Source :- SIRAJLIVE NEWS
നാഷനൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെ ഇ ഇ മെയിൻ രണ്ടാം സെഷൻ ഫലത്തിൽ മികച്ച നേട്ടമാണ് വിദ്യാർഥികൾ കൈവരിച്ചത്. രാജ്യത്താകമാനം പരീക്ഷയെഴുതിയ ആകെ 26 വിദ്യാർഥികൾ 100 ശതമാനം സ്‌കോർ കരസ്ഥമാക്കി. ഇതിൽ 24 പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും ഓരോരുത്തർ വീതം ഇ ഡബ്ല്യു എസ്, ഒ ബി സി വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. തെലങ്കാന(അഞ്ച്), ആന്ധ്രാപ്രദേശ് (അഞ്ച്), രാജസ്ഥാൻ (നാല്), ഡൽഹി (മൂന്ന്), മഹാരാഷ്ട്ര (രണ്ട്), ഹരിയാന (രണ്ട്), ബീഹാർ (ഒന്ന്), ഗുജറാത്ത് (ഒന്ന്), ഒഡീഷ (ഒന്ന്) തമിഴ്‌നാട് (ഒന്ന്) എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് 100 ശതമാനം മാർക്ക് നേടിയത്.
ആദ്യ സെഷനിൽ 12 പേർക്കായിരുന്നു 100 ശതമാനം സ്‌കോർ ലഭിച്ചിരുന്നത്. ഈ സ്‌കോറുകൾ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ ബി ഇ/ബി ടെക്, ബി ആർക്, ബി പ്ലാനിംഗ് കോഴ്‌സുകളിൽ പ്രവേശനം നേടാൻ സാധിക്കും. പരീക്ഷ എഴുതിയവരിൽ മികച്ച റാങ്ക് നേടിയ 2,50,182 പേർക്ക് ജെ ഇ ഇ അഡ്വാൻസ്ഡ് എഴുതാൻ അർഹത ലഭിച്ചു. ആദ്യ 2.5 ലക്ഷം റാങ്കിനുള്ളിൽ വരുന്നവർക്കാണ് ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസരം ലഭിക്കുന്നത്. ഐ ഐ ടികളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെ ഇ ഇ അഡ്വാൻസ്ഡ്. മേയ് 17നാണ് ഈ പരീക്ഷ നടക്കുക. അഡ്വാൻസ്ഡ് പരീക്ഷയിലേക്കുള്ള യോഗ്യതക്കൊപ്പം, ജോസ (ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി) കൗൺസിലിംഗിൽ പങ്കെടുക്കാനുള്ള മാനദണ്ഡവും മെയിൻ പരീക്ഷയിലെ സ്‌കോറാണ്.
എൻജിനീയറിംഗ് സ്ഥാപനങ്ങളിലേക്കുള്ള സീറ്റ് വിതരണം ഈ കൗൺസിലിംഗ് പ്രക്രിയയിലൂടെയാണ് നടക്കുക. ജോസ നടപടികൾ ഉടൻ ആരംഭിക്കും. ഇതിനായി വിദ്യാർഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടാതെ താത്പര്യമുള്ള കോളജുകളും കോഴ്‌സുകളും മുൻഗണനാക്രമത്തിൽ രേഖപ്പെടുത്തണം.
അഖിലേന്ത്യാ റാങ്ക് അടിസ്ഥാനമാക്കിയായിരിക്കും വിവിധ റൗണ്ടുകളിലായി സീറ്റുകൾ അനുവദിക്കുക. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രജിസ്റ്റർ ചെയ്ത ഇ മെയിൽ വിലാസത്തിൽ സ്‌കോർ കാർഡ് ലഭിക്കും. കൂടാതെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.



