Home LATEST NEWS malyalam പുതിയ വാർത്ത സാംസ്‌കാരിക അട്ടിമറിയുടെ അദൃശ്യരൂപങ്ങള്‍

സാംസ്‌കാരിക അട്ടിമറിയുടെ അദൃശ്യരൂപങ്ങള്‍

7
0

Source :- SIRAJLIVE NEWS

ആധുനികതയുടെയും പുരോഗമനത്തിന്റെയും തിളക്കമാര്‍ന്ന വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞ് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെട്ട ഏറ്റവും വലിയ മിഥ്യയാണ് ആധുനിക ഫെമിനിസം. ഇത് മനുഷ്യ പ്രകൃതിയുടെ അടിസ്ഥാന സത്യങ്ങളെയും കുടുംബമെന്ന പവിത്രമായ ഘടനയെയും പൗരസ്ത്യ ലോകത്തിന്റെ ആത്മീയതയെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സാംസ്‌കാരിക അധിനിവേശമാണ്. പടിഞ്ഞാറന്‍ ലോകം നിര്‍മിച്ച് ലോകമെമ്പാടും കയറ്റുമതി ചെയ്ത ഈ സൈദ്ധാന്തിക വിഷം ഇന്ന് ആഗോളതലത്തില്‍ തന്നെ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

ഫെമിനിസത്തെ ലോകത്തിന് പരിചയപ്പെടുത്തിയ പടിഞ്ഞാറന്‍ ചിന്താലോകത്ത് തന്നെ ഇന്ന് ഈ പ്രസ്ഥാനത്തിനെതിരെ ശക്തമായ വിമര്‍ശങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഫെമിനിസം സ്ത്രീകളെ സ്വതന്ത്രരാക്കി എന്ന വാദം തെറ്റാണെന്നും അത് അവരെ കൂടുതല്‍ ദുരന്തങ്ങളിലേക്ക് തള്ളിവിടുകയാണുണ്ടായതെന്നും പ്രമുഖരായ പാശ്ചാത്യ ചിന്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഡോ. കാരി ഗ്രെസ് ഈ വിഷയത്തില്‍ മുന്നോട്ടു വെക്കുന്ന നിരീക്ഷണങ്ങള്‍ അതീവ ഗൗരവതരമാണ്. സ്ത്രീത്വത്തിന്റെ നൈസര്‍ഗികമായ കനിവ്, മാതൃത്വം, വിനയം എന്നിവയെ തകര്‍ത്ത് പകരം പുരുഷന്മാരുടെ മോശം ഗുണങ്ങളെ അനുകരിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന ഒരു തരം ആത്മീയ ഭീഷണിയാണിത്. ഇത് ഒരു കേവല രാഷ്ട്രീയ പ്രസ്ഥാനമല്ല, മറിച്ച് മനുഷ്യന്റെ ആത്മീയ ചൈതന്യത്തെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള അട്ടിമറിയാണെന്ന് ഗ്രെസ് തന്റെ ഗ്രന്ഥങ്ങളിലൂടെ സമര്‍ഥിക്കുന്നു. ബ്രിട്ടീഷ് എഴുത്തുകാരിയായ മേരി ഹാരിംഗ്ടണ്‍, ‘ലിബറല്‍ ഫെമിനിസം’ സ്ത്രീകളെ വെറും കമ്പോള ഉത്പന്നങ്ങളാക്കി മാറ്റി എന്നാണ് നിരീക്ഷിക്കുന്നത്. ജര്‍മന്‍ ചിന്തകയായ ബിര്‍ഗിറ്റ്കെല്ലെ തന്റെ രചനകളില്‍ ഫെമിനിസം സ്ത്രീകളെ അവരുടെ മാതൃത്വത്തില്‍ നിന്ന് അകറ്റുന്നതിനെ ശക്തമായി എതിര്‍ക്കുന്നു. ‘കുടുംബം’ എന്ന അടിസ്ഥാന ഘടകത്തെ തകര്‍ക്കുന്നതിലൂടെ ഒരു ജനതയുടെ ഭാവി തന്നെ അപകടത്തിലാകുകയാണെന്ന് കെല്ലെ ഓര്‍മിപ്പിക്കുന്നു. പാശ്ചാത്യ ലോകം തന്നെ ഈ വിനാശകരമായ ആശയത്തെ തള്ളിക്കളയാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ അക്കാദമികമായ തെളിവുകളാണ് മുകളില്‍ ഉദ്ധരിച്ചത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെടുകയും അനന്തരം ഉപേക്ഷിക്കുകയും ചെയ്യുന്ന ആശയങ്ങളെ പൗരസ്ത്യ ലോകം ഇരുകൈകളും നീട്ടി സ്വീകരിക്കുന്നത് ഖേദകരമാണ്. ഒരു കാലത്ത് കൊളോണിയലിസം ഭൗതികവും ഗോചരവുമായ അധിനിവേശമായിരുന്നുവെങ്കില്‍, ഇന്ന് അത് സാംസ്‌കാരികവും മാനസികവുമായ അധിനിവേശമായി മാറിയിരിക്കുന്നു. പാശ്ചാത്യ ജീവിതശൈലിയാണ് പുരോഗതിയെന്ന തെറ്റായ ധാരണയാണ് പൗരസ്ത്യ രാജ്യങ്ങളെ ഫെമിനിസത്തിന്റെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്.

