Source :- SIRAJLIVE NEWS
തിരുവനന്തപുരം | സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി കെ കൃഷ്ണന്‍കുട്ടി. റെഗുലേറ്ററി കമ്മീഷന്‍ പ്രതിനിധികളും ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ച. ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്ന അടിയന്തര സാഹചര്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലിലാണ് യോഗം.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണമേര്‍പ്പെടുത്താന്‍ കെ എസ് ഇ ബി തീരുമാനിച്ചിരുന്നു. വൈകിട്ട് ആറിനും രാത്രി 12നും ഇടയില്‍ അരമണിക്കൂര്‍ വരെയാണ് ലോഡ് ഷെഡ്ഡിങ്. കെ എസ് ഇ ബി ഉന്നതതല യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. വൈദ്യുതി വാഹന ചാര്‍ജിംഗ് വൈകുന്നേരം ആറ് മുതല്‍ രാത്രി 12 വരെയുള്ള സമയങ്ങളില്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും എ സി താപനില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും കെ എസ് ഇ ബി നിര്‍ദേശിച്ചു.
വെകിട്ട് ആറിന് ശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിംഗും എ സിയുടെ ഉപയോഗവും ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിച്ചുള്ള പാചകവും അമിതമായതാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാന്‍ കാരണമായതെന്നാണ് കെ എസ് ഇ ബി ഉന്നതതല യോഗത്തില്‍ വ്യക്തമാക്കിയത്. വൈദ്യുതി ഉപയോഗത്തിന്റെ അപ്രതീക്ഷിത വര്‍ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി.



