Source :- SIRAJLIVE NEWS
മദീന | 2026ലെ ഹജ്ജ് തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നതിനായി ഇറാനികള്‍ സഊദി അറേബ്യയില്‍ എത്തിത്തുടങ്ങി. പ്രവാചക നഗരിയായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തീര്‍ഥാടകര്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന മികച്ച പരിചരണത്തിനും സേവനങ്ങള്‍ക്കും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദി പ്രകടിപ്പിക്കുന്നതായി സഊദിയിലെ ഇറാന്‍ അംബാസഡര്‍ അലിറേസ എനായാതി പറഞ്ഞു. ഞങ്ങളുടെ തീര്‍ഥാടകരുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സഊദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് കൃതജ്ഞതയും കടപ്പാടും അറിയിക്കുന്നതായും ഇറാന്‍ അംബാസഡര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി 30,000 തീര്‍ത്ഥാടകരാണ് പുണ്യഭൂമിയിലെത്തുന്നത്. ഓരോ തീര്‍ഥാടകനും ഹജ്ജില്‍ പങ്കെടുക്കുന്നതിന് ആവശ്യമായ ഔദ്യോഗിക അംഗീകാരങ്ങള്‍ നേടിയിട്ടുണ്ടെന്ന് ഇറാന്റെ ഹജ്ജ് തീര്‍ഥാടന സംഘടനയിലെ ഹജ്ജ് ആന്‍ഡ് ഉംറ കാര്യങ്ങളുടെ ഡെപ്യൂട്ടി അക്ബര്‍ റെസായി അറിയിച്ചു.



