന് 20 ശതമാനമായി കുറയുകയും ചെയ്യും.
പാര്‍ലിമെന്റ് നടപടിക്രമങ്ങളുടെ ലംഘനം കൂടിയാണ് പുതിയ വ്യവസ്ഥ വരുന്നതിലൂടെ സംഭവിക്കുകയെന്നും അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. സഭയില്‍ ഒരു ബില്‍ അവതരിപ്പിക്കുന്നതിന് മന്ത്രി ഏഴ് ദിവസം മുമ്പ് നോട്ടീസും രണ്ട് ദിവസം മുമ്പ് അംഗങ്ങള്‍ക്ക് ബില്ലിന്റെ പകര്‍പ്പുകളും നല്‍കണം. ഇത് 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123 ബി വകുപ്പിന്റെ വ്യക്തമായ ലംഘനമാണെന്നും ഉവൈസി ആരോപിച്ചു.



