Home LATEST NEWS malyalam പുതിയ വാർത്ത യു എ ഇയിലെ വിദ്യാലയങ്ങളില്‍ നാല് എ ഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് അംഗീകാരം; പുതിയ മാര്‍ഗരേഖയുമായി വിദ്യാഭ്യാസ...

യു എ ഇയിലെ വിദ്യാലയങ്ങളില്‍ നാല് എ ഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് അംഗീകാരം; പുതിയ മാര്‍ഗരേഖയുമായി വിദ്യാഭ്യാസ മന്ത്രാലയം

17
0

Source :- SIRAJLIVE NEWS

ദുബൈ | യു എ ഇയിലെ വിദ്യാലയങ്ങളില്‍ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമുകള്‍ പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്‍കി. ക്ലാസ് മുറികളില്‍ സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക ചട്ടക്കൂട് മന്ത്രാലയം രൂപവത്കരിച്ചു. എ ഐ പ്ലാറ്റ്‌ഫോമുകള്‍ എങ്ങനെ പ്രയോജനപ്പെടുത്തണം എന്നതിനെക്കുറിച്ചുള്ള മാര്‍ഗരേഖ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്യും.

പഠനത്തിനും അധ്യാപനത്തിനുമായി നാല് പ്രധാന പ്ലാറ്റ്‌ഫോമുകള്‍ക്കാണ് മന്ത്രാലയം നിയന്ത്രിത ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഓപ്പണ്‍ എ ഐയുടെ ചാറ്റ് ജി പി ടി, മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ്, ഗൂഗിളിന്റെ ജെമിനി, ആന്ത്രോപിക്കിന്റെ ക്ലോഡ് എന്നിവയാണ് ഈ പ്ലാറ്റ്‌ഫോമുകള്‍. സ്വാഭാവിക ഭാഷ മനസ്സിലാക്കുന്നതിലും ലളിതമായി ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലും മികവ് തെളിയിച്ച ഉപകരണങ്ങളാണ് ഇവയെന്ന് മന്ത്രാലയം പറഞ്ഞു. അക്കാദമിക മികവ്, സ്വകാര്യത, ഡിജിറ്റല്‍ സാക്ഷരത എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിച്ചുകൊണ്ടായിരിക്കും ഇവ നടപ്പിലാക്കുക.

ഗവേഷണം, വിശകലനം, പ്രശ്‌നപരിഹാര കഴിവുകള്‍ എന്നിവ വികസിപ്പിക്കാന്‍ ഈ സംവിധാനം വിദ്യാര്‍ഥികളെ സഹായിക്കും. അധ്യാപകര്‍ക്ക് കൂടുതല്‍ സംവേദനാത്മകവും വ്യക്തിഗതവുമായ പഠന അനുഭവങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ഇത് കരുത്താകും. സാങ്കേതിക വിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനൊപ്പം തന്നെ അതിന്റെ സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.