Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | രാഘവ് ചദ്ദ ഉള്‍പ്പെടെയുള്ള ഏഴ് എംപിമാര്‍ രാജിവെച്ച സംഭവത്തില്‍ എഎപിക്കെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. എഎപി ശരിയായ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കില്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകില്ലായിരുന്നുവെന്ന് അണ്ണാ ഹസാരെ പ്രതികരിച്ചു. ‘ഇത് എഎപി നേതൃത്വത്തിന്റെ തെറ്റാണ്. പാര്‍ട്ടി ശരിയായ വഴിയിലൂടെയാണ് പോയിരുന്നതെങ്കില്‍ ഇവര്‍ പാര്‍ട്ടി വിടുമായിരുന്നില്ല. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടതുകൊണ്ടാകാം അവര്‍ ഇത്തരമൊരു തീരുമാനമെടുത്തത്- ഹസാരെ പറഞ്ഞു.
ജനാധിപത്യത്തില്‍ ഓരോ വ്യക്തിക്കും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ടെങ്കിലും സ്വാര്‍ത്ഥ ആവശ്യങ്ങള്‍ക്കായി ഒരു പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയില്‍ ഇത്തരം കൂടുമാറ്റങ്ങളെക്കുറിച്ച് പറയുന്നില്ലെന്നും രാജ്യം ഭരണഘടനയ്ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ഹസാരെ വ്യക്തമാക്കി.
എഎപിയുടെ രാജ്യസഭാ എംപിമാരായ രാഘവ് ചദ്ദയും മറ്റ് ആറ് പേരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതാണ് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.



