Home LATEST NEWS malyalam പുതിയ വാർത്ത ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും 20,000ത്തോളം ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് നിഷേധിക്കപ്പെട്ടു: എഫ് എസ് ഇ ടി ഒ

ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും 20,000ത്തോളം ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് നിഷേധിക്കപ്പെട്ടു: എഫ് എസ് ഇ ടി ഒ

30
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടി ലഭിച്ച 20,000ത്തോളം ജീവനക്കാര്‍ക്ക് സമ്മതിദാനാവകാശം നിഷേധിക്കപ്പെട്ടതായി ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (എഫ് എസ് ഇ ടി ഒ). പുതിയ ക്രമീകരണത്തിന്റെ ഭാഗമായുണ്ടായ ആശങ്കകള്‍ ആദ്യഘട്ടത്തില്‍ തന്നെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്. സംഘടനകള്‍ ഫയല്‍ ചെയ്ത റിട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത ഹൈക്കോടതി ഏപ്രില്‍ എട്ടിന് രണ്ട് മണിക്കകം മുഴുവന്‍ പോസ്റ്റല്‍ വോട്ടും ചെയ്തുവെന്ന് ഉറപ്പുവരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതുമാണ്. എന്നാല്‍, ആവശ്യമായ സൗകര്യമൊരുക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് എഫ് എസ് ഇ ടി ഒ ആരോപിച്ചു.

പലയിടത്തും ബാലറ്റ് എത്തിയത് ഈമാസം നാലിനാണ്. രണ്ടുതവണയായി നടന്ന പരിശീലന കേന്ദ്രത്തില്‍ സൗകര്യമൊരുക്കുമെന്ന് അധികൃതര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതും പാലിക്കപ്പെട്ടില്ല. നാട്ടില്‍ നിന്ന് ഏറെ ദൂരത്താണ് പല ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചത്. കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വന്ന ജീവനക്കാര്‍ ബഹുഭൂരിപക്ഷത്തിനും ബാലറ്റ് ലഭ്യമല്ലാത്തതിനാല്‍ വോട്ടു ചെയ്യാനായില്ല. ഇത് ജീവനക്കാരെ മാനസികമായി തളര്‍ത്തിയെന്നും ഏപ്രില്‍ എട്ടിന് ഒരുക്കിയ ക്രമീകരണവും ഫലം കണ്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും സംഘടന പറഞ്ഞു.

പ്രതിഷേധത്തെ തുടര്‍ന്നാണ് വോട്ട് ചെയ്യാനുള്ള അവസരം പലര്‍ക്കും ലഭിച്ചത്. ഈ സാഹചര്യത്തിലാണ് സംഘടനകള്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തത്. കേസെടുത്ത ആദ്യദിവസം ഹൈക്കോടതി ഏപ്രില്‍ 8ന് രണ്ടിനകം മുഴുവന്‍ പോസ്റ്റല്‍ ബാലറ്റ് ചെയ്തുവെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, ഏപ്രില്‍ ഒമ്പതിന് ഉച്ചയായിട്ടും പോസ്റ്റല്‍ ബാലറ്റിന്റെ നിജസ്ഥിതി പുറത്ത് വിടാന്‍ അധികാരികള്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. ജീവനക്കാരെ സമ്മര്‍ദത്തിലാക്കി സമ്മതിദാനാവകാശം നിഷേധിക്കുന്ന നിലപാട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സ്വീകരിച്ചത് കേരള ചരിത്രത്തില്‍ ആദ്യമാണ്.

ബാലറ്റുകള്‍ ലഭ്യമാക്കി എല്ലാ മണ്ഡലങ്ങളിലും ഏപ്രില്‍ 10 മുതല്‍ ഒരാഴ്ചക്കാലമെങ്കിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഒരുക്കി ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാക്കണമെന്ന് എഫ് എസ് ഇ ടി ഒ ജനറല്‍ സെക്രട്ടറി എം വി ശശിധരനും പ്രസിഡന്റ് ടി കെ എ ഷാഫിയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു.