Home LATEST NEWS malyalam പുതിയ വാർത്ത പാര്‍ലിമെന്റില്‍ ഇന്ന് ബജറ്റ് ചര്‍ച്ച; ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

പാര്‍ലിമെന്റില്‍ ഇന്ന് ബജറ്റ് ചര്‍ച്ച; ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | പാര്‍ലിമെന്റില്‍ ഇന്ന് ബജറ്റ് ചര്‍ച്ച തുടങ്ങാനിരിക്കെ നടപടിക്രമങ്ങളുമായി സഹകരിക്കേണ്ടതുണ്ടോ എന്ന് രാവിലെ ചേരുന്ന ഇന്ത്യ സഖ്യ യോഗം തീരുമാനിക്കും. ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് ഇന്ത്യ കീഴടങ്ങിയോ എന്ന സുപ്രധാന ചോദ്യം പാര്‍ലിമെന്റില്‍ ഉയര്‍ത്താനാണ് പ്രതിപക്ഷ നീക്കം. ഇതിനൊപ്പം തന്നെ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയോ എന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും പാര്‍ലമെന്റില്‍ വിശദീകരിക്കണമെന്നും ആവശ്യമുണ്ട്. ഇന്ത്യ – അമേരിക്ക വ്യാപാര കരാര്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നല്‍കാനാണ് സാധ്യത. അമേരിക്കയ്ക്ക് ഇന്ത്യ കീഴടങ്ങി എന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കുമെന്നാണ് ഇന്ത്യ സഖ്യ നേതാക്കള്‍ അറിയിക്കുന്നത്.
ജനറല്‍ എം എം നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അഞ്ച് ദിവസവും ലോക്‌സഭ സ്തംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു എസ് വ്യാപാര കരാറും പാര്‍ലമെന്റില്‍ ഉന്നയിക്കുന്നത്.

ബജറ്റ് ചര്‍ച്ചയുമായി സഹകരിക്കണം എന്ന നിലപാട് പ്രതിപക്ഷത്തെ ചില പാര്‍ട്ടികള്‍ക്കുണ്ട്. അന്തിമ തീരുമാനം രാവിലെ ചേരുന്ന യോഗത്തിലുണ്ടാകും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളും റിലയന്‍സും നിറുത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യ അമേരിക്ക വ്യാപാര കരാര്‍ രാജ്യത്തിന്റെ കരുത്തിന്റെ സൂചനയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ കരാറില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണയ്ക്ക് പുതിയ കരാര്‍ നല്‍കുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഏപ്രില്‍ മാസം മുതല്‍ എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, ഭാരത് പെട്രോളിയവും റിലയന്‍സ് കമ്പനിയും നിറുത്തിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. എണ്ണകമ്പനികള്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചില്ല.