Home LATEST NEWS malyalam പുതിയ വാർത്ത വിധിയെഴുതാന്‍ ഇനി ഏഴുനാള്‍: മുന്നണികളുടെ പ്രകടന പത്രിക ഇന്ന്

വിധിയെഴുതാന്‍ ഇനി ഏഴുനാള്‍: മുന്നണികളുടെ പ്രകടന പത്രിക ഇന്ന്

11
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കേരളം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ ഇനി ഏഴു നാള്‍ മാത്രം ശേഷിക്കെ എല്‍ ഡി എഫ്-യു ഡി എഫ് മുന്നണികളുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ബി ജെ പിക്കു വേണ്ടി നരേന്ദ്രമോദിയുടെ പ്രഖ്യാപനങ്ങളും ഇന്നുണ്ടാവും.

കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുക. എം വി ഗോവിന്ദന്‍, എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, മുന്നണിയിലെ ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൊച്ചിയില്‍ നടക്കുന്ന ചടങ്ങിലാണ് യു ഡി എഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുക. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിക്കുക. നിലവില്‍ യു ഡി എഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരണ്ടിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ ഉണ്ടാവുക എന്നതാണ് ആകാംക്ഷ.

കഴിഞ്ഞ പത്തുവര്‍ഷമായി ഭരിക്കുന്ന ഇടതു സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുകയും അതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് തിരഞ്ഞെടുപ്പില്‍ പ്രകടന പത്രികക്ക് ഏറെ പ്രാധാന്യം കൈവന്നത്. മുന്‍ കാലങ്ങളില്‍ തിരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ വാരി വിതറുകയല്ലാതെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളും നടപ്പാക്കുന്ന കാര്യങ്ങളും തമ്മില്‍ ബന്ധം കുറവായിരുന്നു. അതിനാല്‍ വോട്ടര്‍ മാരും ഇപ്പോള്‍ പ്രകട പത്രികക്ക് ഏറെ വില കല്‍പ്പിക്കുന്നു.

കെ എസ് എസ് ആര്‍ ടി സിയില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും, 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, കോളജ് വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ തുടങ്ങിയ ഇന്ദിരാ ഗ്യാരണ്ടി ജനപ്രിയ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ യു ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് പ്രഖ്യാപിച്ച അതേ പദ്ധതികള്‍ കേരളത്തിലും ആവര്‍ത്തിക്കുയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നും വിവിധ സംസ്ഥാനങ്ങളില്‍ ഈ പദ്ധതികള്‍ പാളിയിരിക്കുകയാണെന്നുമാണ് ഇടതു മുന്നണി പ്രചരിപ്പിച്ചത്.

ഇന്ദിരാ ഗ്യാരണ്ടിയുടെ ജനപ്രിയ വാഗ്ദാനങ്ങളെ എങ്ങിനെ മറികടക്കും എന്നതാണ് എല്‍ ഡി എഫിനു മുന്നിലുള്ള വെല്ലുവിളി. വാഗ്ദാനങ്ങള്‍ നടപ്പാക്കും എന്ന വിശ്വാസ്യത സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതിനാല്‍ നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ എന്നാണ് ഇടതു കേന്ദ്രങ്ങള്‍ പറയുന്നത.്

അവസാന ഘട്ടം കളം പിടിക്കുന്നതില്‍ പ്രകടന പത്രികയിലൂടെ തന്ത്രങ്ങള്‍ മെനയുകയാണ് മൂന്ന് മുന്നണികളും. അതിനിടെ, കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. പിന്നീട് കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രിയങ്ക പങ്കെടുക്കും. വൈകിട്ട് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.