Home LATEST NEWS malyalam പുതിയ വാർത്ത കേരളം ആഗ്രഹിക്കുന്നത്

കേരളം ആഗ്രഹിക്കുന്നത്

4
0

Source :- SIRAJLIVE NEWS

കേരളത്തിന്റെ പതിമൂന്നാമത് മന്ത്രിസഭ വി ഡി സതീശന്റെ നേതൃത്വത്തില്‍ അധികാരമേറ്റു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത തരത്തില്‍ തുടര്‍ഭരണം കൊണ്ടുവന്ന ഇടതുപക്ഷ സര്‍ക്കാറിനെ പരാജയപ്പെടുത്തിയാണ് യു ഡി എഫ് അധികാരമേല്‍ക്കുന്നത്. വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നിസ്സംഗത പുലര്‍ത്താതെ ശക്തവും കൃത്യവുമായ നടപടി സ്വീകരിക്കുക എന്നത് തന്നെയാണ് പുതിയ സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംഘ്പരിവാര്‍ ബോധത്തോട് പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥ ഭരണസംവിധാനം തന്നെയാണ് സര്‍ക്കാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ആ ഉദ്യോഗസ്ഥ ഘടനയെയും ബോധത്തെയും ഒരേ സമയം പൊളിച്ചെഴുതുക എന്നത് തന്നെയാണ് ഈ സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിതമായ പ്രാഥമികമായ ഉത്തരവാദിത്വം.

ഏത് സര്‍ക്കാറിനെ സംബന്ധിച്ചും, അതിന്റെ പ്രവത്തന രീതിശാസ്ത്രത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് എന്ന് പറയുന്നത്, സാമൂഹിക നീതിയോടുള്ള സമീപനം തന്നെയാണ്. സര്‍ക്കാര്‍ രൂപവത്കരണത്തിലടക്കം, സാമൂഹിക നീതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പട്ടികജാതി ജനവിഭാഗത്തില്‍ നിന്ന് രണ്ട് മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് ശരിയായ രാഷ്ട്രീയ സൂചകമാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പട്ടികജാതി വിഭാഗത്തില്‍ നിന്ന് മന്ത്രി ഇല്ലാതിരുന്ന ഒരു കാലഘട്ടം ഉണ്ടയിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. പ്രതിനിധാനത്തിന്റെ കാര്യത്തിലും, പരിപൂര്‍ണമായ നിലക്കല്ലെങ്കിലും പാലിക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് കൂടാതെ മുസ്ലിം പ്രതിനിധാനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പൊതുബോധ നിര്‍മിതികളെ അതിജീവിക്കാനും ഈ മന്ത്രിസഭക്കായിട്ടുണ്ട്.

പ്രതീക്ഷാനിര്‍ഭരമായ നിരവധി സൂചകങ്ങള്‍ ഉള്ളപ്പോള്‍, സര്‍ക്കാറിന് മുന്നില്‍ അതിജീവിക്കേണ്ട നിരവധി വൈതരണികളും ഉണ്ട്. കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഭരണകൂടവും സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധികളും തന്നെയാണ് അതില്‍ പ്രധാനം. ഫെഡറലിസത്തിന്റെ അടിസ്ഥാന മൂല്യങ്ങളെപ്പോലും പരിഗണിക്കാത്ത ഒരു കേന്ദ്ര സര്‍ക്കാര്‍ നിലനില്‍ക്കുമ്പോള്‍, സംസ്ഥാനങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമാകുകയാണ്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിഹിതം പോലും നിഷേധിക്കപ്പെടുന്നു. അതുകൂടാതെയാണ് അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുന്നത്. അതിനെയൊക്കെ നേരിട്ട് വേണം, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രതീക്ഷകളുടെ ഭാരം നിറവേറ്റാന്‍. അതിന് കഴിയുന്ന ഭാവനാശക്തിയും ക്രിയാശേഷിയുമുള്ള കൂട്ടായ നേതൃത്വം തന്നെയാണ് ഭരണ മുന്നണിയെ നയിക്കുന്നത്.