Source :- SIRAJLIVE NEWS
കോഴിക്കോട്| പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അനിശ്ചിതമായി നീളുന്നത് ആഗോളതലത്തിൽ സാമ്പത്തികവും മാനുഷികവുമായ വലിയ പ്രതിസന്ധികൾ സൃഷിക്കുന്നുണ്ടെന്നും യുദ്ധം അവസാനിക്കാൻ വിശ്വാസികൾ പ്രാർഥനയിൽ മുഴുകണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മേഖലയിലെ സമാധാന ചർച്ചകളും നയതന്ത്ര നീക്കങ്ങളും ഫലം കാണാതെ പോകുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. യുദ്ധം പശ്ചിമേഷ്യയെ മാത്രമല്ല ബാധിക്കുക. ലോകമൊന്നാകെ നേരിട്ട് അനുഭവിക്കുന്ന സന്ദർഭം കൂടിയാണ് ഇത്. നിത്യോപയോഗ സാധനങ്ങളുടെയും മരുന്നുകളുടെയും ക്ഷാമവും വിലക്കയറ്റവും വിവിധ രാജ്യങ്ങളിലുള്ള സാധാരണക്കാരെയുൾപ്പെടെ ബാധിച്ചു കഴിഞ്ഞു. ഇത് നീണ്ടുനിൽക്കുന്നത് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക.
സമാധാനം സാധ്യമാകാൻ ഇന്ന്(വ്യാഴം) മതപഠന കേന്ദ്രങ്ങൾ, മദ്‌റസകൾ എന്നിവിടങ്ങളിൽ ഒരു ജുസ്അ് ഖുർആൻ പാരായണം ചെയ്ത് പ്രാർഥന നടത്തണമെന്നും നാളെ(വെള്ളി) ജുമുഅയോടനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർഥന നിർവഹിക്കണമെന്നും ഗ്രാൻഡ് മുഫ്തി ആഹ്വാനം ചെയ്തു.
വിമാന മാർഗവും കപ്പൽ മാർഗവും വിശ്വാസികൾ ഹജ്ജ് തീർഥാടനത്തിനായി പുറപ്പെടുന്ന സന്ദർഭവുമാണ്. മേഖലയിൽ അശാന്തിയും അരക്ഷിതാവസ്ഥയും തുടരുന്നത് ലക്ഷക്കണക്കിന് വരുന്ന തീർഥാടകരുടെ യാത്രയെ ബാധിക്കുകയും ചെലവ് ഉൾപ്പെടെ വർധിക്കുകയും ചെയ്യും. ഹാജിമാരുടെ സുരക്ഷ ഉറപ്പാക്കാൻ മേഖലയിൽ സമാധാനം നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്നും, ഇതിൽ അന്താരാഷ്ട്ര സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.
മേഖലയിലെ യുദ്ധസാഹചര്യവും രക്തച്ചൊരിച്ചിലും ഒഴിവാക്കാൻ യുഎൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളും പൊതുസമ്മതിയുള്ള രാജ്യങ്ങളും അടിയന്തരമായി മധ്യസ്ഥ-നയതന്ത്ര ഇടപെടലുകൾ തുടരണം. നേതാക്കൾ രാഷ്ട്രീയ വിവേകത്തോടെ പ്രവർത്തിക്കണമെന്നും ഫലമില്ലാത്ത നീണ്ട ചർച്ചകൾക്ക് പകരം സമാധാനം സ്ഥാപിക്കാൻ പ്രായോഗികമായ നടപടികളാണ് ലോകത്തിന് ആവശ്യം. യുദ്ധങ്ങൾക്കായി രാഷ്ട്രങ്ങൾ ചെലവഴിക്കുന്ന ബില്യൺ കണക്കിന് വരുന്ന സമ്പത്തും അധ്വാനവും വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്നും ഗ്രാൻഡ് മുഫ്തി പറഞ്ഞു.
Summary
Indian Grand Mufti Kanthapuram AP Aboobacker Musliyar has called for special prayers in mosques and madrasas for peace in West Asia. He expressed concern over the global economic impact of the prolonged conflict and its threat to the safety of Hajj pilgrims. He urged international bodies like the UN to take immediate diplomatic actions to stop the violence and prioritize social welfare over military spending.



