Source :- SIRAJLIVE NEWS
വാഷിങ്ടണ്‍ | ചാന്ദ്ര ഗവേഷണ-പര്യവേക്ഷണ ദൗത്യങ്ങളില്‍ വന്‍ പരിഷ്‌കരണങ്ങള്‍ പ്രഖ്യാപിച്ച് അമേരിക്ക. പദ്ധതിയിലെ ലക്ഷ്യങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ചന്ദ്രനില്‍ ഗവേഷണ നിലയം സ്ഥാപിക്കുമെന്നതും സ്ഥിരം മനുഷ്യ സാന്നിധ്യം ഉറപ്പാക്കുമെന്നതുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെന്നത് പോലെ ആറു മാസം കൂടുമ്പോള്‍ ചാന്ദ്ര നിലയത്തിലേക്കും മനുഷ്യരെ അയക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം മനുഷ്യര്‍ക്ക് സ്ഥിരമായി താമസിക്കാന്‍ കഴിയുന്ന ഒരു കേന്ദ്രം പണിയാനാണ് നീക്കം. ഇതിന് ഏകദേശം 20 ബില്യണ്‍ ഡോളറാണ് ചെലവ് കണക്കാക്കുന്നത്.
പദ്ധതി വിജയിപ്പിക്കുന്നതിനായി സ്വകാര്യ കമ്പനികളുടെ സഹായം ഉറപ്പാക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കൂടുതല്‍ റോബോട്ടിക് ദൗത്യങ്ങളും പിന്നീട് നിലയ നിര്‍മാണവും നടക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ആര്‍ട്ടമിസ് 5ന് ശേഷം സ്ഥിരം കൂടുതല്‍ ദൗത്യങ്ങള്‍ ഉറപ്പാക്കും.
2029 ഓടെ ചാന്ദ്ര നിലയത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം ആരംഭിക്കാനും 2032 ഓടെ സ്ഥിരം ക്രൂ സാന്നിധ്യം പ്രാവര്‍ത്തികമാക്കാനുമാണ് ഉദ്ദേശിക്കുന്നത്. 2027 മുതല്‍ മാസം തോറും ചന്ദ്രനിലേക്ക് ദൗത്യങ്ങള്‍ നടത്തും.



