Home LATEST NEWS malyalam പുതിയ വാർത്ത ഇനി സ്മാർട്ടാകും നീറ്റ് പരീക്ഷാ പരിശീലനം

ഇനി സ്മാർട്ടാകും നീറ്റ് പരീക്ഷാ പരിശീലനം

13
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ മോക്ക് ടെസ്റ്റുകൾ നടത്തുന്നു. “കീ ടു എൻട്രൻസ്’ പോർട്ടലിൽ നീറ്റ് മോക്ക് ടെസ്റ്റുകൾ നാളെ മുതൽ തുടങ്ങും. പരീക്ഷാ തയ്യാറെടുപ്പ് കൂടുതൽ ഫലപ്രദമാക്കുന്നതിനായി, യഥാർഥ പരീക്ഷാ സാഹചര്യത്തിലാണ് മോക്ക് ടെസ്റ്റുകൾ ക്രമീകരിച്ചിട്ടുള്ളത്.
വിദ്യാർഥികൾക്ക് സ്‌കൂളിൽ നിന്നും ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് etnrance.kite.kerala.gov.in പോർട്ടലിലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം. ലോഗിൻ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ സ്‌കൂൾ പ്രിൻസിപ്പലിനെയോ നോഡൽ ടീച്ചറിനെയോ ബന്ധപ്പെടണം.

മോക്ക് ടെസ്റ്റുകൾക്ക് പുറമെ വിവിധ വിഷയങ്ങൾ പരിശീലിക്കുന്നതിന് ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ നിർമിതബുദ്ധി സഹായത്തോടെ നിരവധി പ്രാക്ടീസ് ചോദ്യങ്ങൾ, വ്യക്തിഗത പഠന പിന്തുണ, വിഷയാനുസൃത പഠന സാമഗ്രികൾ, അഡാപ്റ്റീവ് ലേണിംഗ് സൗകര്യങ്ങൾ, പ്രകടന വിശകലനം എന്നിവയും പോർട്ടലിന്റെ ഭാഗമായുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും എൻട്രൻസ് കോച്ചിംഗുകൾക്ക് പോകാൻ അവസരം ഇല്ലാത്തതുമായ കുട്ടികൾക്ക് എ ഐ അധിഷ്ഠിത പരിശീലനം സാധ്യമാക്കുന്ന കീ ടു എൻട്രൻസിന്റെ ഭാഗമായി അടുത്ത മാസം ഒന്ന് മുതൽ സി യു ഇ ടി ടെസ്റ്റുകളും ലഭ്യമാക്കുമെന്ന് കൈറ്റ് സി ഇ ഒ. കെ അൻവർ സാദത്ത് അറിയിച്ചു.