Home LATEST NEWS malyalam പുതിയ വാർത്ത സമ്പന്നനായാല്‍ എന്താണ് പ്രശ്നം?

സമ്പന്നനായാല്‍ എന്താണ് പ്രശ്നം?

7
0

Source :- SIRAJLIVE NEWS

ഒരാള്‍ സമ്പന്നനാകുക എന്നത് ഒരു തെറ്റല്ല. മാത്രമല്ല, സമ്പത്തിന് ഇസ്്ലാം വലിയ മഹത്വവും നല്‍കിയിട്ടുണ്ട്. “മനുഷ്യന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനമായി സംവിധാനിച്ച സമ്പത്തിനെ വിഡ്ഢികള്‍ക്ക് നല്‍കരുത്’ എന്ന് സൂറത്തുന്നിസാഇല്‍ അല്ലാഹു ഓര്‍മിപ്പിക്കുന്നുണ്ട്. “നിലനില്‍പ്പിന്റെ അടിസ്ഥാനം’ എന്ന പ്രയോഗത്തിൽ സമ്പത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നുണ്ട്. “മനുഷ്യന്റെ സമ്പത്തിന്റെ പവിത്രത അവന്റെ രക്തത്തിന്റെ പ്രാധാന്യം പോലെയാണ്’ എന്ന് നബി(സ)യുടെ ഹദീസും കാണാം.

മറ്റുള്ളവരുടെ ഔദാര്യത്തിന് കാത്തുനില്‍ക്കാതെ സ്വയം സമ്പാദിച്ച് ജീവിതം പുലര്‍ത്തണമെന്നാണ് ഇസ്്ലാമിന്റെ പാഠം. നബി (സ) കച്ചവടം ചെയ്യുകയും ആടിനെ മേക്കുകയും ചെയ്തിട്ടുണ്ട്. തയ്യല്‍വേല ചെയ്ത ഇദ്്രീസ് നബിയും അങ്കി നിര്‍മിച്ച ദാവൂദ് നബിയും ഇസ്്ലാമിക ചരിത്രത്തിലുണ്ട്. സുലൈമാന്‍ നബിയുടെ സമ്പന്നത അവിടുത്തെ പ്രവാചകത്വത്തെ ബാധിച്ചിട്ടില്ല. സ്വഹാബികളില്‍ ഉസ്മാന്‍(റ)വിന്റെ സമ്പന്നതയെ നബി(സ) വാഴ്ത്തിപ്പറഞ്ഞത് ഹദീസുകളിൽ കാണാം. ചുരുക്കത്തില്‍ തൊഴിലെടുക്കുന്നതും പണം സമ്പാദിക്കുന്നതും സമ്പന്നനാകുന്നതുമെല്ലാം മനുഷ്യജീവിതത്തിന്റെ ഭാഗം തന്നെയാണ്.

എന്നാല്‍, സമ്പാദിക്കുകയാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് കരുതുന്നതും അതിനുവേണ്ടി ആരാധനകളും സാമൂഹിക ഉത്തരവാദിത്വങ്ങളും മറന്നുകളയുന്നതുമാണ് പ്രശ്നം. സമ്പത്ത് പരലോക വിജയത്തിന് തടസ്സമാകുന്ന സാഹചര്യം ഉണ്ടാക്കുന്നത് സൂക്ഷിക്കണം. മിസ്‌കീനായി ജീവിച്ചു മരിക്കണമെന്നായിരുന്നു നബി(സ)യുടെ ആഗ്രഹവും പ്രാർഥനയും. “പരിപൂർണരായ മനുഷ്യന്‍’ എന്ന പദവിക്ക് നിറഞ്ഞ ഖജനാവിന്റെ പിന്‍ബലം ആവശ്യമില്ലെന്ന് അടിവരയിടുകയായിരുന്നു തിരുനബി(സ).

അബൂസ്വാലിഹ് ഹംദുന്‍(റ) രോഗിയായ തന്റെ സുഹൃത്തിനെ കാണാനെത്തി. കുറച്ച് സമയത്തിന് ശേഷം ഹംദുന്‍(റ)ന്റെ സാന്നിധ്യത്തിൽ സുഹൃത്ത് മരച്ചു. മരിക്കുന്ന സമയത്ത് അവിടെ ഒരു വിളക്ക് കത്തിയിരുന്നു. മരണം സംഭവിച്ച ഉടനെ അബൂസ്വാലിഹ്(റ) വിളക്കണച്ചു. അത് കൂടെയുള്ളവരെ അസ്വസ്ഥരാക്കി. ഇക്കാര്യത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ “ഈ വിളക്കും അതിലെ എണ്ണയും ഇത്രയും സമയം എന്റെ സുഹൃത്തിന്റേതായിരുന്നു. ഇനി അദ്ദേഹത്തിന് അതില്‍ അവകാശമില്ല. ഇനി ഇത് കത്തിക്കണമെങ്കില്‍ അനന്തരാവകാശികളുടെ സമ്മതം വേണം’ എന്നായിരുന്നു മറുപടി. സമ്പാദ്യത്തിന്റെ നശ്വരതയെ കുറിച്ച് ബോധ്യമുണ്ടാകണം. സമ്പാദിക്കാം, ആരാധനയും സാമൂഹിക ഉത്തരവാദിത്തങ്ങളും മറന്നുപോകരുതെന്ന് മാത്രം.