Source :- SIRAJLIVE NEWS
തിരുവനന്തപുരം | പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചക്ക് 11.30 മുതല്‍ രാത്രി ഏഴ് വരെയാണ് നിയന്ത്രണം. പ്രധാനമന്ത്രിയുടെ യാത്ര ചെയ്യുന്ന പാതയിലെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിങിന് കര്‍ശന നിരോധനമുണ്ട്. ഇത് ലംഘിക്കുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
വിമാനത്താവളം, തമ്പാനൂര്‍, ചാക്ക, കിള്ളിപ്പാലം ഉള്‍പ്പെടെയുളള പ്രധാന റോഡുകളില്‍ ഗതാഗതം വഴിതിരിച്ചുവിടും. ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയും വൈകീട്ട് ആറ് മുതല്‍ ഏഴ് വരെയും ശംഖുമുഖം- എയര്‍പോര്‍ട്ട് റൂട്ടില്‍ വാഹനങ്ങള്‍ അനുവദിക്കില്ല. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ ചാക്ക-ഈഞ്ചക്കല്‍-വലിയതുറ വഴി യാത്ര ക്രമീകരിക്കണം. യാത്രക്കാര്‍ മുന്‍കൂട്ടി സമയം ക്രമീകരിക്കണമെന്ന് സിറ്റി പോലീസ് നിര്‍ദേശം നല്‍കി. വിവരങ്ങള്‍ക്കായി പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു: 0471 2558731, 9497930055
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെ-ബി ജെ പി സഖ്യത്തിന് വേണ്ടി കന്യാകുമാരിയിലെ നാഗര്‍കോവിലില്‍ പ്രചാരണത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകീട്ട് മൂന്നിന് വേപ്പുമൂട് കാമരാജ് പ്രതിമ ജങ്ഷന്‍ മുതല്‍ വടശ്ശേരി എം ജി ആര്‍ പ്രതിമ ജങ്ഷന്‍ വരെ മോദിയുടെ റോഡ് ഷോ നടക്കും. തുടര്‍ന്ന് എംജിആര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ശേഷം പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് മടങ്ങും.
ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് ഫലപ്രഖ്യാപനം.