തങ്ങളുടെ തനതായ കുടുംബ മൂല്യങ്ങളെയും ആത്മീയ വിശ്വാസങ്ങളെയും ബലി കൊടുത്ത് പടിഞ്ഞാറന്‍ നാടുകളിലെ ‘ലിബറല്‍ ഇന്‍ഡിവിജ്വലിസം’ അനുകരിക്കാന്‍ പൗരസ്ത്യ രാജ്യങ്ങള്‍ മത്സരിക്കുന്നു. മതം, ധര്‍മം, കുടുംബം എന്നീ തൂണുകളില്‍ അധിഷ്ഠിതമായ കിഴക്കിന്റെ സംസ്‌കാരത്തെ അസ്ഥിരപ്പെടുത്താന്‍ സാമ്രാജ്യത്വ ശക്തികള്‍ ഉപയോഗിക്കുന്ന ആയുധമാണ് ഫെമിനിസം. സ്ത്രീശാക്തീകരണമെന്നാല്‍ സ്വന്തം വീടിനെ അവഗണിക്കുക എന്നതാണെന്ന വികലമായ ചിന്താധാര പൗരസ്ത്യ രാജ്യങ്ങളിലെ മധ്യവര്‍ഗത്തെ ഗ്രസിച്ചിട്ടുണ്ടെന്ന സത്യത്തെ കാണാതിരുന്നു കൂടാ.

‘ലിബറേഷന്‍’, ‘ഇക്വാലിറ്റി’ എന്നീ മനോഹരമായ പദങ്ങള്‍ ഉപയോഗിച്ച് അവര്‍ നമ്മുടെ സാംസ്‌കാരിക പ്രതിരോധങ്ങളെ തകര്‍ക്കുകയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. യു എന്‍, ലോക ബേങ്ക് തുടങ്ങിയ ആഗോള ഏജന്‍സികള്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായങ്ങളില്‍ ‘ലിംഗസമത്വം’എന്ന പാശ്ചാത്യ നിബന്ധന ഉള്‍പ്പെടുത്തുന്നത് ഇതിന്റെ ഭാഗമായാണ്. കിഴക്കന്‍ ലോകത്തെ സര്‍വകലാശാലകളും മാധ്യമങ്ങളും ഇന്ന് ഈ പാശ്ചാത്യ അജന്‍ഡയുടെ പ്രചാരകരായി മാറിയിരിക്കുന്നു.

