Source :- SIRAJLIVE NEWS
ധാക്ക | പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബംഗ്ലാദേശിന് ഡീസല്‍ വിതരണം ചെയ്യാനാരംഭിച്ച് ഇന്ത്യ. 5,000 ടണ്‍ ഡീസലാണ് നല്‍കുന്നത്. അസമിലെ നുമലിഗഡ് റിഫൈനറിയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് നിര്‍മിച്ച ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈന്‍ പദ്ധതി വഴിയാണ് വിതരണം. ദിനാജ്പൂരിലെ പര്‍ബതിപൂര്‍ ഡിപ്പോയിലേക്കാണ് ഡീസല്‍ എത്തുക.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള എണ്ണ വിതരണം തടസ്സപ്പെടുത്തിയതാണ് ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കിയത്. 2023 മാര്‍ച്ചില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഷീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തതാണ് ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈന്‍ പദ്ധതി.
പൈപ്പ്‌ലൈനിലൂടെയുള്ള ആദ്യത്തെ ഡീസല്‍ കൈമാറ്റമാണ് ഇന്ന് നടന്നത്. പൈപ്പ്‌ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പ് ട്രെയിന്‍ വഴിയായിരുന്നു ഡീസല്‍ അയച്ചിരുന്നത്. കരാര്‍ പ്രകാരം 1,80,000 ടണ്‍ ഡീസലാണ് ഒരു വര്‍ഷം ഇന്ത്യ ബംഗ്ലാദേശിന് നല്‍കേണ്ടത്. ഇതിലെ ആദ്യത്തെ 5,000 ടണ്‍ ആണ് ഇന്ന് നല്‍കിയത്. അടുത്ത ആറ് മാസത്തിനുള്ളില്‍ 90,000 ടണ്‍ ഡീസല്‍ കൂടി നല്‍കും.



