Source :- SIRAJLIVE NEWS
റാഞ്ചി|ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ സിമരിയ ബ്ലോക്കില്‍ പെട്ട കസാരിയ പഞ്ചായത്തില്‍വച്ച് എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രോഗി അടക്കം ഏഴു യാത്രക്കാരും മരിച്ചു. രോഗി, കൂട്ടിരിപ്പുകാര്‍, ഒരു പാരാമെഡിക്ക്, ഡോക്ടര്‍, പൈലറ്റ്, സഹപൈലറ്റ് എന്നിവരാണ് മരിച്ചത്. ഉള്‍വനത്തില്‍ തകര്‍ന്ന് വീണതിനാല്‍ ആദ്യം ഒരാള്‍ മരിച്ചെന്നായിരുന്നു വിവരം ലഭിച്ചത്. പിന്നീട് എല്ലാവരും മരിച്ചതായി ഛത്ര ഡെപ്യൂട്ടി കമ്മിഷണര്‍ കീര്‍ത്തിശ്രീ ജി അറിയിച്ചു.
റെഡ്ബേര്‍ഡ് എയര്‍വേയ്സിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഒരപകടത്തില്‍ പരുക്കേറ്റ് 63ശതമാനം പൊള്ളലേറ്റ് ഐസിയുവിലായിരുന്ന 41കാരനായ രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകവേയാണ് അപകടം. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് വിമാനം തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് വിവരം.
ഡല്‍ഹി ആസ്ഥാനമായുള്ള റെഡ്ബേര്‍ഡ് എയര്‍വേയ്സ് ഓപ്പറേറ്റ് ചെയ്ത ബീച്ച്ക്രാഫ്റ്റ് ഇ90 വിമാനം ബിര്‍സമുണ്ട വിമാനത്താവളത്തില്‍ നിന്നും തിങ്കളാഴ്ച രാത്രി 7.11നാണ് പറന്നുയര്‍ന്നതെന്ന് ഡിജിസിഎ പറഞ്ഞു. 7.34ന് കൊല്‍ക്കത്തയിലേക്ക് ആശയവിനിമയം നടത്തിയിരുന്നു. പിന്നീട് വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി. വാരണാസിയില്‍ നിന്നും ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ തെക്ക് – കിഴക്ക് വച്ചാണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നാലെ സിമാരിയക്ക് സമീപമുള്ള ഉള്‍വനത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.