സ്ത്രീകളും പുരുഷന്മാരും തുല്യരാണെങ്കിലും അവര്‍ സമസ്വരൂപികളല്ല. പ്രകൃതി അവര്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകളാകട്ടെ വ്യത്യസ്തവുമാണ്. എന്നാല്‍, ആധുനിക ഫെമിനിസം ഈ പ്രകൃതിപരമായ സത്യത്തെ പൂര്‍ണമായും നിഷേധിക്കുന്നു. ഒരു സ്ത്രീ തന്റെ മക്കളെ രൂപപ്പെടുത്തുന്നതിലൂടെയും കുടുംബത്തെ നയിക്കുന്നതിലൂടെയും ചെലുത്തുന്ന ‘ആന്തരിക അധികാരം’ ഭരണരംഗത്തെ ‘ബാഹ്യ അധികാരത്തേക്കാള്‍’ എത്രയോ മഹത്തരമാണ്. ഇതിനെ അടിമത്തമായി ചിത്രീകരിക്കുന്നത് പാശ്ചാത്യ ലിബറല്‍ കാഴ്ചപ്പാടിലെ പിശകാണ്. സ്ത്രീ കുടുംബത്തെ വിട്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ കുടുംബത്തിന്റെ ആത്മീയ കേന്ദ്രം നഷ്ടപ്പെടുകയും കുട്ടികള്‍ സ്റ്റേറ്റിന്റെയോ കോര്‍പറേറ്റുകളുടെയോ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ വളരുകയും ചെയ്യുന്നു. ഇത് വരും തലമുറയുടെ മാനസിക വളര്‍ച്ചയെ സാരമായി ബാധിക്കുന്നു.

പൗരസ്ത്യ രാജ്യങ്ങളിലെ മതേതര പാര്‍ട്ടികളും ചില മതസംഘടനകള്‍ പോലും ഇന്ന് പാശ്ചാത്യ അജന്‍ഡയുടെ വക്താക്കളായി മാറിയിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. വോട്ട് ബേങ്ക് ലക്ഷ്യമിട്ടും ‘പുരോഗമനവാദി’ എന്ന മുദ്ര ലഭിക്കാനും വേണ്ടി ഇവര്‍ സ്ത്രീകളെ കുടുംബത്തില്‍ നിന്ന് ഇറക്കിവിടുന്നു.

മതപരമായ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും സ്ത്രീകളെ തെരുവിലും റാലികളിലും ഇറക്കി മാതൃത്വത്തിന്റെ പവിത്രതയെ വെല്ലുവിളിക്കുന്നു. ഈ പ്രവണതകള്‍ പൗരസ്ത്യ സമൂഹങ്ങളില്‍ കുടുംബ ശൈഥില്യത്തിന് വേഗത കൂട്ടുന്നു. പടിഞ്ഞാറന്‍ ലോകം കയറ്റുമതി ചെയ്ത ഈ ‘തുല്യതാ വാദം’ സ്വന്തം സംസ്‌കാരത്തിന്റെ ഘടനയെ എങ്ങനെ തകര്‍ക്കുമെന്ന് തിരിച്ചറിയാന്‍ ഇവിടുത്തെ ആളുകള്‍ക്ക് സാധിക്കുന്നില്ല. ഇത് സാമ്രാജ്യത്വത്തിന്റെ ഒരു അദൃശ്യരൂപമാണ്. ഭരണഘടനയും നിയമ വ്യവസ്ഥയും വ്യക്തിയെ കേന്ദ്രീകരിച്ച് ചിന്തിക്കുമ്പോള്‍, അത് കുടുംബം എന്ന ഘടകത്തെ അവഗണിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീശാക്തീകരണം എന്ന പേരില്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത് പാശ്ചാത്യ വിപണിക്ക് ആവശ്യമായ തൊഴിലാളികളെ സൃഷ്ടിക്കുകയാണ്. പൗരസ്ത്യ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ സ്വന്തം സംസ്‌കാരത്തെ സംരക്ഷിക്കുന്നതിന് പകരം പാശ്ചാത്യ പ്രീതിക്കായി പാരമ്പര്യ മൂല്യങ്ങളെ ബലികഴിക്കുന്നു.

