Source :- SIRAJLIVE NEWS
ഗസ്സാ വിഷയത്തില്‍ സമാധാന ചര്‍ച്ച നടന്നുകൊണ്ടിരിക്കെ ഫലസ്തീനിന്റെ അവിഭാജ്യ ഘടകമായ വെസ്റ്റ് ബാങ്ക് ഒന്നാകെ കൈപിടിയിലൊതുക്കാനുള്ള ബില്ലിന് അംഗീകാരം നല്‍കിയിരിക്കുകയാണ് ഇസ്റാഈല്‍ സര്‍ക്കാര്‍. ഉടമസ്ഥാവകാശമില്ലാത്ത ഭൂമികളെ പൊതുഭൂമി (സര്‍ക്കാര്‍ ഭൂമി)യായി രജിസ്റ്റര്‍ ചെയ്യുന്നതിനാണ് നിയമനിര്‍മാണമെങ്കിലും ഇതുവഴി വെസ്റ്റ് ബാങ്ക് മൊത്തം കൈവശപ്പെടുത്തുകയാണ് ഇസ്റാഈല്‍ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുരാതന കാലം മുതല്‍ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു വെസ്റ്റ് ബാങ്ക്. ലോകമഹായുദ്ധത്തിനു ശേഷം ഇത് ബ്രിട്ടന്റെ കീഴിലായി. ബ്രിട്ടന്‍ അധിനിവേശം ഉപേക്ഷിച്ച് വിട്ടുപോയ ശേഷം 1948ല്‍ നടന്ന അറബ്- ഇസ്റാഈല്‍ യുദ്ധത്തില്‍ പ്രദേശം ജോര്‍ദാന്‍ കൈവശപ്പെടുത്തി. എങ്കിലും 1967ലെ ആറ് ദിന യുദ്ധത്തില്‍ ഇസ്റാഈല്‍ പിടിച്ചെടുത്തു. 1993ലെ ഓസ്‌ലോ കരാറിനെ തുടര്‍ന്ന് ഫലസ്തീന്‍ അതോറിറ്റിയുടെ കീഴിലാണ് വെസ്റ്റ് ബാങ്ക്. എങ്കിലും പ്രദേശത്തിന്റെ സുരക്ഷാ നിയന്ത്രണം ഇസ്റാഈല്‍ സൈന്യത്തിനാണ്. (മിലിട്ടറി അഡ്മിനിസ്ട്രേഷന്‍). അടുത്ത കാലത്തായി സൈന്യത്തിന്റെ അധികാരങ്ങളില്‍ വലിയൊരു ഭാഗം സിവില്‍ ഭരണകൂടത്തിലേക്ക് മാറ്റം ചെയ്യപ്പെട്ടു. വെസ്റ്റ് ബാങ്കിനെ ഇസ്റാഈലിന്റെ ഭാഗമാക്കി മാറ്റുന്നതിന്റെ ഭാഗമാണിതെന്ന് നേരത്തേ വിലയിരുത്തപ്പെട്ടതാണ്. ഈ നിരീക്ഷണത്തെ ശരിവെക്കുന്നതാണ് ഫലസ്തീനികള്‍ക്ക് അവകാശപ്പെട്ട ഭൂമിയെ സര്‍ക്കര്‍ ഉടമസ്ഥതയിലാക്കുന്ന പുതിയ നിയമ നിര്‍മാണം.
ഐക്യരാഷ്ട്ര രക്ഷാ സമിതി അംഗീകരിച്ച 2334ാം പ്രമേയത്തില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് നിയമസാധുതയില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വ്യക്തമായി പറയുന്നുണ്ട്. ഒരു രാജ്യം പിടിച്ചെടുത്ത പ്രദേശത്ത് അവരുടെ ജനതയെ താമസിപ്പിക്കുന്നത് (സിവിലിയന്‍ ജനതയുടെ കൈമാറ്റം) യുദ്ധക്കുറ്റമാണെന്ന് നാലാം ജനീവ കണ്‍വെന്‍ഷനും ചൂണ്ടിക്കാട്ടിയതാണ്. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റവും ഇസ്റാഈല്‍ അവിടെ മതില്‍ നിര്‍മിച്ചതും നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര കോടതിയുടെ നിരീക്ഷണവുമുണ്ട്. ഇതെല്ലാം അവഗണിച്ച് ഇസ്റാഈല്‍ വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും അതിന് അംഗീകാരം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഫലസ്തീനികളുടെ ഫലഭൂയിഷ്ഠമായ ഭൂമിയും ജലസ്രോതസ്സുകളുമാണ് ജൂതര്‍ പിടിച്ചെടുക്കുന്നതില്‍ ഗണ്യഭാഗവും. മാത്രമല്ല, കുടിയേറ്റക്കാരുടെ ഫലസ്തീന്‍ കര്‍ഷകര്‍ക്കു നേരെയുള്ള അതിക്രമവും വര്‍ധിച്ചു വരികയാണ്. സൈന്യത്തിന്റെ സഹായത്തോടെ ഫലസ്തീനികളുടെ ഒലീവ് തോട്ടങ്ങള്‍ നശിപ്പിക്കുകയും വീടുകളില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നത് പതിവാണ്. ഫലസ്തീന്‍ ജനതയെ സാമ്പത്തികമായി തകര്‍ക്കുക കൂടിയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.
