Source :- SIRAJLIVE NEWS
തിരുവനന്തപുരം | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള ഭവനപദ്ധതിക്കായി കോണ്‍ഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് പുറത്തു വിടണമെന്നും വീട് പണിയണമെന്ന വാക്കു പാലിക്കണമെന്നുംആവശ്യപ്പെട്ട ഡി വൈ എഫ് ഐ നടത്തിയ കുടില്‍ കെട്ടല്‍ സമരത്തെ തള്ളി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ.
കോണ്‍ഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുള്ള വഴിയില്‍ കുടില്‍കെട്ടി സമരാഭാസം നടത്തുന്ന ഡി വൈ എഫ് ഐയുടെ നടപടി ഗുണ്ടായിസമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ വലിയ ആഘോഷത്തോടെ ഉദ്ഘാടനം നടത്തിയ ടൗണ്‍ഷിപ്പ് പദ്ധതി ഒരു മാസം പിന്നിട്ടിട്ടും പൂര്‍ത്തിയാകാതെ ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ കഴിഞ്ഞിട്ടില്ല. കൈമാറിയ വീടുകള്‍ പോലും പൂര്‍ണമായിട്ടില്ല. നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഒരു പി ആര്‍ എക്‌സൈസ് മാത്രമായിരുന്നു കൈമാറ്റം. ദുരന്തബാധിതരുടെ ഗതികേടിനെ പോലും സി പി എം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. ആത്മാര്‍ഥതയുണ്ടെങ്കില്‍ ഡി വൈ എഫ് ഐ സമരം ചെയ്യേണ്ടത് സര്‍ക്കാറിന്റെ ടൗണ്‍ഷിപ്പ് പദ്ധതിക്ക് മുന്നിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വേണ്ടിയിട്ടാണ് കോണ്‍ഗ്രസ് ഭവന പദ്ധതി പ്രഖ്യാപിച്ചത്. ആ പദ്ധതി മുടക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ഭൂമി ഏറ്റെടുക്കല്‍ വൈകിയതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ജനങ്ങളോട് ഉത്തരവാദിത്വമുള്ള പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ ആത്മാര്‍ത്ഥതയോടെ പാലിക്കുക തന്നെ ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയിലെ വഴിയില്‍ ഇന്ന് രാവിലെയാണ് ഡി വൈ എഫ് ഐ കുടില്‍കെട്ടി സമരം നടത്തിയത്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണം തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ വ്യക്തമാക്കി. ദുരന്തബാധിതരെ കോണ്‍ഗ്രസ് വഞ്ചിച്ചെന്നും ഡി വൈ എഫ് ഐ ആരോപിച്ചു. കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കുടില്‍ക്കെട്ടി സമരത്തിന് നേതൃത്വം നല്‍കിയ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അഭിപ്രായപ്പെട്ടു.



