Source :- SIRAJLIVE NEWS
കൊച്ചി| നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിച്ചില്ലെന്ന ഹര്‍ജിയില്‍ മറുപടി നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സ്‌ട്രോംഗ്‌റൂമുകള്‍ സീല്‍ ചെയ്ത് കഴിഞ്ഞതിനാല്‍ ഇനി പോസ്റ്റല്‍ ബാലറ്റ് അനുവദിക്കാനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചത്.
സര്‍ക്കാര്‍ ജീവനക്കാരായ മുഹമ്മദ് സിനാന്‍, എം ജി അനില്‍കുമാര്‍ എന്നിവരാണ് അപേക്ഷ നല്‍കിയിട്ടും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടികാണിച്ച് ഹൈകോടതിയെ ഹര്‍ജി നല്‍കിയത്. മൂന്ന് ഹര്‍ജികളാണ് ഹൈകോടതിയില്‍ എത്തിയത്. ഹര്‍ജിക്കാരില്‍ രണ്ടുപേര്‍ കൃത്യമായി ഫോമുകള്‍ നല്‍കിയിട്ടില്ലെന്നും ഒരാള്‍ പോസ്റ്റല്‍ ബാലറ്റ് കൈപ്പറ്റാന്‍ എത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ അപേക്ഷ നല്‍കിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം. കുറ്റ്യാടി മേഖലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഹര്‍ജി നല്‍കിയ ഉദ്യോഗസ്ഥര്‍.
അര്‍ഹരായ പലര്‍ക്കും പോസ്റ്റല്‍ ബാലറ്റ് കിട്ടാത്തതില്‍ കോടതി നേരത്തെ ഇടപെട്ടിരുന്നു. എന്നാല്‍ അന്ന് വൈകിട്ട് 5 മണിക്ക് മുന്‍പ് തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭ്യമാക്കുമെന്നും വോട്ടവകാശം നിഷേധിക്കപ്പെടില്ലെന്നും ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ ആ ഉറപ്പ് ലംഘിക്കപ്പെട്ടു എന്നാണ് പരാതിക്കാരുടെ ആക്ഷേപം. എന്തുകൊണ്ട് തന്നെ പോസ്റ്റല്‍ ബാലറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ സമയത്ത് എത്തിക്കാന്‍ കഴിയാത്തതിന് മറുപടി നല്‍കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്.



