Home LATEST NEWS malyalam പുതിയ വാർത്ത കളിപ്പാഠങ്ങൾ കരിയറാക്കാം

കളിപ്പാഠങ്ങൾ കരിയറാക്കാം

23
0

Source :- SIRAJLIVE NEWS

“പഠിക്കാൻ മടിയുള്ളവരോട് നീയിങ്ങനെ കളിച്ചു നടന്നോ’ എന്ന പഴയ ഡയലോഗൊന്നും ഇനി വേണ്ട. ഇന്ന് കളിക്കളം എന്നത് കേവലം വിനോദമല്ല, മറിച്ച് കോടികൾ മറിയുന്ന വലിയൊരു വ്യവസായവും ലോകമറിയുന്ന കരിയറുമാണ്. സ്പോർട്‌സിനോടുള്ള നിങ്ങളുടെ പാഷനെ പ്രൊഫഷനായി മാറ്റാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഫിസിക്കൽ എജ്യുക്കേഷൻ (Physical Education) എന്ന മേഖലയിലേക്ക് സ്വാഗതം!

യോഗ്യത

ഫിസിക്കൽ എജ്യുക്കേഷൻ മേഖലയിൽ പ്രൊഫഷനലാകാൻ വഴികളിങ്ങനെ.

ബി പി എഡ് (B.P.Ed -Bachelor of Physical Education): പ്ലസ് ടുവിന് ശേഷം (ഏതെങ്കിലും സ്ട്രീം) മൂന്ന് വർഷത്തെ ബിരുദം. യോഗ്യത: പ്ലസ് ടുവിനോ ഡിഗ്രിക്കോ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. കൂടാതെ സ്‌പോർട്‌സിൽ സ്‌കൂൾ/കോളജ് തലത്തിലുള്ള സർട്ടിഫിക്കറ്റുകൾ അധിക യോഗ്യതയാകും.

സി പി എഡ് / ഡി പി എഡ് (C P Ed / D.P.Ed- Certificate/Diploma in Physical Education): പ്ലസ് ടുവിന് ശേഷം ചെയ്യാവുന്ന ഹ്രസ്വകാല കോഴ്‌സുകളാണിവ.

എം പി എഡ് (M P Ed -Master of Physical Education): ബി പി എഡിന് ശേഷം ചെയ്യുന്ന ബിരുദാനന്തര ബിരുദം. കോളജ് പ്രൊഫസർ ആകാനും ഉയർന്ന ഗവേഷണങ്ങൾക്കും ഇത് നിർബന്ധമാണ്.

കേരളത്തിൽ എവിടെ പഠിക്കാം?

കേരളത്തിൽ മികച്ച നിലവാരമുള്ള ഒട്ടേറെ പഠനകേന്ദ്രങ്ങളുണ്ട്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കീഴിലുള്ള തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മിഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എൽ എൻ സി പി ഇ) ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. കേരളത്തിൽ തന്നെ ഇത് സ്ഥിതി ചെയ്യുന്നു എന്നത് നമ്മുടെ വിദ്യാർഥികൾക്ക് വലിയൊരു അവസരവുമാണ്. 1985ൽ പ്രവർത്തനം തുടങ്ങി. Website- https://lncpe.ac.in.
സർക്കാർ നേരിട്ട് നടത്തുന്ന കേരളത്തിലെ ഏക സ്പോർട്സ് സ്ഥാപനമാണ് ഗവ. കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, ഈസ്റ്റ് ഹിൽ (കോഴിക്കോട്): ബി പി എഡ് കോഴ്‌സുകൾക്കായി കേരളത്തിലെ പഴക്കമേറിയതും പ്രശസ്തവുമായ ഈ സർക്കാർ സ്ഥാപനം 1957ലാണ് പ്രവർത്തനമാരംഭിച്ചത്. കാലിക്കറ്റ്, കണ്ണൂർ, എം ജി യൂനിവേഴ്‌സിറ്റികളിലെ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ ഉൾപ്പെടെ വിവിധ കോളജുകളിലും ഇപ്പോൾ ഈ കോഴ്സ് പഠിക്കാം.

മറ്റ് പ്രമുഖ സ്ഥാപനങ്ങൾ

എൽ എൻ ഐ പി ഇ (Lakshmibai National Institute of Physical Education), ഗ്വാളിയോർ: ഫിസിക്കൽ എജ്യുക്കേഷൻ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഡീംഡ് സർവകലാശാലയാണിത്. ഇവിടത്തെ ഡിഗ്രിക്ക് ആഗോളതലത്തിൽ തന്നെ വലിയ മൂല്യമുണ്ട്. 1957ൽ പ്രവർത്തനമാരംഭിച്ച 153 ഏക്കർ വിസ്തൃതിയുള്ള ക്യാമ്പസിൽ ആദ്യകാലം മുതലേ റെസിഡൻഷ്യൽ സംവിധാനമാണുള്ളത്.