ഫെമിനിസം എന്ന ആശയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ആഗോള കോര്‍പറേറ്റുകളാണ്. ഒരു കുടുംബത്തില്‍ ഒരാള്‍ ജോലി ചെയ്താല്‍ ജീവിക്കാവുന്ന അവസ്ഥയില്‍ നിന്ന്, ദമ്പതികള്‍ രണ്ട് പേരും ജോലി ചെയ്താലും കുടുംബം പുലര്‍ത്താന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് സാമ്പത്തിക രംഗം മാറി. സ്ത്രീയുടെ യഥാര്‍ഥ ശക്തി അവളുടെ ‘ആത്മീയ സ്ത്രീത്വം’ ആണ്. അത് കാരുണ്യത്തിലും സ്നേഹത്തിലും അടുത്ത തലമുറക്ക് സംസ്‌കാരം പകര്‍ന്നുനല്‍കുന്നതിലുമാണ് പ്രകടമാകേണ്ടത്. സാമൂഹിക ചിന്തകനായ ഫ്രാന്‍സിസ് ഫുകുയാമയുടെ ‘ദ ഗ്രേറ്റ് ഡിസ്‌റപ്ഷന്‍’ എന്ന പുസ്തകത്തിലൂടെ അഭിപ്രായപ്പെടുന്നത്, സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും സാമ്പത്തിക സ്വയംപര്യാപ്തതയും പരമ്പരാഗത കുടുംബ വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി, ഈ മാറ്റങ്ങള്‍ സാമൂഹിക അസ്ഥിരതക്കും പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ സാമൂഹിക മൂലധനത്തിന്റെ ചോര്‍ച്ചക്കും കാരണമായി എന്നാണ്.

‘സ്ത്രീ പ്രാതിനിധ്യം’ എന്ന പേരില്‍ നടപ്പാക്കപ്പെടുന്നത് പാരമ്പര്യ വിരുദ്ധമായ ലിബറല്‍ ആശയങ്ങളെയാണ്. രാഷ്ട്രീയ ലാഭത്തിനായി കുടുംബത്തിന്റെ പവിത്രതയെ ബലികൊടുക്കുന്ന ഇത്തരം നീക്കങ്ങള്‍ ആത്യന്തികമായി സാമ്രാജ്യത്വ ശക്തികള്‍ക്ക് നമ്മുടെ സമൂഹത്തിലേക്ക് എളുപ്പത്തില്‍ കടന്നുകയറാന്‍ വഴിയൊരുക്കുന്നു. സാമ്രാജ്യത്വത്തെ നേരിടാന്‍ പൗരസ്ത്യ ലോകം ആദ്യം ചെയ്യേണ്ടത് പാശ്ചാത്യ മാതൃകകളെ തള്ളിക്കളയുക എന്നതാണ്. നമ്മുടെ സാംസ്‌കാരികവും ആത്മീയവുമായ വിശ്വാസപ്രമാണങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ഒരു പ്രതിരോധമാണ് ആവശ്യം. സ്ത്രീയെ അവളുടെ സ്വാഭാവികമായ ഗാര്‍ഹിക അധികാരത്തിലേക്കും മാതൃത്വത്തിലേക്കും തിരികെ കൊണ്ടുവരുന്നത് പിന്തിരിപ്പന്‍ ചിന്തയല്ല, മറിച്ച് സമൂഹത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനുള്ള ഏക മാര്‍ഗമാണ്. കുടുംബത്തെ സംരക്ഷിക്കുക വഴി മാത്രമേ പൗരസ്ത്യ ലോകത്തിന് അതിന്റെ തനിമയോടെ അതിജീവിക്കാന്‍ കഴിയൂ.