Source :- SIRAJLIVE NEWS
കണ്ണൂര്‍ | പ്രഫ. എം എന്‍ വിജയന്റെ മകനും എഴുത്തുകാരനുമായ വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത്. കണ്ണൂര്‍ കണ്ണപുരത്തെ മരുതം എന്ന വീടിന് മുന്നിലെ ഗേറ്റിനോടു ചേര്‍ന്നാണ് ഇന്നു രാവിലെ റീത്ത് കണ്ടത്. സി പി എം പുറത്താക്കിയ പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്‍ എഴുതിയ പുസ്തക പ്രകാശനച്ചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങിയത് വി എസ് അനില്‍കുമാര്‍ ആയിരുന്നു.
വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങില്‍ കഴിഞ്ഞമാസം പങ്കെടുത്തതല്ലാതെ അനില്‍ കുമാറിനോട് ആര്‍ക്കും വിരോധം ഉണ്ടാകാനുള്ള കാരണങ്ങളൊന്നും ഇല്ലെന്നാണ് വിവരം. അന്ന് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം സി പി എമ്മിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. റീത്തുവച്ചത് ആരാണെന്ന സൂചനയൊന്നും ലഭിച്ചിട്ടില്ല. കണ്ണപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇത്തരം പ്രവൃത്തികള്‍ ഇരുട്ടിന്റെ മറവില്‍ രണ്ടു കൂട്ടരാണ് ചെയ്യുകയെന്നും ഭീരുക്കളും കള്ളന്‍മാരുമാണെന്നും വി എസ് അനില്‍കുമാര്‍ പറഞ്ഞു. ഭീരുത്വം നിറഞ്ഞ പരിപാടിയാണിത്. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിന് ശേഷം ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ വിമര്‍ശനാത്മകമായ കമന്റുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കണമെന്നാണ് പരാതിയിലെ ആവശ്യം.ഫോണിലോ മറ്റോ ഭീഷണികള്‍ ഉണ്ടായിട്ടില്ല.
കേന്ദ്ര-സംസ്ഥാന ഭരണങ്ങള്‍ക്കെതിരെ വിമര്‍ശിക്കാറുണ്ട്. പയ്യന്നൂരിലെ ആരോപണത്തില്‍ സത്യമുണ്ടെന്ന് മനസ്സിലാക്കിയാണ് പരിപാടിക്ക് പോയത്. എപ്പോഴും എതിര്‍ത്ത് കൊണ്ടിരിക്കുകയെന്ന നയമൊന്നും തനിക്കില്ല. റീത്ത് വെച്ചത് കൊണ്ട് ഭയപ്പെടുന്നില്ല. ഇതിന്റെ പിറകില്‍ ആരാണെന്ന് ഊഹിക്കാന്‍ ഞാനില്ല. അത് ജനാധിപത്യപരമായ രീതിയല്ല. പരസ്പരം പറയാനുള്ളതും കേള്‍ക്കാനുള്ളതും ചെയ്യുകയെന്നതാണ് ജനാധിപത്യം. എല്ലായിടത്തും ജനാധിപത്യം പരിക്കു പറ്റി കിടക്കുകയാണ്.
വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് മറുപടി വേണം. ഇതിന് മുമ്പ് കുഞ്ഞികൃഷ്ണനെ പരിചയമില്ല. അദ്ദേഹം അടിയുറച്ച പ്രവര്‍ത്തകനാണ്. പാര്‍ട്ടിയില്‍ അഞ്ചുവര്‍ഷക്കാലം പറഞ്ഞിട്ടും മറുപടിയില്ലാത്തത് കൊണ്ടാണ് പുറത്ത് പറഞ്ഞതെന്ന് അദ്ദേഹം പറയുന്നുണ്ട്. കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. കുഞ്ഞികൃഷ്ണന്‍ ഓഡിറ്ററായിരുന്നു. ഇതിന് മറുപടി വേണമെന്നും അനില്‍ കുമാര്‍ പറഞ്ഞു.



