Source :- SIRAJLIVE NEWS
ദുബൈ| ദുബൈയിൽ വരുന്നത് 200 കോടി ദിർഹമിന്റെ ഡാറ്റ സെന്റർ. ഇത് സംബന്ധിച്ച കരാറിൽ മൈക്രോസോഫ്റ്റും ടെലികോം സേവന ദാതാക്കളായ ഡുവും ഒപ്പുവെച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ. ഘട്ടം ഘട്ടമായി കേന്ദ്രം വികസിപ്പിക്കും. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ ദുബൈ എ ഐ വീക്കിലായിരുന്നു ധാരണ.
ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തിൽ ഒരു പ്രധാന നിക്ഷേപമാണ് ഈ പദ്ധതി. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവ സ്വീകരിക്കുന്നതിൽ ദുബൈയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തും.’ശൈഖ് ഹംദാൻ പറഞ്ഞു.
ശൈഖ് ഹംദാൻ ആദ്യത്തെ ദുബൈ സ്റ്റേറ്റ് ഓഫ് എഐ റിപ്പോർട്ട് അവലോകനം ചെയ്തു. സർക്കാർ സ്ഥാപനങ്ങൾക്കായുള്ള ദുബൈയുടെ എഐ നയ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു.
എ ഐ, പി എച്ച് ഡി പ്രോഗ്രാം
ദുബൈ എ ഐ വാരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ബർമിംഗ്ഹാം സർവകലാശാല ദുബൈയിൽ ആദ്യത്തെ എ ഐ പി എച്ച് ഡി പ്രോഗ്രാം പ്രഖ്യാപിച്ചു. ആഗോള നവീന കേന്ദ്രമാകാൻ ലക്ഷ്യമിട്ടാണ് പദ്ധതി. യു എ ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കമ്മീഷൻ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ (സി എ എ) അംഗീകരിച്ച പ്രോഗ്രാം, ദുബൈ എ ഐ വീക്കിൽ ശൈഖ് ഹംദാന്റെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു.
സ്മാർട്ട് സിറ്റി, ആരോഗ്യ സംരക്ഷണം, സുസ്ഥിരത, ഭാവി ഗതാഗതം തുടങ്ങിയ മേഖലകളിൽ നവീനതയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക പ്രതിഭകളെ വളർത്തുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.