എൻ എസ് എൻ ഐ എസ് (Netaji Subash National Institute of Sports), പട്യാല: ഏഷ്യയിലെ ഏറ്റവും വലിയ കായിക ഇൻസ്റ്റിറ്റ്യൂട്ട്. പ്രധാനമായും കോച്ചിംഗ് കോഴ്‌സുകൾക്കാണ് (Diploma in Sports Coaching) ഈ സ്ഥാപനം പ്രസിദ്ധം.
ഇന്ത്യയിലെ ആദ്യ ദേശീയ കായിക വിദ്യാഭ്യാസ സ്ഥാപനമാണ് മണിപ്പൂരിലെ ഇംഫാലിലുള്ള നാഷനൽ സ്പോർട്സ് യൂനിവേഴ്സിറ്റി (എൻ എസ് യു). 2018ൽ ആരംഭിച്ച സർവകലാശാല ഇംഫാലിലെ ഖുമാൻ ലംപക് സ്പോർട്സ് കോംപ്ലക്സിലാണ് പ്രവർത്തിക്കുന്നത്. സ്‌പോർട്‌സ് കോച്ചിംഗ്, സ്‌പോർട്‌സ് സൈക്കോളജി, സ്‌പോർട്‌സ് മാനേജ്മെന്റ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ബിരുദ- ബിരുദാനന്തര കോഴ്‌സുകൾ ഇവിടെ ലഭ്യമാണ്.

തൊഴിൽ സാധ്യതകൾ

പലരും കരുതുന്നത് “പി ടി മാഷ്’ ആകാൻ മാത്രമാണ് ഈ കോഴ്‌സ് എന്നാണ്. എന്നാൽ സാധ്യതകൾ അതിലും വലുതാണ്:

സ്പോർട്‌സ് കോച്ചിംഗ്: ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങിയ വിവിധ ഇനങ്ങളിൽ സർക്കാർ-സ്വകാര്യ അക്കാദമികളിൽ സ്‌പെഷ്യലൈസ്ഡ് കോച്ച്.

ഫിറ്റ്നസ് ട്രെയിനർ: വമ്പൻ ജിമ്മുകൾ, റിസോർട്ടുകൾ, സെലിബ്രിറ്റികളുടെ പേഴ്‌സനൽ ട്രെയിനർ തുടങ്ങിയവ.

സ്പോർട്‌സ് മാനേജ്മെന്റ്: ഐ പി എൽ, ഐ എസ് എൽ പോലുള്ള ടൂർണമെന്റുകൾ സംഘടിപ്പിക്കുന്ന പ്രൊഫഷനൽ ടീമിലെ അംഗമാകാം.

യൂനിവേഴ്‌സിറ്റി ഡയറക്ടർ: കായിക വകുപ്പുകളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനാകാം.

ഡിഫൻസ് ആൻഡ് പോലീസ്: സൈന്യത്തിലും പോലീസിലും പെട്ടെന്ന് ജോലി ലഭിക്കാൻ ഈ ബിരുദം വഴി നേടുന്ന ശാരീരികക്ഷമത സഹായിക്കും.

പ്രവേശന രീതി

വെറുമൊരു എഴുത്തുപരീക്ഷ കൊണ്ട് മാത്രം ഇതിൽ അഡ്മിഷൻ കിട്ടില്ല.

മത്സരം കടുപ്പമാണോ?

തീർച്ചയായും. എൽ എൻ സി പി ഇ, എൽ എൻ ഐ പി ഇ പോലുള്ള ദേശീയ സ്ഥാപനങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികളാണ് അപേക്ഷിക്കുന്നത്.

ഓരോ സംസ്ഥാനത്തെയും മികച്ച കായികതാരങ്ങൾ ഒരേ സീറ്റിനായി മത്സരിക്കുന്നതിനാൽ ഫിസിക്കൽ ടെസ്റ്റുകളിൽ മികച്ച സ്‌കോർ നേടുക നിർണായകമാണ്.

