Home LATEST NEWS malyalam പുതിയ വാർത്ത ലോക്‌സഭയില്‍ പരാജയപ്പെട്ട കൗശലങ്ങള്‍

ലോക്‌സഭയില്‍ പരാജയപ്പെട്ട കൗശലങ്ങള്‍

17
0

Source :- SIRAJLIVE NEWS

വനിതാ സംവരണത്തെ മറയാക്കി മണ്ഡല പുനര്‍നിര്‍ണയത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തിയിരിക്കുന്നു. തങ്ങള്‍ക്ക് ഒരു ഭരണഘടനാ ഭേദഗതി പാസ്സാക്കിയെടുക്കാനുള്ള മൂന്നില്‍ രണ്ട് ഭൂരിക്ഷം ലോക്‌സഭയില്‍ ഇല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മോദി സര്‍ക്കാര്‍ ഇങ്ങനെയൊരു നിയമ ഭേദഗതി ബില്ല് കൊണ്ടുവന്നത്. കൗശലപൂര്‍വമായ ഫ്‌ളോര്‍ എന്‍ജിനീയറിംഗിലൂടെ പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചും സഭയില്‍ വരാതാക്കിയും ഇങ്ങനെയൊരു ബില്ല് പാസ്സാക്കിയെടുക്കാമെന്ന് മോദി- അമിത് ഷാ കൂട്ടുകെട്ട് ആലോചിച്ചിരിക്കാം. പ്രതിപക്ഷ ഐക്യത്തിന് മുമ്പില്‍ അതൊന്നും നടക്കാന്‍ പോകുന്നില്ലെന്നറിഞ്ഞതോടെ പരാജയപ്പെടാനായി തന്നെയാണ് പാര്‍ലിമെന്റില്‍ ഈ ബില്ലുകള്‍ അവതരിപ്പിച്ചത്. വനിതാ സംവരണത്തെ അട്ടിമറിച്ചത് പ്രതിപക്ഷമാണെന്ന പ്രചാരണം ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നടത്തി സ്ത്രീകളുടെ പിന്തുണ നേടിയെടുക്കാമെന്ന കുടിലബുദ്ധിയാകാം ബില്ലവതരണത്തിന് പിറകില്‍ പ്രവര്‍ത്തിച്ചത്. ബില്ലവതരണ ചര്‍ച്ചയില്‍ ഇടപെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലത് വ്യക്തവുമായിരുന്നു. ലോക്‌സഭയില്‍ 230 അംഗങ്ങളാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്ല് പരാജയപ്പെട്ടത് 48 വോട്ടിനാണ്.

പാര്‍ലിമെന്റില്‍ അവതരിപ്പിച്ച 131ാം ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ഹിന്ദുത്വ അജന്‍ഡയില്‍ നിന്നുള്ള മോദി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധമായ നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനര്‍നിര്‍ണയം നടത്തി ലോക്‌സഭയിലെയും നിയമസഭയിലെയും സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം കൃത്യമായ ഹിന്ദുത്വ അജന്‍ഡയാണ്. 2024ലെ തിരഞ്ഞെടുപ്പില്‍ 400ല്‍പരം സീറ്റുകള്‍ നേടാനാകുമെന്നും അങ്ങനെ വന്നാല്‍ 2025ല്‍, ആര്‍ എസ് എസിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ ഭരണഘടനാഭേദഗതി ചെയ്ത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാമെന്നുമാണ് മോഹന്‍ ഭാഗവതും ബി ജെ പി – ആര്‍ എസ് എസ് സംഘങ്ങളും കണക്കുകൂട്ടിയത്. എന്നാല്‍ ഇന്ത്യന്‍ ജനത അത് തിരിച്ചറിയുകയും ബി ജെ പിയെ പരിമിതമായ സീറ്റുകളില്‍ ഒതുക്കുകയും ചെയ്തു.

