Home LATEST NEWS malyalam പുതിയ വാർത്ത പാകിസ്താനി ഇരട്ടക്കുട്ടികൾ ശസ്ത്രക്രിയക്കായി റിയാദിലെത്തി; സഊദി രാജ കരുണയിൽ വീണ്ടും പ്രതീക്ഷ

പാകിസ്താനി ഇരട്ടക്കുട്ടികൾ ശസ്ത്രക്രിയക്കായി റിയാദിലെത്തി; സഊദി രാജ കരുണയിൽ വീണ്ടും പ്രതീക്ഷ

15
0

Source :- SIRAJLIVE NEWS

റിയാദ്|ശരീരങ്ങൾ ഒട്ടിച്ചേർന്ന നിലയിലുള്ള പാകിസ്താനി ഇരട്ടക്കുട്ടികളായ സുഫിയാനും യൂസഫും വിദഗ്ധ പരിശോധനകൾക്കും ശസ്ത്രക്രിയക്കുമായി റിയാദിലെത്തി. തിരുഗേഹങ്ങളുടെ കാവൽക്കാരൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും പ്രത്യേക നിർദ്ദേശപ്രകാരമാണ് കുട്ടികളെയും കുടുംബത്തെയും സഊദിയിലെത്തിച്ചത്. തിങ്കളാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കുട്ടികളെ ഉടൻ തന്നെ നാഷണൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുള്ള സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയയുടെ സാധ്യതകളെക്കുറിച്ച് ഇവിടെയുള്ള വിദഗ്ധ മെഡിക്കൽ സംഘം പരിശോധന നടത്തും.

സഊദി ഇരട്ട വേർപെടുത്തൽ പദ്ധതിയുടെ മെഡിക്കൽ ടീം തലവനും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുള്ള അൽ-റബീഅ സൗദി ഭരണകൂടത്തിന്റെ ഈ മാനുഷിക നടപടിയെ പ്രശംസിച്ചു. സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ആശ്വാസം നൽകുന്നതിൽ സഊദി അറേബ്യ വഹിക്കുന്ന നേതൃപരമായ പങ്കിനെ ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ കുട്ടികൾക്ക് മികച്ച ചികിത്സ നൽകാൻ കാണിച്ച താൽപര്യത്തിന് കുട്ടികളുടെ കുടുംബം സഊദി ഭരണകൂടത്തോടും ജനങ്ങളോടും നന്ദി അറിയിച്ചു. ഇരട്ടകളെ വേർപെടുത്തുന്ന ശസ്ത്രക്രിയകളിൽ ആഗോളതലത്തിൽ തന്നെ വലിയ അംഗീകാരമുള്ള സഊദി മെഡിക്കൽ സംഘം നിരവധി കുടുംബങ്ങൾക്കാണ് ഇതിനോടകം പ്രതീക്ഷ നൽകിയിട്ടുള്ളത്.