Home LATEST NEWS malyalam പുതിയ വാർത്ത ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന; ക്രമക്കേടില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരടക്കം 33 പേര്‍ പ്രതിപട്ടികയില്‍

ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന; ക്രമക്കേടില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരടക്കം 33 പേര്‍ പ്രതിപട്ടികയില്‍

6
0

Source :- SIRAJLIVE NEWS

കൊച്ചി | ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടില്‍ ക്ഷേത്രത്തിലെ സ്‌പെഷ്യല്‍ ഓഫീസര്‍മാരടക്കം 33 പേര്‍ പ്രതിപട്ടികയില്‍. പ്രാഥമിക അന്വേഷണത്തില്‍ 21.39 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായി വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്റ്റോക്ക് പരിശോധനയുടെ അഭാവം, കൃത്യമായ അക്കൗണ്ടിംഗ് ഇല്ലായ്മ, ജീവനക്കാരുടെ വിന്യാസത്തിലെ പിഴവ് തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. വിജിലന്‍സ് അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചയില്‍ ശക്തമായ വിമര്‍ശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചത്. ഒരു പെട്ടിക്കടയില്‍ പോലും പാലിക്കുന്ന കണക്കെഴുത്തുരീതി ഇവിടെ പാലിച്ചിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചു. കണക്ക് സൂക്ഷിക്കുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത വീഴ്ച വരുത്തിയതായി കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ ആഴത്തിലുള്ള ഭരണ-സാമ്പത്തിക വീഴ്ചകളാണ് കാണാനാകുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. എസ് പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീര്‍ഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറില്‍ നിറച്ചാണ് ആടിയ ശിഷ്ടം നെയ്യ് വില്‍പന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില.

ടെംപിള്‍ സ്‌പെഷല്‍ ഓഫിസര്‍ ഏറ്റുവാങ്ങിയാണ് ഇതു വില്‍പനയ്ക്കായി കൗണ്ടറിലേക്ക് നല്‍കുന്നത്. ഏറ്റുവാങ്ങിയ പാക്കറ്റിന് അനുസരിച്ചുള്ള തുക, ദേവസ്വം അക്കൗണ്ടില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.