Source :- SIRAJLIVE NEWS
വാഷിംഗ്ടൺ | ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏപ്രിൽ 22 അർദ്ധരാത്രിയോടെ വെടിനിർത്തൽ കാലാവധി അവസാനിക്കുമെന്നും ഇത് നീട്ടിനൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. സി എൻ ബി സിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇറാനുമായി ചർച്ചകൾക്ക് തയ്യാറാണെങ്കിലും തങ്ങൾ ശക്തമായ നിലയിലാണെന്ന് ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ 47 വർഷമായി മറ്റ് പ്രസിഡന്റുമാർ ചെയ്യാത്ത കാര്യങ്ങളാണ് തന്റെ ഭരണകൂടം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ ഒരു മികച്ച രാജ്യമായി മാറാൻ ചർച്ചകൾക്ക് തയ്യാറാകണമെന്നും വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ചർച്ചകൾ പരാജയപ്പെടുകയോ കരാറിൽ ഒപ്പിടുകയോ ചെയ്തില്ലെങ്കിൽ ബോംബാക്രമണം നടത്താൻ അമേരിക്ക സജ്ജമാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇസ്ലാമാബായിൽ രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കായി ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാൻ ഒരുങ്ങുമ്പോൾ, പ്രസിഡന്റിന്റെ ഭവനത്തിനടുത്തുള്ള ഡി ചൗക്കിൽ പാകിസ്ഥാൻ സൈനികർ പട്രോളിംഗ് നടത്തുന്നു.
നിലവിൽ ഇറാനെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം വലിയ വിജയമാണെന്നും ഇത് ടെഹ്‌റാനുമേൽ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കാനിരുന്ന രണ്ടാംഘട്ട ചർച്ചകളെക്കുറിച്ച് അവ്യക്തത തുടരുകയാണ്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഉൾപ്പെടെയുള്ള ഉന്നതതല സംഘം ചർച്ചകൾക്കായി തിരിച്ചു എന്ന് ട്രംപ് അവകാശപ്പെട്ടെങ്കിലും അവർ പാക്കിസ്ഥാനിൽ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
പാക്കിസ്ഥാനിൽ നടന്ന ഒന്നാംഘട്ട ചർച്ചയിൽ നിന്ന്
ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ട്രംപ് ആരോപിച്ചു. എന്നാൽ അമേരിക്കയാണ് വെടിനിർത്തൽ ലംഘിച്ചതെന്ന് ഇറാൻ തിരിച്ചടിച്ചു. ഒമാൻ കടലിടുക്കിൽ ഇറാൻ കപ്പൽ യു എസ് ഡിസ്ട്രോയർ പിടിച്ചെടുത്തത് കടൽക്കൊള്ളയാണെന്ന് ഐ ആർ ജി സി വിശേഷിപ്പിച്ചു. ഭീഷണിയുടെ നിഴലിൽ ചർച്ചകൾക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. ഏപ്രിൽ 22 ന് വെടിനിർത്തൽ അവസാനിക്കുന്നതോടെ മേഖല വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം.
Summary
President Donald Trump has officially ruled out any extension of the ceasefire with Iran, which is set to expire at midnight on April 22, 2026. He emphasized that the United States is in a strong negotiating position and warned of potential military action if a deal is not reached. While there is confusion regarding the scheduled diplomatic talks in Islamabad, both nations continue to trade accusations of ceasefire violations following the seizure of an Iranian vessel by the US Navy.



