Home LATEST NEWS malyalam പുതിയ വാർത്ത പണിമുടക്കിന്റെ ആദ്യ മണിക്കൂറില്‍ ജനജീവിതം സ്തംഭിച്ചു

പണിമുടക്കിന്റെ ആദ്യ മണിക്കൂറില്‍ ജനജീവിതം സ്തംഭിച്ചു

13
0

Source :- SIRAJLIVE NEWS

കൊച്ചി | കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ആദ്യമണിക്കൂറില്‍ ജനജീവിതം സ്തംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെ തുടരുന്ന പണിമുടക്കില്‍ സ്വകാര്യബസ്, ഓട്ടോ ടാക്സി സേവനങ്ങള്‍, കെ എസ് ആര്‍ ടി സി എന്നിവ നിര്‍ത്തിവെച്ചത് ഗതാഗതത്തെ ബാധിച്ചു. ബാങ്കുകളുടേയും വ്യാപാര സഥാപനങ്ങളുടേയും പ്രവര്‍ത്തനം തടസപ്പെടും. ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, പാല്‍-പത്രം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് സേവനങ്ങള്‍ തുടങ്ങി അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ കണ്‍വന്‍ഷനുകളെയും തീര്‍ത്ഥാടകരെയും ഒഴിവാക്കി. കൊച്ചി മെട്രോ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചി വാട്ടര്‍ മെട്രോയും സര്‍വ്വീസ് നടത്തും. എന്നാല്‍ മെട്രോ ഫീഡര്‍ ബസ്സുകള്‍ ആലുവയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുമുള്ള രണ്ട് റൂട്ടുകളില്‍ മാത്രമേ സര്‍വ്വീസ് നടത്തൂ. മറ്റ് ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ ഉണ്ടാകില്ലെന്നാണ് കൊച്ചി മെട്രോ അറിയിച്ചത്.പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.

സി ഐ ടി യു അടക്കം 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനംചെയ്തതാണ് 24 മണിക്കൂര്‍ പണിമുടക്ക്. വിവിധ ഫെഡറേഷനുകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധ ജീവനക്കാരും കേന്ദ്രസംസ്ഥാന ജീവനക്കാരും അധ്യാപകരും കര്‍ഷക, കര്‍ഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന്റെ ഭാഗമാകും. മഹിളാ, യുവജന, വിദ്യാര്‍ഥി സംഘടനകള്‍ പണിമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപ തീരുമാനം പിന്‍വലിക്കുക, നിശ്ചിതകാല തൊഴില്‍ മാറ്റി ജോലിസ്ഥിരത ഉറപ്പുവരുത്തുക, ശ്രം ശക്തി നിതി ബില്‍ അടക്കമുള്ള ജനവിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജ്യത്ത് പണിമുടക്ക് നടക്കുന്നത്.