Home LATEST NEWS malyalam പുതിയ വാർത്ത ശബരിമല സ്വര്‍ണകൊള്ള: നിര്‍ണായക പരിശോധനയ്ക്കായി ഇന്ന് സ്വര്‍ണ്ണപ്പാളികളുടെ സാമ്പിള്‍ ശേഖരിക്കും

ശബരിമല സ്വര്‍ണകൊള്ള: നിര്‍ണായക പരിശോധനയ്ക്കായി ഇന്ന് സ്വര്‍ണ്ണപ്പാളികളുടെ സാമ്പിള്‍ ശേഖരിക്കും

17
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | ശബരിമല സ്വര്‍ണകൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നിര്‍ണായക പരിശോധനയ്ക്കായി ഇന്ന് ശ്രീകോവിലിന് ചുറ്റുമുള്ള സ്വര്‍ണ്ണപ്പാളികളുടെ സാമ്പിള്‍ ശേഖരിക്കും. മുമ്പ് നടത്തിയ പരിശോധനയില്‍ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കൂടുതല്‍ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയത്. ലീഗല്‍ മെട്രോളജി വിഭാഗത്തിലെ ഗോള്‍ഡ് അസെസ്‌മെന്റ് വിദഗ്ധരാണ് സംഘത്തില്‍ പ്രധാനമായും ഉള്ളത്.

ഉച്ചയ്ക്ക് പമ്പയില്‍ എത്തുന്ന എസ് ഐ ടി സംഘം അവലോകന യോഗത്തിനുശേഷം സന്നിധാനത്ത് എത്തും. വെള്ളി, ശനി ദിവസങ്ങളില്‍ നട അടച്ച ശേഷം ആയിരിക്കും സാമ്പിളുകള്‍ ശേഖരിക്കുക. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി കൈമാറും. സ്വര്‍ണ കൊള്ള കേസിലെ കുറ്റപത്രം അടക്കം തയ്യാറാക്കുന്നതില്‍ നിര്‍ണായകമാണ് ഈ പരിശോധന.

മാസ പൂജയ്ക്കായി ഇന്ന് വൈകിട്ടാണ് നട തുറക്കുക. ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ് ബൈജുവിന്റെ ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായതോടെയാണ് കട്ടിളപ്പാളി കേസില്‍ പ്രതി സ്വാഭാവിക ജാമ്യം തേടിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം.

ജാമ്യം ലഭിക്കുമെങ്കിലും കെ.എസ്.ബൈജുവിന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലക കേസില്‍ റിമാന്‍ഡില്‍ തുടരും. ഈ മാസം 25 ന് ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. സ്വര്‍ണക്കൊള്ളയില്‍ ഇതുവരെ അഞ്ച് പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി. സ്വര്‍ണക്കൊള്ളയില്‍ ജാമ്യം ലഭിച്ചവര്‍ ഓരോരുത്തരായി ഇ ഡിയുടെ ചോദ്യം ചെയ്യലിനു വിധേയരായിക്കൊണ്ടിരിക്കുകയാണ്.