Home LATEST NEWS malyalam പുതിയ വാർത്ത വാല്‍പ്പാറ വാഹനാപകടം; രക്ഷപ്പെട്ട 11 കാരി മസ്നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

വാല്‍പ്പാറ വാഹനാപകടം; രക്ഷപ്പെട്ട 11 കാരി മസ്നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

12
0

Source :- SIRAJLIVE NEWS

മലപ്പുറം | വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ രക്ഷപ്പെട്ട 11കാരി മസ്നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉമ്മ ഷക്കീനയുടെ മരണ വിവരം പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മസ്‌നീനെ അറിയിച്ചില്ല.

തകര്‍ന്ന വാഹനത്തിനുള്ളില്‍ നിന്ന് മസ്നീനെ പിന്നാലെ വന്ന ടാക്‌സി ഡ്രൈവറാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മന്ത്രി കെ കൃഷ്ണന്‍കുട്ടി മസ്നീനെ ഇന്നലെ പൊള്ളാച്ചി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. മലപ്പുറം ഡി എം ഒ യുടെ നിര്‍ദേശ പ്രകാരമാണ് മസ്നീനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍പ്പെട്ട വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഹാഫിസ് അടക്കം മൂന്നു പേര്‍ ഗുരുതര പരിക്കോടെ കോയമ്പത്തൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരിച്ച സാജിതയുടെ മകന്‍ ഷഹദീന്‍(11), വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ഹാഫിസ് (22), സ്‌കൂളിലെ ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്റ് എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ ഇന്നലെ വൈകുന്നേരം 5.20 ന് ആണ് വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്.

കാഴ്ചകള്‍ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയില്‍നിന്ന് 30 കിലോമീറ്റര്‍അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തല്‍മണ്ണയില്‍നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവര്‍ ഉള്‍പ്പെടെ13 പേര്‍ യാത്ര പോയത്. കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എല്‍ പി സ്‌കൂളില്‍ നിന്ന് യു പി സ്‌കൂളിലേക്ക് മാറിയത്. താന്‍ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയില്‍ അവര്‍ ഒപ്പം കൂടുകയായിരുന്നു.