Home LATEST NEWS malyalam പുതിയ വാർത്ത തിരഞ്ഞെടുപ്പ് വിളിപ്പാടകലെ; ഇടക്കാല ബജറ്റില്‍ വോട്ടു ലക്ഷ്യമിടുന്ന ഗിമ്മിക്കുകള്‍ പ്രതീക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് വിളിപ്പാടകലെ; ഇടക്കാല ബജറ്റില്‍ വോട്ടു ലക്ഷ്യമിടുന്ന ഗിമ്മിക്കുകള്‍ പ്രതീക്ഷിക്കുന്നു

1
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ലോകസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയര്‍ന്നിരിക്കെ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കും ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നു വിലയിരുത്തപ്പെടുന്നു. ജനപ്രിയ നിര്‍ദ്ദേശങ്ങളിലൂടെ വോട്ടു പെട്ടിയിലാക്കാനുള്ള ഗിമ്മിക്കുകള്‍ നിറഞ്ഞതായിരിക്കും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് എന്നാണു കരുതുന്നത്.

ഇടക്കാല ബജറ്റാണെങ്കിലും വലിയ പ്രഖ്യാപനങ്ങള്‍ കൊണ്ടുവന്നേക്കുമെന്നാണു വിലയിരുത്തല്‍. രാമക്ഷേത്ര ഉദ്ഘാടനത്തിലൂടെ ഹിന്ദി ബെല്‍ട്ടില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് ബി ജെ പി കരുതുന്നത്. ഈ മുന്നേറ്റത്തെ നേരെ ലോകസഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിക്കാന്‍ ഉതകുന്ന ഉത്തേജക മരുന്നുകള്‍ ബജറ്റില്‍ ഉള്‍ച്ചേര്‍ക്കാനുള്ള തന്ത്രങ്ങള്‍ ഉണ്ടായേക്കും.

പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിനു ചില തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും, ബി ജെ പിക്കു മുമ്പില്‍ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സഖ്യത്തിനു സാധിച്ചിട്ടുണ്ട്. ഹിന്ദി ബെല്‍ട്ടില്‍ നിന്നു പരമാവധി സീറ്റുകള്‍ കൈവശമുള്ള ബി ജെ പിക്ക് അതു സംരക്ഷിക്കുകയും പുതിയ സീറ്റുകള്‍ കണ്ടെത്തുകയും വേണം. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഒരു ബജറ്റ് എന്നനിലയില്‍ ഈ വെല്ലുവിളികള്‍ ധനമന്ത്രിക്ക് ഏറ്റെടുക്കേണ്ടി വരും.

2019ലെ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് വലിയ പ്രഖ്യാപനങ്ങള്‍ ആദായനികുതി റിബേറ്റും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുമായിരുന്നു. നോട്ട് അസാധുവാക്കലും ജി എസ് ടിയും മൂലം നിരാശരായ മധ്യവര്‍ഗത്തെ പ്രതിപക്ഷം ആകര്‍ഷിക്കുന്നതു തടയാനുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്. രാമക്ഷേത്രത്തിലൂടെ മത വികാരം ഊതിപ്പെരുപ്പിച്ചു വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍, ഈ ധ്രൂവീകരണ നീക്കത്തോടൊപ്പം ചില ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ ലോകസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങാനാണു ശ്രമിക്കുക.

ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവും ബീഹാറില്‍ നിതീഷ് കുമാറിന്റെ തിരിച്ചു വരവും തങ്ങള്‍ക്കു ഭരണത്തുടര്‍ച്ച നല്‍കുമെന്നു കരുതുന്ന ബി ജെ പി, സ്ത്രീകളേയും കര്‍ഷകരേയും ലക്ഷ്യമിടുന്ന ചില ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണു കരുതുന്നത്.