Home LATEST NEWS malyalam പുതിയ വാർത്ത ജനീവയില്‍ ആണവ ചര്‍ച്ച; ഇറാന്‍ അതിര്‍ത്തിയില്‍ യുദ്ധ സന്നാഹ മൊരുക്കി അമേരിക്ക

ജനീവയില്‍ ആണവ ചര്‍ച്ച; ഇറാന്‍ അതിര്‍ത്തിയില്‍ യുദ്ധ സന്നാഹ മൊരുക്കി അമേരിക്ക

16
0

Source :- SIRAJLIVE NEWS

ടെഹ്‌റാന്‍ | ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ ജനീവയില്‍ പുരോഗമിക്കുന്നതിനിടെ അമേരിക്ക പശ്ചിമേഷ്യയില്‍ വന്‍തോതില്‍ സൈനിക വിന്യാസം നടത്തുന്നു. ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാന്‍ അതിര്‍ത്തിയില്‍ അമേരിക്ക യുദ്ധ സന്നാഹമൊരുക്കി 50 എഫ് 35, എഫ് 22, എഫ് 16 വിമാനങ്ങള്‍ വിന്യസിച്ചതായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇറാന്‍ കരാറിന് തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് അത്യാധുനിക പോര്‍വിമാനങ്ങളും യുദ്ധക്കപ്പലുകളുമാണ് അമേരിക്ക മേഖലയില്‍ വിന്യസിച്ചത്. അത്യാധുനിക പോര്‍വിമാനങ്ങള്‍ക്കു പുറമെ സി17 വിമാനങ്ങള്‍ വഴി വന്‍തോതില്‍ സൈനിക ഉപകരണങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് അമേരിക്ക എത്തിക്കുന്നുണ്ട്. യു എസ് എസ് എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ ഇറാന് സമീപത്തെ സമുദ്രാതിര്‍ത്തികളില്‍ നിലയുറപ്പിച്ചിട്ടുമുണ്ട്. യുഎസ്എസ് ഡെല്‍ബര്‍ട്ട് ഡി ബ്ലാക്ക് എന്ന ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയര്‍ കപ്പലും ഈജിപ്തിലെ സൂയസ് കനാലിലൂടെ മെഡിറ്ററേനിയനില്‍ നിന്ന് ചെങ്കടലിലേക്ക് സഞ്ചരിക്കുന്നതായും ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
യു എസ് നേവിയുടെ എം ക്യു-4സി ട്രൈറ്റണ്‍ നിരീക്ഷണ ഡ്രോണ്‍ ഗള്‍ഫിന് മുകളിലൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാറ്റലൈറ്റ് ചിത്രങ്ങളില്‍ വ്യക്തമാണ്. ഒരു നാവികവ്യൂഹം ഇറാന് നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു.

ഏതാനും ആഴ്ചകള്‍ നീണ്ടുനില്‍ക്കാവുന്ന ശക്തമായ സൈനിക നടപടികള്‍ക്ക് പെന്റഗണ്‍ തയ്യാറെടുക്കുന്നതായാണ് അന്തര്‍ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ട്രംപിന്റെ ഭീഷണിക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മുക്കുമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഇ മറുപടി നല്‍കിയത്. ഇതിന് പുറമേ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നാവികാഭ്യാസവും നടത്തിയിട്ടുണ്ട്.