Home LATEST NEWS malyalam പുതിയ വാർത്ത മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 80ന്റെ നിറവില്‍. പതിവു പോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ ജന്മദിനവും കടന്നു പോകുക. ഇന്നലെ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചതിനു പിന്നാലെയാണ് പിറന്നാള്‍ കടന്നെത്തുന്നത്.

സംസ്ഥാന വ്യാപകമായി നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കൊടിയിറങ്ങിയതോടെ ഇന്ന് മുതല്‍ മുഖ്യമന്ത്രി ഓഫീസിലെത്തിത്തുടങ്ങും. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21 ആണ് പിണറായി വിജയന്റെ ജനന തിയ്യതി. എന്നാല്‍ യഥാര്‍ഥ ജന്മദിനം 1945 മെയ് 24 ആണെന്നു അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേ ദിവസമായിരുന്നു പിറന്നാള്‍ ദിനത്തിലെ സസ്‌പെന്‍സ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ ഒമ്പതു വര്‍ഷം പൂര്‍ത്തിയാകുകയാണ്.

സി പി എമ്മിന്റെ തലമുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി നിശ്ചയിച്ച പ്രായ പരിധി കഴിഞ്ഞും ഇളവുകളോടെ പാര്‍ട്ടി നേതൃത്വത്തില്‍ തുടരുകയാണ്. സംസ്ഥാനത്ത് മൂന്നാമതും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ പാര്‍ട്ടിയും സര്‍ക്കാറും മുന്നോട്ടുപോവുന്ന ഘട്ടമാണ്.

പിണറായി തന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നയിക്കും എന്നകാര്യം ഉറപ്പാണ്. കര്‍ക്കശക്കാരനായ രാഷ്ട്രീയ നേതാവ് എന്ന നിലയിലാണ് പിണറായി അറിയപ്പെടുന്നത്. ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയും ഇച്ഛാശക്തിയുമുള്ള ഭരണാധികാരി എന്ന നിലയിലാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. എണ്‍പതാം വയസ്സിലും അക്ഷീണം പ്രവര്‍ത്തിക്കുന്ന കരുത്തുറ്റ നേതാവിനെയാണ് കേരളം കാണുന്നത്.