Home LATEST NEWS malyalam പുതിയ വാർത്ത ദുബൈ ജനസംഖ്യ 40 ലക്ഷം കടന്നു; ഭവന വിപണിയില്‍ വന്‍ കുതിച്ചുചാട്ടം

ദുബൈ ജനസംഖ്യ 40 ലക്ഷം കടന്നു; ഭവന വിപണിയില്‍ വന്‍ കുതിച്ചുചാട്ടം

21
0

Source :- SIRAJLIVE NEWS

ദുബൈ | ദുബൈയുടെ ജനസംഖ്യ 40 ലക്ഷം എന്ന ചരിത്ര നാഴികക്കല്ല് പിന്നിട്ടു. ജനസംഖ്യയിലുണ്ടായ ഈ വര്‍ധന നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അഭൂതപൂര്‍വമായ മുന്നേറ്റത്തിനാണ് വഴിയൊരുക്കിയത്. കഴിഞ്ഞ വര്‍ഷം ദുബൈയിലെ ആകെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 919 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തിയതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊഴിലവസരങ്ങള്‍ വര്‍ധിച്ചതും ബിസിനസ് സ്ഥാപനങ്ങളുടെ വരവും അന്താരാഷ്ട്ര തലത്തിലുള്ള കുടിയേറ്റവുമാണ് ജനസംഖ്യാ വര്‍ധനക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ദുബൈ ലാന്‍ഡ് ഡിപാര്‍ട്ട്‌മെന്റ് (ഡി എല്‍ ഡി) പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 2025-ല്‍ മാത്രം രണ്ട് ലക്ഷത്തിലധികം ഇടപാടുകളിലൂടെ 680 ബില്യണ്‍ ദിര്‍ഹത്തിന്റെ വസ്തു വില്‍പന നടന്നു. മോര്‍ട്ട്‌ഗേജുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഇടപാടുകള്‍ കൂടി ചേര്‍ത്താണ് ആകെ മൂല്യം 919 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നത്. ഇത് ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക പ്രകടനമാണ്.

യു എ ഇ സെന്‍ട്രല്‍ ബേങ്ക് പലിശ നിരക്കുകളില്‍ വരുത്തിയ കുറവ് ഭവന വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പത്ത് മില്യണ്‍ ദിര്‍ഹത്തിന് മുകളിലുള്ള ആറായിരത്തോളം വന്‍കിട ഇടപാടുകളും കഴിഞ്ഞ വര്‍ഷം നടന്നു. 2040-ഓടെ ദുബൈയിലെ ജനസംഖ്യ 60 ലക്ഷത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനവും പുതിയ കെട്ടിടങ്ങളുടെ നിര്‍മാണവുമാണ് വരും വര്‍ഷങ്ങളില്‍ വിപണിയെ സ്വാധീനിക്കുകയെന്നാണ് വിലയിരുത്തല്‍.