Home LATEST NEWS malyalam പുതിയ വാർത്ത മുനി നാരായണ പ്രസാദ് അന്തരിച്ചു

മുനി നാരായണ പ്രസാദ് അന്തരിച്ചു

30
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | രാജ്യത്ത് അറിയപ്പെടുന്ന ആത്മീയ ആചാര്യനും ശ്രീനാരായണ ഗുരുകുലം അധ്യക്ഷനും എഴുത്തുകാരനുമായ മുനി നാരായണ പ്രസാദ് (88) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.55ഓടെ വര്‍ക്കല നാരായണ ഗുരുകുലത്തിലായിരുന്നു അന്ത്യം. വൈകീട്ട് അഞ്ച് മണിക്ക് സമാധി ചടങ്ങുകള്‍ ആരംഭിക്കും.

2024ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.1938 ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങലിനടുത്ത് നഗരൂരില്‍ സ്‌കൂള്‍ അധ്യാപകന്‍ ജി മാധവന്റെയും നാരായണിയുടെയും മകനായി ജനിച്ചു. എം എന്‍ പ്രസാദ് എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്.1955ല്‍ നാരായണ ഗുരുകുലവും നടരാജഗുരുവുമായി ബന്ധപ്പെട്ടു. സ്‌കൂള്‍ പഠനത്തിനുശേഷം വക്കത്തുള്ള എം വി ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങില്‍ പഠനം. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ ഹ്രസ്വകാല പരിശീലനത്തിനുശേഷം 1958ല്‍ കൊല്ലം ഇറിഗേഷന്‍ സബ്ഡിവിഷന്‍ ഓഫീസില്‍ സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു.

1970 ജനുവരി ഒന്നിന് നടരാജഗുരുവില്‍നിന്ന് ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചു. തുടര്‍ന്ന് നടരാജഗുരു അദ്ദേഹത്തെ നാരായണ ഗുരുകുല ശിഷ്യപരമ്പരയില്‍ ഉള്‍പ്പെടുത്തുകയും മുനി നാരായണ പ്രസാദ് എന്ന സന്ന്യാസനാമം നല്‍കുകയും ചെയ്തു. പിന്നാലെ ജോലി രാജിവച്ചു. 1970ല്‍ പയ്യന്നൂരിനടുത്ത് ഏഴിമലയില്‍ നടരാജഗുരു സംഘടിപ്പിച്ച ലോക സമാധാന സമ്മേളനത്തിന്റെ സംഘാടകനായിരുന്നു.1971ല്‍ ശാസ്താംകോട്ടയില്‍ നടന്ന ലോക സര്‍വ്വമത സമ്മേളനത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു.

നടരാജഗുരുവിന്റെ സമാധിസ്ഥലത്ത് ബ്രഹ്മവിദ്യാമന്ദിരം പണിതീര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.1973 മുതല്‍ 1989 വരെ നാരായണ ഗുരുകുലത്തിന്റെ മുഖപത്രമായ ”ഗുരുകുലം” ദാര്‍ശനിക മാസികയുടെ പത്രാധിപരായിരുന്നു. 1985ല്‍ ഗുരു നിത്യചൈതന്യയതിയില്‍ നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ചു. 1987 ഫെബ്രുവരിയില്‍ മോസ്‌കോയില്‍ നടന്ന ലോക മതനേതാക്കളുടെ വട്ടമേശാസമ്മളനത്തില്‍ പങ്കെടുത്തു. 1999ല്‍ ഗുരു നിത്യചൈതന്യയതിയുടെ സമാധിക്കുശേഷം നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി തുടരുകയായിരുന്നു. സ്വതന്ത്രകൃതികളും വ്യാഖ്യാനങ്ങളും പരിഭാഷകളും ഉള്‍പ്പെടെ 130 കൃതികള്‍ ഇംഗ്ലിഷിലും മലയാളത്തിലുമായി രചിച്ചിട്ടുണ്ട്.

ഇന്ത്യന്‍ തത്ത്വചിന്തയെയും വേദാന്തത്തെയും കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഗ്രന്ഥങ്ങള്‍ പുതിയ തലമുറയ്ക്ക് ലഭ്യമാക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇന്ത്യന്‍ തത്ത്വചിന്ത രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ചാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.

കേരളം, തമിഴ്‌നാട്, കര്‍ണാടക , സിംഗപ്പൂര്‍ , ഫിജി , യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ ഗുരുകുലത്തിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു 1989 മുതല്‍ 1991 വരെ ഫിജിയില്‍ ഗീതാശ്രമത്തിനും അദ്ദേഹം നേതൃത്വം നല്‍കി. ഐതരേയം , ഈശാവാസ്യം , കേന , പ്രശ്ന , മാണ്ഡൂക്യം , തൈത്തിരീയം , ശ്വേതാശ്വതാരം , ഛാന്ദോഗ്യ ഉപനിഷത്തുകള്‍ എന്നിവയുടെ വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു . ഭഗവദ്ഗീതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഇംഗ്ലീഷ് വ്യാഖ്യാനത്തിന്റെ പേര് ലൈഫ്സ് പില്‍ഗ്രിമേജ് ത്രൂ ഗീത എന്നാണ് . നാരായണ ഗുരു: സമ്പൂര്‍ണ്ണ കൃതികള്‍ (നാഷണല്‍ ബുക്ക് ട്രസ്റ്റ്), നാരായണ ഗുരുവിന്റെ തത്ത്വചിന്ത തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചതും അദ്ദേഹമാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.