തീവ്ര വലതുപക്ഷ ജൂത സമൂഹത്തിന്റെയും ഇസ്റാഈലിന്റെയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സഹായിക്കുന്നതാണ് പുതിയ രജിസ്ട്രേഷന്‍ നിയമം. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകുകയാണെങ്കില്‍ അതിനാവശ്യമായ ഭൂമി ഇല്ലാതാക്കുകയെന്ന ഗൂഢലക്ഷ്യവും കൂടിയുണ്ട് ഇസ്റാഈലിന്റെ ജൂത കുടിയേറ്റ പ്രോത്സാഹനത്തിനു പിന്നില്‍. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. ഫലസ്തീന്‍ ഇസ്റാഈലിന്റെ പരമാധികാരത്തിനു കീഴിലുള്ള രാജ്യമായി തുടരണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഫലസ്തീന്‍ നഗരങ്ങളെയും ഗ്രാമങ്ങളെയും പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കാത്ത വിധം ഇട വിട്ടാണ് ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു വരുന്നത്. ഇത് ഭാവിയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമായാല്‍ പോലും അതിനെ കഷ്ണങ്ങളായി മുറിക്കപ്പെട്ട ശിഥിലമായ ഭൂപടമാക്കി മാറ്റും.
പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനാണ് തങ്ങളുടെ ഇടപെടലെന്നാണ് ഇസ്റാഈലിന്റെ ന്യായീകരണം. എന്നാല്‍ മനുഷ്യാവകാശങ്ങളെ ചിവിട്ടിമെതിച്ചല്ല സുരക്ഷ നടപ്പാക്കേണ്ടത്. ഫലസ്തീന്‍ ജനതയുടെ വേദനയും അവകാശങ്ങളും നിഷേധിക്കപ്പെടുമ്പോള്‍ സമാധാനത്തിന്റെ അടിത്തറയാണ് അവിടെ തകരുന്നത്. ഇത് വെസ്റ്റ് ബാങ്കിലെ സാമൂഹിക, രാഷ്ട്രീയ സാഹചര്യം കൂടുതല്‍ സംഘര്‍ഷഭരിതമാക്കുകയേ ഉള്ളൂ. ഫലസ്തീന്‍ യുവതയില്‍ ഉടലെടുക്കുന്ന നിരാശ വര്‍ധിക്കുമ്പോഴുണ്ടാകുന്ന പ്രതികരണം പ്രാദേശിക സമാധാനത്തെയും ആഗോള രാഷ്ട്രീയത്തെയും ബാധിക്കും. ശക്തിപ്രയോഗത്തിലൂടെ ലഭ്യമാകുന്ന ഭൂമിയുടമസ്ഥാവകാശം സ്ഥിരത ഉറപ്പാക്കില്ല; ദീര്‍ഘകാല അസ്ഥിരതക്കാണ് അത് വഴിതുറക്കുക.
വെസ്റ്റ് ബാങ്കിലെ ഭൂമി കൈയേറ്റം അവസാനിപ്പിക്കുകയും ഫലസ്തീനികളുടെ സ്വയം നിര്‍ണയാവകാശം അംഗീകരിക്കുകയും ചെയ്യാതെ മധ്യേഷ്യയില്‍ സമാധാനം സ്ഥാപിതമാകുകയില്ല. ഇസ്റാഈല്‍ നടപടിയെ അപലപിച്ച് സഊദി, യു എ ഇ, ജോര്‍ദാന്‍, ഖത്വര്‍, ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കിയ തുടങ്ങി വിവിധ രാഷ്ട്രങ്ങള്‍ രംഗത്തു വന്നത് സ്വാഗതാര്‍ഹമെങ്കിലും പ്രസ്താവനകള്‍ക്കപ്പുറം ഇസ്റാഈലിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ തടയാനുള്ള നീക്കങ്ങളാണ് ആവശ്യം. അറബ് ലീഗ് സമ്മേളനം വിളിച്ചു ചേര്‍ത്ത് ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദതന്ത്രം ചെലുത്തേണ്ടതുണ്ട്. അറബ്, മുസ്ലിം രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി സമ്മര്‍ദ ഗ്രൂപ്പായി മാറിയാല്‍ ഫലപ്രാപ്തിയുണ്ടാകുമെന്ന് 1973ലെ ‘ഓയില്‍ എംബാര്‍ഗോ’ തെളിയിച്ചതാണ്. 1973ലെ യുദ്ധത്തില്‍ ഇസ്റാഈല്‍ പിടിച്ചെടുത്ത ഈജിപ്ത്, സിറിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്റാഈലിനെ പിന്‍വാങ്ങുന്നതിന് പ്രേരിപ്പിക്കാനായി അമേരിക്കയുള്‍പ്പെടെ പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ വിതരണം നിര്‍ത്തിവെച്ച നടപടിയാണ് ഓയില്‍ എംബാര്‍ഗോ. ഈ ഉപരോധം പാശ്ചാത്യ രാജ്യങ്ങളുടെ ഇസ്റാഈല്‍ അനുകൂല നിലപാടില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും പല രാജ്യങ്ങളും ഇസ്റാഈലുമായി അകലം പാലിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. എണ്ണ കേവലം ഒരു ഇന്ധനമല്ല, ശക്തമായ ഒരു രാഷ്ട്രീയ ആയുധമാണെന്ന് അന്ന് അറബ് ലോകം കാണിച്ചു കൊടുത്തു.



