Home LATEST NEWS malyalam പുതിയ വാർത്ത യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും; 111 മരണം, 227 വീടുകള്‍ തകര്‍ന്നു

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും; 111 മരണം, 227 വീടുകള്‍ തകര്‍ന്നു

13
0

Source :- SIRAJLIVE NEWS

ലക്‌നൗ  | ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും അതിശക്തമായ കൊടുങ്കാറ്റിലും 111 പേര്‍ മരിച്ചു. കാറ്റിലും മഴയിലും ബുധനാഴ്ച ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കുറഞ്ഞത് 111 പേര്‍ മരിക്കുകയും 72 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ 26 ജില്ലകളെ ദുരന്തം ബാധിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദുരന്തത്തില്‍ 170 കന്നുകാലികള്‍ ചാവുകയും 227 വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.

പ്രയാഗ്രാജ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് . 21 പേര്‍. മിര്‍സാപൂര്‍ (19), ഭദോഹി (16), ഫത്തേപൂര്‍ (11), ബറേലി (2) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. മരങ്ങള്‍ കടപുഴകി വീണും, കെട്ടിടങ്ങളും മതിലുകളും തകര്‍ന്നുമാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിരിക്കുന്നത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കൃഷിനാശം, കന്നുകാലി മരണം എന്നിവയ്ക്കും വേഗത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു.

റിലീഫ് കമ്മീഷണറുടെ ഓഫീസ് സ്ഥിതിഗതികള്‍ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണ്. ഓരോ മൂന്ന് മണിക്കൂറിലും റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗംഗാ നദിയിലെ പോണ്ടൂണ്‍ പാലം തകര്‍ന്ന് നിരവധി പേര്‍ നദിയില്‍ വീണെങ്കിലും എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.മിര്‍സാപൂരില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് 20 ഓളം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.

പ്രതാപ്ഗഢില്‍ മതില്‍ ഇടിഞ്ഞുവീണും ഇടിമിന്നലേറ്റും നാല് പേര്‍ മരിച്ചു.

സംസ്ഥാനത്ത് വീശിയടിച്ച കൊടുങ്കാറ്റിന്റെ വേഗത ചിലയിടങ്ങളില്‍ മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളിലായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷത്തിലെ ചക്രവാതച്ചുഴിയും കാറ്റുകളുടെ സങ്കീര്‍ണ്ണമായ മാറ്റവുമാണ് ഇത്രയും ശക്തമായ കൊടുങ്കാറ്റിന് കാരണമായത്.