Source :- SIRAJLIVE NEWS
തിരുവനന്തപുരം| അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാരം ഇന്ന്. പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയില്‍ 3.30ന് സംസ്‌കാരം നടത്തും. മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന് സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെയാവും വിട നല്‍കുക.
കാട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ തന്നെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ അഞ്ചാം തീയതി കോട്ടയം ചിങ്ങവനത്തെ അപകടത്തില്‍ പരുക്കേറ്റ ആലിന് വെള്ളിയാഴ്ചയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഹൃദയം നുറുങ്ങുന്ന വേദനയിലും ആലിന്റെ പിതാവ് അരുണ്‍ എബ്രഹാമും ഭാര്യ ഷെറിന്‍ ആന്‍ ജോണും അവയവദാനത്തിന് തീരുമാനമെടുക്കുകയായിരുന്നു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളാണ് ആലിന്‍ ഷെറിന്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ആലിന്‍ ഷെറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.