ഈയൊരു സാഹചര്യമാണ് ബി ജെ പിക്ക് സ്വാധീനമില്ലാത്ത മേഖലകളില്‍ പാര്‍ലിമെന്റ് സീറ്റുകളുടെ എണ്ണം കുറച്ചും ബി ജെ പിക്ക് സ്വാധീനമുള്ള മേഖലകളില്‍ എണ്ണം കൂട്ടിയുമുള്ള മണ്ഡല പുനര്‍നിര്‍ണയ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയത്. പ്രതിപക്ഷം ഒന്നിച്ചുനിന്നുകൊണ്ട് വനിതാ സംവരണത്തിന്റെ മറവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ദുര്‍ബലമാക്കാനും കേന്ദ്രത്തില്‍ ദീര്‍ഘകാല അധികാരം കൈപ്പിടിയിലൊതുക്കാനുമുള്ള മോദി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധമായ ബില്ലുകളെ എതിര്‍ക്കുകയും തുറന്നുകാണിക്കുകയും ചെയ്തു. വനിതകള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്ന ഭരണഘടനയുടെ 131ാം ഭേദഗതി, കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി, മണ്ഡല പുനര്‍നിര്‍ണയം എന്നീ ബില്ലുകളാണ് കേന്ദ്ര നിയമ മന്ത്രി അര്‍ജുൻറാം മേഘ്്വാളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

മോദി സര്‍ക്കാറിന്റെ ഈ മൂന്ന് നിയമനിര്‍മാണ ഭേദഗതി ബില്ലുകളും ആര്‍ എസ് എസിന്റെ അജന്‍ഡയില്‍ നിന്നുള്ളതാണ്. ആര്‍ എസ് എസ് ഒരിക്കലും പാര്‍ലിമെന്ററി ജനാധിപത്യത്തെയോ സാമൂഹിക നീതിയുമായി ബന്ധപ്പെട്ട സംവരണ തത്ത്വങ്ങളെയോ അംഗീകരിച്ചിട്ടില്ല. പ്രാതിനിധ്യ സ്വഭാവമുള്ള പാര്‍ലിമെന്റിനെ ഓര്‍ഗനൈസര്‍ ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ് പ്രസിദ്ധീകരണങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. നിലവിലുള്ള അംഗങ്ങളുടെ മൂന്നിലൊന്ന് വനിതകള്‍ക്ക് നീക്കിവെക്കുന്നതിനു പകരം വനിതാ സംവരണം നടപ്പാക്കണമെങ്കില്‍ എണ്ണം കൂട്ടണമെന്ന നിലപാടാണ് വനിതാ സംവരണ, മണ്ഡല പുനര്‍നിര്‍ണയ നിയമ ഭേദഗതികളിലൂടെ മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്.

2011ലെ സെന്‍സസ് അവലംബമാക്കിയുള്ള മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയെയും ചോദ്യം ചെയ്യുന്നതാണ്. ജനസംഖ്യയുടെ പേരില്‍ ഉത്തരേന്ത്യയിലെ തങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തെ ലോക്‌സഭാ സീറ്റുകളാക്കി മാറ്റി ദീര്‍ഘ കാലത്തേക്ക് അധികാരം ഉറപ്പിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ബി ജെ പി സര്‍ക്കാര്‍ നടത്തുന്നത്. ഇത് തീര്‍ച്ചയായും ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതിനുള്ള നീക്കമാണ്. ജനസംഖ്യാ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ സാമൂഹിക, സാമ്പത്തിക ഘടകങ്ങളില്‍ മുന്നേറ്റം നടത്തിയിട്ടുള്ള സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചതുപോലെ കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും എന്നത് ന്യായമായ ഫെഡറല്‍ ക്രമമല്ല. കേന്ദ്ര സര്‍ക്കാറിന്റെ കുടുംബാസൂത്രണ നയത്തിനനുസരിച്ച് ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം കുറയുകയും അത് നടപ്പാക്കാത്തവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുന്ന വൈരുധ്യത്തെ നാം തിരിച്ചറിയുക തന്നെ വേണം.

