Source :- EVARTHA NEWS
കാല്‍നൂറ്റാണ്ടിലധികമായി ബോളിവുഡിലെ സൂപ്പര്‍താരമായി വാഴുന്ന താരസുന്ദരിയാണ് കരീന കപൂര്‍ ഖാന്‍. എന്നും ഓര്‍ത്തിരിക്കാവുന്ന ഒട്ടേറെ വേഷങ്ങളാണ് താരം വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയത്. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവര്‍ക്കൊപ്പം കരീന അഭിനയിച്ചിട്ടുണ്ട്. നാല്‍പതുകളുടെ മധ്യത്തിലെത്തിയിട്ടും താരത്തിന്റെ സൗന്ദര്യത്തിനോ അഭിനയശേഷിക്കോ കോട്ടം തട്ടിയിട്ടില്ല. എന്നാല്‍, കരിയറിനിടെ ഒട്ടേറെ സിനിമകളോട് കരീന ‘നോ’ പറഞ്ഞിരുന്നു. അവയില്‍ പ്രധാനപ്പെട്ട 10 സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.
കല്‍ ഹോ നാ ഹോ
ബോളിവുഡ് ആരാധകര്‍ നെഞ്ചിലേറ്റുന്ന സിനിമകളിലൊന്നാണ് ഷാരൂഖ് ഖാനും പ്രീതി സിന്റയും മുഖ്യവേഷത്തിലെത്തിയ കല്‍ ഹോ നാ ഹോ. ചിത്രത്തില്‍ നായികയായി പ്രീതി സിന്റയെ നിശ്ചയിക്കുന്നതിനു മുമ്പ് കരീനയെയാണ് സമീപിച്ചിരുന്നത്. എന്നാല്‍, പ്രതിഫലം സംബന്ധിച്ച പ്രശ്‌നമോ ചിത്രത്തിന്‍റെ സംവിധായകന്‍ കരണ്‍ ജോഹര്‍ അല്ലെന്ന കാരണത്താലോ കരീന വേഷം നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദില്‍ ധഡക്‌നെ ദോ
അനില്‍ കപൂര്‍, പ്രിയങ്ക ചോപ്ര, രണ്‍വീര്‍ സിങ് തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രമാണ് ദില്‍ ധഡ്കനെ ദോ. സോയ അക്തറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ അഭിനയിക്കാന്‍ കരീന വിസമ്മതം അറിയിക്കുകയായിരുന്നു. പിന്നീട്, കരീന ഇതില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
ശുദ്ധി
കരണ്‍ മല്‍ഹോത്രയുടെ സംവിധാനത്തില്‍ കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മിക്കാനിരുന്ന ചിത്രമായിരുന്നു ശുദ്ധി. ചിത്രത്തില്‍ പ്രധാന വേഷത്തിലേക്ക് കരീനയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട്, പ്രോജക്ട് മാറ്റിവെച്ചു. താന്‍ ശുദ്ധിയുടെ ഭാഗമല്ലെന്നും ഇനി ഒരിക്കലും ഭാഗമാകില്ലെന്നുമായിരുന്നു കരീന പ്രതികരിച്ചത്.
ബ്ലാക്ക്
ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചനും റാണി മുഖര്‍ജിയും മുഖ്യവേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ബ്ലാക്ക്. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം സ്വന്തമാക്കിയ ചിത്രത്തിലേക്ക് റാണിക്ക് മുമ്പ് കരീനയെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍, കരീന സമ്മതം അറിയിക്കാത്തതിനെത്തുടര്‍ന്ന് റാണി മുഖര്‍ജിയിലേക്ക് എത്തുകയായിരുന്നു.
രാം ലീല
സജ്ഞയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ രണ്‍വീര്‍ സിങ്, ദീപിക പദുക്കോണ്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ രാം ലീലയാണ് കരീന നിരസിച്ച മറ്റൊരു പ്രധാന ചിത്രം. ചിത്രത്തിലെ വേഷം കരീനയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഇതേത്തുടര്‍ന്നാണ് അഭിനയിക്കാന്‍ വിസമ്മതിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. 2013ല്‍ ഏറ്റവുമധികം പണം വാരിയ ഹിന്ദി ചിത്രങ്ങളില്‍ ആറാംസ്ഥാനത്തുള്ള രാം ലീല 200 കോടി രൂപയിലധികമാണ് നേടിയത്.
കഹോ നാ പ്യാര്‍ ഹേ
ബോളിവുഡിലെ ഏക്കാലെത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കഹോ നാ പ്യാര്‍ ഹേ. ഹൃത്രിക് റോഷന്‍ നായകനായ ചിത്രത്തില്‍ ആദ്യം കരീനയായിരുന്നു നായിക. ഏതാനും ദിവസങ്ങള്‍ ഷൂട്ടിങ് നടത്തുകയും ചെയ്തു. എന്നാല്‍, ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ മറ്റൊരു സിനിമയില്‍ താല്‍പര്യം പ്രകടിപ്പിച്ച കരീന ഇതില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് അമീഷ പട്ടേല്‍ നായികയായെത്തി.
ചെന്നൈ എക്‌സ്പ്രസ്
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ തകര്‍ത്താടിയ ആക്ഷന്‍ കോമഡി ചിത്രമായ ചെന്നൈ എക്‌സ്പ്രസിലേക്ക് നായികയായി കരീനയെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍, ഡേറ്റ് പ്രശ്‌നം കാരണം കരീന ചിത്രം നിരസിച്ചു. 423 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍നിന്ന് വാരിയത്.
ക്വീന്‍
കങ്കണ റണൗട്ട് മുഖ്യവേഷത്തിലെത്തിയ കോമഡി-ഡ്രാമ ചിത്രമായ ക്വീന്‍ ആണ് കരീന മുഖംതിരിച്ച മറ്റൊരു സിനിമ. തനിക്ക് നല്ലതല്ലെന്നു തോന്നുന്ന സിനിമയില്‍ താന്‍ അഭിനയിക്കില്ലെന്നും അങ്ങനെ ചെയ്യുന്നതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും കരീന പ്രതികരിച്ചിരുന്നു. പകരം വീട്ടിലിരുന്ന് അടിച്ചുപൊളിക്കാനോ ബുക്ക് വായിക്കാനോ ആണ് തനിക്ക് ഇഷ്ടമെന്നും കരീന പറയുന്നു.
ഫാഷന്‍
കരീന കപൂറും പ്രിയങ്ക ചോപ്രയും ഒന്നിച്ചെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ഫാഷന്‍. ചിത്രത്തിനായി കരീനയെ സമീപിച്ചെങ്കിലും താരം നിരസിച്ചു. പിന്നീട്, കങ്കണ റണൗട്ട് ഈ വേഷത്തിലേക്കെത്തി.


