Source :- SIRAJLIVE NEWS
പാലക്കാട്| വി ഡി സതീശൻ മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ കോൺഗ്രസിനുള്ളിൽ അസംതൃപ്തി പുകയുന്നു. മന്ത്രിപ്പട്ടികയിൽ ഇടം നേടുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളും അണികളും ഒരുപോലെ പ്രതീക്ഷിച്ചിരുന്ന യുവനേതാവും കെപിസിസി വൈസ് പ്രസിഡന്റുമായ വി ടി ബൽറാമിനെ അവസാന നിമിഷം ഒഴിവാക്കി. മന്ത്രിസ്ഥാനത്തു നിന്ന് തഴയപ്പെട്ടതിന് തൊട്ടുപിന്നാലെ വി ടി ബൽറാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസ് നേതൃത്വത്തോടുള്ള കടുത്ത പ്രതിഷേധത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
‘തൃത്താലയുടെ എംഎൽഎ ♥️’ എന്ന് സ്വന്തം ചിത്രത്തിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ബൽറാം രംഗത്തെത്തിയത്. മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അമർഷവും പ്രതിഷേധവും അണികളെ സാക്ഷിനിർത്തി പരോക്ഷമായി പ്രകടിപ്പിക്കുകയാണ് ഈ പോസ്റ്റിലൂടെ അദ്ദേഹം ചെയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സതീശൻ മന്ത്രിസഭയിൽ യുവപ്രാതിനിധ്യമായി ബൽറാം എത്തുമെന്ന വാർത്തകൾ ശക്തമായി നിലനിൽക്കുന്നതിനിടെയാണ് നാടകീയമായി അദ്ദേഹം പട്ടികയിൽ നിന്നും പുറത്താകുന്നത്.
പുതുമുഖങ്ങൾക്കും യുവാക്കൾക്കും വലിയ പരിഗണന നൽകുമെന്ന് പ്രഖ്യാപിച്ചാണ് വി ഡി സതീശന്റെ നേതൃത്വത്തിൽ പുതിയ യുഡിഎഫ് മന്ത്രിസഭ അധികാരമേൽക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഗ്രൂപ്പ് സമവാക്യങ്ങളും മുതിർന്ന നേതാക്കളുടെ സമ്മർദ്ദങ്ങളും ശക്തമായതോടെ ബൽറാമിന് സ്ഥാനം നഷ്ടമാവുകയായിരുന്നു. ബൽറാമിനെ തഴഞ്ഞതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ പ്രതിഷേധങ്ങളാണ് അദ്ദേഹത്തിന്റെ അനുവാദികളും കോൺഗ്രസിലെ ഒരു വിഭാഗം യുവാക്കളും ഉയർത്തുന്നത്. വരും ദിവസങ്ങളിൽ ഇത് പാർട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചേക്കാം.
അതേസമയം പുതിയ മന്ത്രിസഭയുടെ അന്തിമ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് പട്ടിക കൈമാറിയിട്ടുണ്ട്. കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരും മുസ്ലിംലീഗിന് അഞ്ച് മന്ത്രിമാരുമാണ് ഉള്ളത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം നൽകിയപ്പോൾ നാല് പേർക്ക് ടേം വ്യവസ്ഥയിലാണ് മന്ത്രിസ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് മുന്നണി അധികാരമേൽക്കും മുൻപേ തന്നെ പുതിയ അതൃപ്തികളുടെ കനൽ പുകയുന്നതിന്റെ തെളിവായി മാറിയിരിക്കുകയാണ്.
Content Highlights:
Prominent Congress leader VT Balram, who was widely expected to secure a ministerial berth in the upcoming VD Satheesan-led UDF government, has reportedly been excluded from the final cabinet list. Following his omission, Balram uploaded a photograph on Facebook with the caption ‘Thrithala MLA’, which political circles interpret as a silent protest against the state leadership. The cryptic post has triggered widespread discussion online, reflecting underlying discontent within the party as the 21-member cabinet prepares for its swearing-in ceremony.



