Source :- SIRAJLIVE NEWS
വാഷിംഗ്ടൺ | വാട്സാപ്പ് കോളുകൾ ചെയ്യുമ്പോൾ ചുറ്റുമുള്ള അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കി സംഭാഷണം കൂടുതൽ വ്യക്തമാക്കുന്നതിനായി നോയിസ് ക്യാൻസലേഷൻ ഫീച്ചർ മെറ്റ അവതരിപ്പിക്കുന്നു. ആൻഡ്രോയിഡ് ബീറ്റ വേർഷൻ 2.26.14.1 ലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. യാത്രകളിലും തിരക്കേറിയ സാഹചര്യങ്ങളിലും വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ പുതിയ മാറ്റം.
വാട്സാപ്പ് കോളുകൾ ആരംഭിക്കുമ്പോൾ തന്നെ ഈ ഫീച്ചർ ഡിഫോൾട്ടായി പ്രവർത്തിച്ചു തുടങ്ങും. കോളിംഗ് മെനുവിൽ ഇതിനായുള്ള പ്രത്യേക ഓപ്ഷൻ നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഉപയോക്താക്കൾക്ക് ഇത് ഓഫ് ചെയ്യാനും സാധിക്കും. വാഹനങ്ങളുടെ ശബ്ദം, കാറ്റ് തുടങ്ങിയ പശ്ചാത്തല ശബ്ദങ്ങളെ തത്സമയം തന്നെ ഇത് ഫിൽട്ടർ ചെയ്ത് മാറ്റും. എന്നാൽ സംസാരിക്കുന്ന ആളുടെ ശബ്ദത്തിൽ മാറ്റങ്ങൾ സംഭവിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
രണ്ട് പേർ സംസാരിക്കുമ്പോൾ ഒരാൾ മാത്രമാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നതെങ്കിൽ അയാളുടെ ശബ്ദം മാത്രമാണ് മറുഭാഗത്തുള്ളവർക്ക് വ്യക്തമായി കേൾക്കാൻ സാധിക്കുക. മികച്ച ഓഡിയോ അനുഭവം ലഭിക്കണമെങ്കിൽ കോളിലുള്ള രണ്ട് പേരും നോയിസ് ക്യാൻസലേഷൻ ഫീച്ചർ പ്രവർത്തനക്ഷമമാക്കണം.
കൂടാതെ മറ്റ് ചില സുപ്രധാന മാറ്റങ്ങളും വാട്സാപ്പിൽ വരുന്നുണ്ട്. ആപ്പിൾ കാർ പ്ലേയ്ക്കായുള്ള പ്രത്യേക ആപ്പ് ഇപ്പോൾ ബീറ്റ ഘട്ടത്തിലാണ്. ഐ ഒ എസ് ഉപയോക്താക്കൾക്ക് ഒരേ ഫോണിൽ രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കാനുള്ള സൗകര്യവും വലിയ ഫയലുകൾ കണ്ടെത്തി ഡിലീറ്റ് ചെയ്യാനുള്ള സ്റ്റോറേജ് മാനേജ്‌മെന്റ് സംവിധാനവും വാട്സാപ്പ് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായ നോയിസ് ക്യാൻസലേഷൻ ഫീച്ചർ വരും ആഴ്ചകളിൽ തന്നെ എല്ലാവരിലേക്കും എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Summary
WhatsApp is rolling out a noise cancellation feature for its Android beta users to improve call clarity by filtering out background sounds like traffic and wind. The feature is enabled by default in the calling menu and works in real-time without distorting the speaker’s voice. Additionally, Meta is testing an Apple CarPlay app and improving storage management tools for iOS users.