33 ശതമാനം വനിതാ സംവരണം, ലോക്‌സഭാ സീറ്റുകള്‍ 543ല്‍ നിന്ന് 816 ആയി ഉയര്‍ത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായാണ് കേന്ദ്ര നിയമ മന്ത്രി അര്‍ജുൻറാം മേഘ്്വാള്‍ ഭരണഘടനയുടെ 131ാം ഭേദഗതി ബില്ല് അവതരിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച മണ്ഡല പുനര്‍നിര്‍ണയ ബില്ലും കേന്ദ്ര ഭരണ പ്രദേശ ഭേദഗതി ബില്ലും ജനാധിപത്യവിരുദ്ധമായ നിയമനിര്‍മാണ നീക്കങ്ങളായി തന്നെ കാണണം. 2023 സെപ്തംബറില്‍ തന്നെ പാര്‍ലിമെന്റിന്റെ ഇരുസഭകളും ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ 33 ശതമാനം വനിതാ സംവരണ ബില്ല് ഏകകണ്ഠമായി പാസാക്കിയതാണ്. തൊട്ടടുത്ത വര്‍ഷം, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിനൊന്നും മോദി സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ തോന്നിയതുപോലെ ബില്ലുകള്‍ കൊണ്ടുവന്ന് തങ്ങളുടെ രാഷ്ട്രീയ അജന്‍ഡക്ക് അംഗീകാരം നേടിയെടുക്കാന്‍ പാര്‍ലിമെന്റിനെ റബ്ബര്‍ സ്റ്റാമ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

വനിതാ സംവരണത്തിന്റെ മറവില്‍ പാര്‍ലിമെന്ററി നടപടി ക്രമങ്ങളെയാകെ അട്ടിമറിക്കുന്ന ഒരുതരം “പാര്‍ലിമെന്ററി റൗഡിസ’മാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത്. വനിതാ സംവരണ നിയമം പാസാക്കിയതിനു ശേഷം പുതിയ ജനസംഖ്യാ കണക്കെടുപ്പിനും അതിന്റെ അടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയത്തിനും ശേഷമായിരിക്കും വനിതാ സംവരണം നടപ്പാക്കുകയെന്നതായിരുന്നു നേരത്തേ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2026ല്‍ ജനസംഖ്യാ കണക്കെടുപ്പ് നടത്താനുള്ള ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറി 2011ലെ സെന്‍സസ് അനുസരിച്ച് മണ്ഡല പുനര്‍നിര്‍ണയം കൊണ്ടുവരാനും വനിതാ സംവരണം നടപ്പാക്കാനുമുള്ള നിയമനിര്‍മാണ നീക്കങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനാകാത്തതാണ്.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ബില്ലിന്റെ ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്; മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനായി മണ്ഡല പുനര്‍നിര്‍ണയത്തെ ദുരുപയോഗം ചെയ്യുകയാണെന്നാണ്. അദ്ദേഹം പ്രധാനമായും തന്റെ പ്രസംഗത്തിലുന്നയിച്ചത്, ആദ്യം രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്നും അതിനു ശേഷമാകാം മണ്ഡല പുനര്‍നിര്‍ണയം എന്നുമാണ്. പിന്നാക്ക വിഭാഗങ്ങളുടെ സംവരണം പ്രധാനമന്ത്രിയുടെയും ബി ജെ പിയുടെയും അജന്‍ഡയില്‍ എന്നെങ്കിലുമുണ്ടാകുമോ എന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി താനൊരു പിന്നാക്ക വിഭാഗക്കാരനാണെന്ന് അവകാശപ്പെടുന്നു.

എന്നാല്‍ സംവരണത്തിന്റെ കാര്യം വരുമ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് എത്രത്തോളം സംവരണം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കാന്‍ തയ്യാറാകുന്നില്ല. ജാതി സെന്‍സസ് നടത്തിയാല്‍ പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിനായുള്ള ആവശ്യം ശക്തമാകുമെന്ന് ബി ജെ പി ഭയക്കുകയാണെന്നും അതുകൊണ്ട് അവരതില്‍ നിന്ന് ഒളിച്ചോടുകയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. റൊട്ടേഷന്‍ ഓഫ് സീറ്റ്സ്, അതായത് സീറ്റ് മാറിമാറി വരുന്ന വനിതാ സംവരണം നടപ്പാക്കുന്നതിനെയും അഖിലേഷ് യാദവ് എതിര്‍ത്തു. 2011ലെ സെന്‍സസിനെ അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനര്‍നിര്‍ണയം അശാസ്ത്രീയവും അസംബന്ധപൂര്‍ണവുമാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷാംഗങ്ങള്‍ എല്ലാം അഭിപ്രായപ്പെട്ടത്.

(നാളെ: വനിതാ സംവരണം ബി ജെ പിക്ക് ഒരു മറ മാത്രമാണ്‌)