Source :- SIRAJLIVE NEWS
അബൂദബി| യു എ ഇയിൽ സോഷ്യൽ മീഡിയ പരസ്യങ്ങളിൽ ദേശീയ വസ്ത്രമോ സാംസ്‌കാരിക, നാഗരിക പൈതൃകവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് ഇമാറാത്തി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്താൻ എമിറേറ്റ്‌സ് മീഡിയ കൗൺസിൽ തീരുമാനിച്ചു. ദേശീയ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനും പരസ്യ ഉള്ളടക്കം രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളുമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി.
ഫെഡറൽ നാഷണൽ കൗൺസിൽ സെഷനിൽ ചർച്ച ചെയ്ത ഈ തീരുമാനം ഉടൻ നടപ്പാക്കുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഈ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന സോഷ്യൽ മീഡിയയിലെ ഉള്ളടക്ക സ്രഷ്ടാക്കളും പരസ്യദാതാക്കളും ഇത്തരം പരസ്യങ്ങൾക്ക് ഇമാറാത്തി പൗരന്റെ സഹായം തേടേണ്ടതുണ്ട്.
മീഡിയ ചാനലുകളിൽ ഇമാറാത്തി ഭാഷാശൈലി ഉപയോഗിക്കുന്നത് യു എ ഇ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന പുതിയ നയവും രൂപപ്പെടുത്തിയിട്ടുണ്ട്. നാഷണൽ മീഡിയ ഓഫീസ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുത്തി അൽ ഹമദ് ഇതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് പ്രസ്താവന നടത്തിയിട്ടുണ്ട്. ദേശീയ ഭാഷാശൈലിയും സാംസ്കാരിക ചിഹ്നങ്ങളും യു എ ഇയുടെ ഐഡന്റിറ്റിയുടെയും പൈതൃകത്തിന്റെയും പ്രധാന ഭാഗമാണ് എന്നും ഇവയുടെ തെറ്റായ ഉപയോഗം തടയാനാണ് ഈ നയം, പ്രത്യേകിച്ച് പരസ്യങ്ങളിൽ ഇത് കർശനമായി നടപ്പിലാക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.