Home LATEST NEWS malyalam പുതിയ വാർത്ത ചരിത്ര അപനിര്‍മിതിക്ക് ഇന്‍ഡോര്‍ കോടതിയുടെ പിന്തുണ

ചരിത്ര അപനിര്‍മിതിക്ക് ഇന്‍ഡോര്‍ കോടതിയുടെ പിന്തുണ

3
0

Source :- SIRAJLIVE NEWS

നീതിപീഠത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് മധ്യപ്രദേശിലെ കമാല്‍മൗലാ മസ്ജിദ് സംബന്ധിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിപ്രസ്താവം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മധ്യപ്രദേശ് ധറിലെ ഈ മസ്ജിദില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കോടതി. പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിതമായതും നൂറ്റാണ്ടുകളോളം മറ്റു അവകാശവാദങ്ങളൊന്നും ഉയരാതെ മുസ്ലിംകള്‍ ആരാധന നടത്തിവരുന്നതുമായ കമാല്‍മൗലാ മസ്ജിദ,് ക്ഷേത്രമാണെന്നാണ് ജസ്റ്റിസുമാരായ വിജയ് കുമാര്‍ ശുക്ല, അലോക് അവസ്ഥി എന്നിവരടങ്ങുന്ന ഹൈക്കോടതി ബഞ്ചിന്റെ തീര്‍പ്പ്.

ജനാധിപത്യ പ്രക്രിയയിലും മതേതര മൂല്യങ്ങളിലും വിശ്വസിക്കുന്ന ഏവരെയും ആഴത്തില്‍ ആശങ്കപ്പെടുത്തുന്നതാണ് മസ്ജിദിന്റെ ചരിത്രപരമായ വസ്തുതകളെ ഏകപക്ഷീയമായി നിരാകരിച്ച്, മുസ്ലിംകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന കോടതി നടപടി. കേവലം ഒരു പ്രാദേശിക തര്‍ക്കമെന്നതിലുപരി രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യത്തിനും മേല്‍ ഭരണഘടനാ സംവിധാനങ്ങളെ മുന്‍നിര്‍ത്തി വര്‍ഗീയ ഫാസിസ ശക്തികള്‍ നടത്തിവരുന്ന ആസൂത്രിത അധിനിവേശങ്ങളുടെ തുടര്‍ച്ചയായി വേണം ഈ വിധിപ്രസ്താവത്തെ കാണാന്‍.

കമാല്‍മൗലാ മസ്ജിദ് നിലവില്‍ വന്ന ശേഷം എട്ട് നൂറ്റാണ്ട് കാലം മുസ്ലിംകള്‍ ഇവിടെ നിരാക്ഷേപം ആരാധനകള്‍ നടത്തിവന്നതാണ്. മസ്ജിദ് സമുച്ഛയം, രാജാഭോജന്‍ നിര്‍മിച്ച സരസ്വതി ക്ഷേത്രമാണെന്ന അവകാശവുമായി ആര്യസമാജവും ഹിന്ദുമഹാസഭയും ആദ്യമായി രംഗത്തുവന്നു. എന്നാല്‍ ധര്‍ നാട്ടുരാജ്യത്തെ അന്നത്തെ ഭരണാധികാരി ഇത് ക്ഷേത്രമല്ല, പള്ളിയാണെന്ന് സ്ഥിരീകരിച്ച് ഉത്തരവിറക്കി. അതോടെ കെട്ടടങ്ങിയ തര്‍ക്കം ബാബരി മസ്ജിദ് തര്‍ക്കത്തോടെയാണ് പിന്നീട് ഉയര്‍ന്നുവന്നതും ഹൈന്ദവ സംഘടനകള്‍ ക്ഷേത്രമാണെന്ന അവകാശവാദവുമായി സജീവമായി രംഗത്തുവന്നതും. തുടര്‍ന്ന് പ്രശ്നത്തിനൊരു താത്കാലിക പരിഹാരമെന്ന നിലയില്‍ 2003ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ) മുസ്ലിംകള്‍ക്ക് വെള്ളിയാഴ്ചയും ഹിന്ദുക്കള്‍ക്ക് ചൊവ്വാഴ്ചയും ആരാധന നിര്‍വഹിക്കാനുള്ള അനുമതി നല്‍കി ഉത്തരവിറക്കി. മുസ്ലിംകള്‍ക്ക് വെള്ളിയാഴ്ചയുണ്ടായിരുന്ന ആരാധനാ സ്വാതന്ത്ര്യം കൂടി നിഷേധിച്ചിരിക്കുകയാണ് ഇപ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതി.

ഒരു തര്‍ക്കപരിഹാര പ്രക്രിയയില്‍ നീതിയുടെ പ്രാഥമിക തത്ത്വങ്ങള്‍ പാലിക്കപ്പെടണമെങ്കില്‍, അതിനായി നിയോഗിക്കപ്പെടുന്ന അന്വേഷണ സംവിധാനങ്ങളും അവര്‍ ആധാരമാക്കുന്ന തെളിവുകളും പൂര്‍ണമായും സുതാര്യവും സംശയങ്ങള്‍ക്ക് അതീതവുമാകണം. കമാല്‍മൗലാ മസ്ജിദ് കേസിന്റെ ഓരോ ഘട്ടത്തിലും സുതാര്യത കൈവെടിഞ്ഞ് ഏകപക്ഷീയമായ തീര്‍പ്പുകളാണ് അധികൃത കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്. മസ്ജിദ് കെട്ടിടത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതിന് സര്‍വേ നടത്താന്‍ എ എസ് ഐയോട് കോടതി നിര്‍ദേശിച്ചപ്പോള്‍, സര്‍വേ നടത്തുന്ന വിദഗ്ധ പുരാവസ്തു ഗവേഷകരില്‍, ആര്‍ക്കിയോളജിക്കല്‍ വകുപ്പിലെ മുസ്ലിം ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തണമെന്ന് മസ്ജിദ് വെല്‍ഫെയര്‍ കമ്മിറ്റിയും മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു. മുസ്ലിമേതര ഉദ്യോ ഗസ്ഥര്‍ മാത്രമടങ്ങുന്ന സംഘത്തിന്റെ വിലയിരുത്തല്‍ ഏകപക്ഷീയമാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

എ എസ് ഐ ഒരു കേന്ദ്ര സ്ഥാപനമാണ്. അതിലെ ജീവനക്കാരെ മതത്തിന്റെ അടിസ്ഥാനത്തിലല്ല നിയമിക്കേണ്ടതെന്നായിരുന്നു ഇതിനോടുള്ള അധികൃതരുടെ പ്രതികരണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വാദത്തിന് ഒട്ടും പ്രസക്തിയില്ലെന്ന് ബാബരി മസ്ജിദ് മുതല്‍ ഗ്യാന്‍വാപി മസ്ജിദ് വരെയുള്ള കേസുകളില്‍ പുറത്തുവന്ന എ എസ് ഐ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയുടെയും താത്പര്യങ്ങള്‍ക്കനുസരിച്ച് ചരിത്രത്തെയും ശാസ്ത്രത്തെയും വളച്ചൊടിക്കുകയായിരുന്നു ഇതപര്യന്തം എ എസ് ഐ. കമാല്‍മൗലാ മസ്ജിദ് പ്രശ്നത്തിലും ഇതുതന്നെ സംഭവിച്ചു. അമുസ്ലിം ഉദ്യോഗസ്ഥര്‍ മാത്രം അടങ്ങിയ സര്‍വേ സംഘം തയ്യാറാക്കിയ റിപോര്‍ട്ട് മുസ്ലിം പക്ഷത്തിന്റെ വാദങ്ങളെയും ആ കെട്ടിടത്തിന്റെ ഇസ്ലാമിക വസ്തുശില്‍പ്പാപരമായ സവിശേഷതകളെയും ബോധപൂര്‍വം വിസ്മരിക്കുകയോ ലഘൂകരിക്കുകയോ ചെയ്തു. തങ്ങളുടെ രാഷ്ട്രീയ അജന്‍ഡക്ക് അനുകൂലമായ വിധം പക്ഷപാതപരമായാണ് സര്‍വേ സംഘം മസ്ജിദിന്റെ അവശേഷിക്കുന്ന അടയാളങ്ങളെയും തൂണുകളിലെ ലിപികളെയും വ്യാഖ്യാനിച്ചത്. ഏകപക്ഷീയമായ ഈ റിപോര്‍ട്ടിനെ യാതൊരു പുനഃപരിശോധനക്കും വിധേയമാക്കാതെ വേദവാക്യമെന്ന മട്ടില്‍ സ്വീകരിക്കുകയും ചെയ്തു ഹൈക്കോടതി.

1991ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇന്‍ഡോര്‍ ഹൈക്കോടതി ഉത്തരവ്. 1947ല്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഏതൊരു ആരാധനാലയത്തിന്റെയും മതപരമായ സ്വഭാവം അതേപടി നിലനിര്‍ത്തണമെന്നും അതില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നുമാണ് പാര്‍ലിമെന്റ് പാസ്സാക്കിയ ആരാധനാലയ സംരക്ഷണ നിയമം അനുശാസിക്കുന്നത്. ചരിത്രപരമായ പൈതൃകങ്ങളെ ഏകപക്ഷീയമായി തിരുത്തിയെഴുതുകയും ഒരു വിഭാഗത്തിന്റെ മാത്രം അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന കോടതികളുടെയും എ എസ് ഐയുടെയും നിലപാട് ജനാധിപത്യ മര്യാദക്ക് ചേര്‍ന്നതല്ല.

രാജ്യത്തെ പരമോന്നത നീതിപീഠത്തിലാണ് ഇനി പ്രതീക്ഷ. കീഴ്ക്കോടതികളുടെയും എ എസ് ഐയുടെയും പക്ഷപാതപരമായ നിലപാടുകളെ കൃത്യമായി പരിശോധിക്കാനും ആരാധനാലയ സംരക്ഷണ നിയമത്തിന്റെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കാനും സുപ്രീം കോടതി സന്നദ്ധമാകേണ്ടതുണ്ട്. പ്രത്യുത, ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര- ജനാധിപത്യത്തിന്റെ പൂര്‍ണ തകര്‍ച്ചയായിരിക്കും ഫലം. നീതിയുടെ തുലാസ് കൃത്യമായ അളവില്‍ തന്നെയെന്ന് ഉറപ്പ് വരുത്തുന്നതില്‍ പരമോന്നത കോടതി പ്രതിബദ്ധത കാണിക്കുമെന്ന് പ്രതീക്ഷിക്കാം