അഡ്മിഷൻ ഉറപ്പാക്കാൻ അഞ്ച് ഗോൾഡൻ ടിപ്പുകൾ

ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (പി എഫ് ടി) പ്രധാനം: എഴുത്തുപരീക്ഷയേക്കാൾ കൂടുതൽ മാർക്ക് പലപ്പോഴും ഫിസിക്കൽ ടെസ്റ്റുകൾക്കായിരിക്കും. അതിനാൽ അപേക്ഷ നൽകുന്നതിന് മൂന്ന്- നാല് മാസം മുമ്പ് തന്നെ ചിട്ടയായ വ്യായാമം തുടങ്ങണം. 50 മീറ്റർ സ്പ്രിന്റ്, 1,000 മീറ്റർ ഓട്ടം, ലോംഗ് ജംപ്, ഷോട്ട്പുട്ട് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ പരിശീലനം നടത്തുക.

സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾക്ക് പൊന്നുംവില: ജില്ല/സംസ്ഥാന/ദേശീയ തലത്തിലുള്ള സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾക്ക് പ്രത്യേക “ഗ്രേസ് മാർക്ക്’ ലഭിക്കും.

ലിഖിത പരീക്ഷയെ നിസ്സാരമായി കാണരുത്: പൊതുവിജ്ഞാനം, സ്‌പോർട്‌സ് മേഖലയിലെ പുതിയ വാർത്തകൾ, ഹെൽത്ത് ആൻഡ് ഹൈജീൻ, ബേസിക് അനാട്ടമി (ശരീരശാസ്ത്രം) എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. പഴയ ചോദ്യപേപ്പറുകൾ നോക്കി പരിശീലിക്കുന്നത് ഗുണം ചെയ്യും. പ്രത്യേകിച്ചും സി യു ഇ ടി പോലുള്ള ദേശീയ പരീക്ഷകൾക്ക് നല്ല തയ്യാറെടുപ്പ് വേണം.

സ്‌കിൽ ടെസ്റ്റിൽ തിളങ്ങുക: നിങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു പ്രത്യേക കായിക ഇനത്തിൽ (ഉദാഹരണത്തിന് ഫുട്‌ബോൾ, അത്‌ലറ്റിക്‌സ്, വോളിബോൾ) നിങ്ങളുടെ പ്രാവീണ്യം തെളിയിക്കേണ്ടി വരും. ആ കായിക ഇനത്തിന്റെ നിയമങ്ങളും സാങ്കേതിക വശങ്ങളും നന്നായി പഠിച്ചുവെക്കുക.

മെഡിക്കൽ ഫിറ്റ്നസ് ഉറപ്പാക്കുക: ഫിസിക്കൽ എജ്യുക്കേഷൻ കോഴ്‌സുകൾക്ക് ചേരുന്നതിന് മുമ്പ് പൂർണമായ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.

ജീവിതം വെറുമൊരു മത്സരമല്ല, മറിച്ച് നിങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള ഒരു വേദിയാണ്. അവിടെ അധ്വാനവും ആവേശവും ഒത്തുചേരുമ്പോൾ കരിയർ ഒരു വിജയഗാഥയായി മാറും. ഗ്രൗണ്ടിലെ ചിട്ടയായ പരിശീലനം നിങ്ങളെ ഒരു കായികതാരമായി മാത്രമല്ല, അച്ചടക്കമുള്ള ഒരു വ്യക്തിയായും രൂപപ്പെടുത്തുകയും മികച്ചൊരു കരിയറിലേക്ക് എത്തിക്കുകയും ചെയ്യും.

                                                                      സായ്‌യിൽ കോച്ചിംഗ് പഠിക്കാം

പഞ്ചാബിലെ പട്യാലയിലുള്ള സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നേതാജി സുഭാഷ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ (എൻ എസ് എൻ ഐ എസ്) എം എസ്‌സി സ്പോർട്സിൽ കോച്ചിംഗ്, പി ജി ഡിപ്ലോമ, ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയും അഭിമുഖവും വഴിയാണ് പ്രവേശനം. വിശദവിവരങ്ങൾക്ക്: https://nsnis.org സന്ദർശിക്കുക.

സ്പോർട്സ് കോച്ചിംഗ് ഡിപ്ലോമ

വിവിധ കായിക ഇനങ്ങളിലായി ആകെ 785 സീറ്റുകളിലേക്കാണ് പ്രവേശനം. 30 ശതമാനം സീറ്റ് വനിതകൾക്കായി നീക്കിവെച്ചിട്ടുണ്ട്. http://dipsc.nsnis.in വെബ്സൈറ്റിലൂടെ ഇന്നും കൂടി അപേക്ഷിക്കാം. 1,500 രൂപയാണ് അപേക്ഷാഫീസ്. പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും കേന്ദ്രങ്ങളുണ്ട്. മേയ് 31നാണ് പരീക്ഷ.

ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഇതിനു പുറമേ രാജ്യാന്തര മത്സരങ്ങളിലോ ഖേലോ ഇന്ത്യ സർവകലാശാല / സീനിയർ നാഷനൽ / അന്തർ സർവകലാശാലാ ദേശീയ മത്സരങ്ങളിലോ പങ്കെടുത്തവരാകണം.
യൂത്ത് ഖേലോ ഇന്ത്യ /യൂത്ത് നാഷനൽ/റെയിൽവേസ് / പോലീസ്/സർവീസസ് ടൂർണമെന്റുകളിൽ രണ്ട് തവണ പങ്കെടുത്തവർക്കും അപേക്ഷിക്കാം. ഒളിന്പിക്സ്, ലോക ചാംപ്യൻഷിപ്, ഏഷ്യൻ ചാംപ്യൻഷിപ് തുടങ്ങിയവയിൽ പങ്കെടുത്തിട്ടുള്ളവർക്ക് നേരിട്ടു പ്രവേശനം ലഭിക്കും. ഇവർക്കു പന്ത്രണ്ടാം ക്ലാസ്സ് മതി.

പ്രായപരിധി 21–45. എഴുത്തുപരീക്ഷ, ഫിറ്റ്നസ് ടെസ്റ്റ്, സ്പോർട്സ് സ്കിൽ ടെസ്റ്റ്, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്കോർ പരിഗണിച്ചാണ് പ്രവേശനം. 63,800 രൂപയാണ് കോഴ്സ് ഫീസ്.

എം എസ്‌സി സ്പോർട്സ് കോച്ചിംഗ്

അത്‌ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹോക്കി, സ്വിമ്മിംഗ്, വോളിബോൾ, വെയ്റ്റ്‌ലിഫ്റ്റിംഗ്, റെസ്‌ലിംഗ് ഇനങ്ങളിലാണ് എം എസ്‌സി സ്പോർട്സ് കോച്ചിംഗ് പ്രോഗ്രാമുള്ളത്. ആകെ 40 സീറ്റുകളിലേക്കാണ്

പ്രവേശനം.

സ്പോർട്സ് കോച്ചിംഗ് ഡിപ്ലോമയും ഏതെങ്കിലും ബിരുദവും അല്ലെങ്കിൽ നാല് വർഷ ബി എസ്‌സി സ്പോർട്സ് കോച്ചിംഗ്, അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ പി ജി ഡിപ്ലോമ ഇൻ സ്പോർട്സ് കോച്ചിംഗ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45.

https://www.ssc26.nsnis.in എന്ന വെബ്സൈറ്റിലൂടെ ഈ മാസം 30 വരെ അപേക്ഷിക്കാം. 1,000 രൂപയാണ് അപേക്ഷാഫീസ്. 28ന് എഴുത്തുപരീക്ഷയും 29ന് അഭിമുഖവും നടത്തിയാകും തിരഞ്ഞെടുക്കുക. ജൂൺ 13ന് ഫലം പ്രസിദ്ധീകരിക്കും. കോഴ്സ് ഫീസ് 47,700 രൂപ.

പി ജി ഡിപ്ലോമ പ്രോഗ്രാമുകൾ

സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ്, സ്പോർട്സ് പെർഫോമൻസ് അനാലിസിസ്, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് ന്യൂട്രീഷൻ എന്നിവയിലാണ് പി ജി ഡിപ്ലോമ കോഴ്സുകൾ നടത്തുന്നത്. 160 സീറ്റുകളാണുള്ളത്.

ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദമുള്ളവർക്ക് സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ്, സ്പോർട്സ് പെർഫോമൻസ് അനാലിസിസ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. സൈക്കോളജി, ന്യൂട്രീഷൻ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഷയങ്ങളിലോ ഫിസിക്കൽ എജ്യുക്കേഷനിലോ ബിരുദം വേണം. 80 മാർക്കിന്റെ എഴുത്തുപരീക്ഷയുടെയും 20 മാർക്കിന്റെ അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാമ് തിരഞ്ഞെടുക്കുക. പട്യാലയിൽ വെച്ച് മേയ് 23നാണ് പരീക്ഷ.

https://www.ssc26.nsnis.in വെബ്സൈറ്റിലൂടെ 30 വരെ അപേക്ഷിക്കാം. ജൂൺ 13ന് ഫലം പ്രസിദ്ധീകരിക്കും. ജൂലൈയിൽ ക്ലാസ്സുകൾ തുടങ്ങും.